അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ബാസ്കറ്റ് ബോള്‍ ഇതിഹാസം ലിബ്രോൺ ജെയിംസ് എന്നിവരെ പിന്തള്ളിയാണ് റൊണാള്‍ഡോയുടെ നേട്ടം

റിയാദ്: ഫുട്ബോളില്‍ പ്രതാപകാലം പിന്നിട്ടെങ്കിലും ലോകത്തിലെ ഏറ്റവും ധനികനായ കായിക താരങ്ങളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി പോര്‍ച്ചുഗല്‍ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കഴിഞ്ഞ ദിവസം ഫോര്‍ബ്സ് മാഗസിന്‍ പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും ധനികരായ കായിക താരങ്ങളുടെ പട്ടികയിലാണ് റൊണാള്‍ഡോ 275 മില്യൺ ഡോളര്‍(2356 കോടി രൂപ) വരുമാനവുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ബാസ്കറ്റ് ബോള്‍ ഇതിഹാസം ലിബ്രോൺ ജെയിംസ് എന്നിവരെ പിന്തള്ളിയാണ് റൊണാള്‍ഡോയുടെ നേട്ടം. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് റൊണാള്‍ഡോ ലോകത്തിലെ ഏറ്റവും ധനികനായ കായിക താരമെന്ന റെക്കോര്‍ഡ് നിലനിര്‍ത്തുന്നത്. ബാസ്കറ്റ് ബോള്‍ താരം സ്റ്റീഫന്‍ കറി 156 മില്യണ്‍ രൂപയുടെ വരുമാനവുമായി രണ്ടാമതെത്തിയപ്പോള്‍ ബോക്സിംഗ് താരം ടൈസണ്‍ ഫ്യൂറി 146 മില്യണ്‍ ഡോളര്‍ വരുമാനവുമായി മൂന്നാമതെത്തി.

അമേരിക്കന്‍ ഫുട്ബോള്‍ താരം ഡാക് പ്രസ്കോട്ട് 137 മില്യണ്‍ ഡോളര്‍ വരുമാനവുമായി നാലാമതുള്ളപ്പോള്‍ അർജന്‍റീന നായകന്‍ ലിയോണല്‍ മെസിയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം 135 മില്യണ്‍ ഡോളര്‍(1157 കോടി രൂപ) ആണ്. ബാസ്കറ്റ് ബോള്‍ താരം ലെബ്രോണ്‍ ജെയിംസ് 133.8 മില്യണ്‍ ഡോളര്‍ വരുമാനവുമായി ആറാമതുള്ളപ്പോള്‍ ബേസ്ബോൾ താരം ജുവാന്‍ സോട്ടോ 114 മില്യണ്‍ ഡോളര്‍ വരുമാവുമായി ഏഴാമതുണ്ട്.

ഫ്രഞ്ച് ഫുട്ബോള്‍ താരം കരീന്‍ ബെന്‍സേമയാണ് റൊണാള്‍ഡോക്കും മെസിക്കും പുറമെ ടോപ് 10ല്‍ ഉള്‍പ്പെട്ട മറ്റൊരു ഫുട്ബോള്‍ താരം. 104 മില്യണ്‍ ഡോളര്‍ വരുമാനവുമായി ബെന്‍സേമ എട്ടാമത് എത്തിയപ്പോള്‍ ജാപ്പനീസ് ബേസ്ബോള്‍ താരം ഷോഹൈ ഓട്ടാനി 102.5 മില്യൺ ഡോളര്‍ വരുമാനവുമായി ഒമ്പതാമതും അമേരിക്കന്‍ ബാസ്കറ്റ് ബോള്‍ താരം കെവിന്‍ ഡുറന്‍റ് 101.4 മില്യണ്‍ ഡോളര്‍ വരുമാവുമായി പത്താമതുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക