നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്‍റസിനെയും വീഴ്ത്തിയ അയാക്സിന്‍റെ യുവനിര യൂറോപ്യൻ ഫുട്ബോളിലെ ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു.

ലണ്ടന്‍: യുവേഫ ചാമ്പ്യൻസ് ലീഗിൽ സെമിഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവും. ടോട്ടനം ആദ്യപാദ സെമിയിൽ അയാക്സിനെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക.

Add Asianetnews as a Preferred SourcegooglePreferred

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്‍റെ കരുത്തുമായി ടോട്ടനം. അഴകുള്ള ഡച്ച് ഫുട്ബോളിന്‍റെ നേരവകാശികളായ അയാക്സ്. ടോട്ടനത്തിന്‍റെ ഹോം ഗ്രൗണ്ടിൽ ആദ്യപാദ സെമിപോരിന് ഇറങ്ങുമ്പോൾ ഉഗ്രൻ പോരാട്ടം ഉറപ്പ്. കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തിയാണ് ടോട്ടനത്തിന്‍റെ മുന്നേറ്റം. പ്രീമിയർ ലീഗ് കിരീടമോഹം കൈവിട്ട പൊച്ചെറ്റീനോയുടെ ടോട്ടനത്തിന് സീസണിലെ അവസാന പ്രതീക്ഷയാണ് ചാമ്പ്യൻസ് ലീഗ്. ക്യാപ്റ്റൻ ഹാരി കെയ്ന് പരുക്കേറ്റതും പ്ലേ മേക്കർ ഹ്യൂംഗ് മിൻ സോൻ സസ്പെൻഷനിലായതും ടോട്ടനത്തിന് തിരിച്ചടിയാവും.

നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്‍റസിനെയും വീഴ്ത്തിയ അയാക്സിന്‍റെ യുവനിര യൂറോപ്യൻ ഫുട്ബോളിലെ ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു. യോഹാൻ ക്രൈഫിന്‍റെ പിൻഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്രെങ്കീ ഡി ജോംഗ്, മത്യാസ് ഡീ ലിഗ്റ്റ്, ഡോണീ വാൻ ഡി ബീക് തുടങ്ങിയവരിലാണ് അയാക്സിന്‍റെ പ്രതീക്ഷ. യൂറോപ്യൻ പോരിൽ ഇരുടീമും ഇതിനുമുൻപ് ഏറ്റുമുട്ടിയരണ്ടുതവണയും ജയം ടോട്ടനത്തിനൊപ്പം. രണ്ടാം സെമിയിൽ ലിവ‍ർപൂൾ നാളെ ബാഴ്സലോണയെ നേരിടും.