മുൻതൂക്കം സിറ്റി നിലനിർത്തുമോ, അതോ തിരിച്ചടിക്കുമോ റയൽ മാഡ്രിഡ് എന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് (UEFA Champions League) ഫൈനലില്‍ ലിവർപൂളിന്‍റെ (Liverpool FC) എതിരാളികളെ ഇന്നറിയാം. രണ്ടാം സെമിയുടെ രണ്ടാംപാദത്തില്‍ ഇന്ന് രാത്രി 12.30ന് റയൽ മാഡ്രിഡും (Real Madrid vs Man City) മാഞ്ചസ്റ്റർ സിറ്റിയും മുഖാമുഖം വരും. റയലിന്‍റെ തട്ടകത്തിലാണ് (Santiago Bernabeu Stadium) വമ്പന്‍ പോരാട്ടം. ആദ്യപാദ സെമിയിൽ മാഞ്ചസ്റ്റർ സിറ്റി 4-3ന് റയൽ മാഡ്രിഡിനെ തോൽപ്പിച്ചിരുന്നു. ആ മുൻതൂക്കം സിറ്റി നിലനിർത്തുമോ, അതോ തിരിച്ചടിക്കുമോ റയൽ മാഡ്രിഡ് എന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം.
ഇരു ടീമുകളും ഇഞ്ചോടിഞ്ച് നിൽക്കുന്ന പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ആരാധകർ. ഏഴ് ഗോള്‍ പിറന്ന ആദ്യപാദ സെമിയില്‍ സിറ്റി മൂന്നിനെതിരെ നാല് ഗോളിന് റയലിനെ തോല്‍പിച്ച് മുന്‍തൂക്കം നേടുകയായിരുന്നു. സിറ്റിക്കായി കെവിന്‍ ഡിബ്രൂയിനും ഗബ്രിയേല്‍ ജീസസും ഫീല്‍ ഫോഡനും ബെർണാഡോ സില്‍വയും ഗോള്‍ നേടിയപ്പോള്‍ റയല്‍ കുപ്പായത്തില്‍ കരീം ബെന്‍സേമ ഇരട്ട ഗോളും വിനീഷ്യസ് ജൂനിയർ ഒരു ഗോളും നേടി.
രണ്ടാം പാദ സെമിയിൽ വിയ്യാറയലിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ചാണ് ലിവര്‍പൂള്‍ ഫൈനലിലെത്തിയത്. രണ്ട് പാദങ്ങളിലുമായി രണ്ടിനെതിരെ അഞ്ച് ഗോളിനാണ് ലിവര്‍പൂളിന്‍റെ ജയം. വിയ്യാറയലിന്‍റെ തട്ടകത്തിലായിരുന്നു രണ്ടാംപാദം. പകരക്കാരനായി ലൂയിസ് ഡിയാസിന്‍റെ വരവാണ് കളി ലിവര്‍പൂളിന്‍റെ വരുതിയിലാക്കിയത്.
ആദ്യ പകുതിയിൽ വിയ്യാറയല്‍ രണ്ട് ഗോളിന് മുന്നിലെത്തിയതോടെ അട്ടിമറി സാധ്യത ഉണര്‍ന്നിരുന്നു. എന്നാൽ ലൂയിസ് ഡിയാസിന്‍റെ വരവോടെ രണ്ടാം പകുതിയിൽ ഉണര്‍ന്നുകളിച്ച ലിവര്‍പൂള്‍, വിയ്യാറയലിന്‍റെ പ്രതീക്ഷകള്‍ ഗോള്‍വലയ്‌ക്ക് പുറത്താക്കി. 12 മിനിറ്റിനിടെ മൂന്ന് ഗോള്‍ തിരിച്ചടിച്ച ലിവര്‍പൂൾ ഫൈനൽ ബര്‍ത്ത് ഉറപ്പാക്കുകയായിരുന്നു. 62-ാം മിനിറ്റില്‍ ഫാബിഞ്ഞോ, 67-ാം മിനിറ്റില്‍ ലൂയിസ് ഡിയാസ്, 74-ാം മിനിറ്റില്‍ സാദിയോ മാനേ എന്നിവരാണ് ഗോളുകള്‍ നേടിയത്. സീസണിലെ ഏറ്റവും മികച്ച സൈനിംഗ് എന്ന് ഇതിന് പിന്നാലെ ഡിയാസ് വാഴ്ത്തപ്പെടുകയാണ്.
UCL : ഗോളവതാരമായി ലൂയിസ് ഡിയാസ്; വിയ്യാറയലിനെ മറികടന്ന് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍
