നാപ്പോളി പ്രീമിയര്‍ ലീഗ് വമ്പന്‍മാരും ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ റണ്ണേഴ്സ് അപ്പുമായ ലിവര്‍പൂളിനെ തോല്‍പ്പിച്ചു

ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ഹാട്രിക്ക് ഗോളില്‍ ചെക്ക് റിപ്പബ്ലിക്കന്‍ ക്ലബായ വിക്ടോറിയ പ്ലസന്നെ തകര്‍ത്ത് ബാര്‍സിലോണ. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ബാഴ്സയുടെ ജയം. ലെവന്‍ഡോവ്‌സ്‌കി ആദ്യപകുതിയില്‍ രണ്ട് ഗോളുകളും രണ്ടാംപകുതിയില്‍ ഒരു ഗോളും നേടി. ഗ്രൂപ്പ് പോരാട്ടത്തില്‍ വരുന്ന ചൊവ്വാഴ്ച ബയേണ്‍ മ്യൂണിക്കിനെ ബാഴ്‌സ നേരിടും.

മറ്റൊരു ഗ്രൂപ്പ് പോരാട്ടത്തില്‍ ഇറ്റാലിയന്‍ ക്ലബായ നാപ്പോളി പ്രീമിയര്‍ ലീഗ് വമ്പന്‍മാരും ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ റണ്ണേഴ്സ് അപ്പുമായ ലിവര്‍പൂളിനെ തോല്‍പ്പിച്ചു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു നാപ്പോളിയുടെ ജയം. നാപ്പോളിക്കായി സെലന്‍സ്ക്കി രണ്ട് ഗോളുകളും ആന്‍ഡ്രേ ഫ്രാങ്ക് സാംബോയും ജിയോവണി സിമിയോണും ഓരോ ഗോള്‍ വീതവും നേടി. നാല്‍പ്പത്തിയൊന്‍പതാം മിനിറ്റില്‍ ലൂയിസ് ഡയസാണ് ലിവര്‍പൂളിന്‍റെ ഏക ഗോള്‍ നേടിയത്. ഗ്രൂപ്പ് പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക്ക് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇന്‍റര്‍ മിലാനെ തോല്‍പ്പിച്ചു. 

മുന്‍ മത്സരഫലങ്ങള്‍

ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ നടന്ന വമ്പൻമാരുടെ പോരാട്ടത്തിൽ പിഎസ്‌ജി ജയം സ്വന്തമാക്കിയിരുന്നു. യുവന്‍റസിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് പിഎസ്‌ജി തോൽപ്പിച്ചത്. പിഎസ്ജിയുടെ രണ്ട് ഗോളും നേടിയത് കിലിയൻ എംബപ്പെയായിരുന്നു. 6, 22 മിനിറ്റുകളിലായിരുന്നു എംബപ്പെയുടെ ഗോളുകൾ. അമ്പത്തിമൂന്നാം മിനിറ്റിൽ വെസ്റ്റണ്‍ മെക്കെനിയിലൂടെ വകയായിരുന്നു യുവന്‍റസിന്‍റെ ഗോൾ. അതേസമയം നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡും വമ്പൻ ജയത്തോടെ തുടങ്ങി. എതിരില്ലാത്ത മൂന്ന് ഗോളിന് സെൽറ്റിക്കിനെ തോൽപ്പിച്ചു. വിനീഷ്യസ് ജൂനിയര്‍, ലൂക്ക മോഡ്രിച്ച്, എയ്ഡൻ ഹസാര്‍ഡ് എന്നിവരാണ് റയലിന്‍റെ സ്കോറര്‍മാര്‍.

എര്‍ലിങ്ങ് ഹാലണ്ടിന്റെ മികവിൽ മാഞ്ചസ്റ്റര്‍ സിറ്റിയും വമ്പൻ ജയം നേടി. എതിരില്ലാത്ത നാല് ഗോളിനാണ് സിറ്റി സെവിയ്യയെ തകര്‍ത്തത്. ഹാലണ്ട് ഇരട്ട ഗോൾ നേടി. ഫിൽ ഫോഡൻ, റൂബൻ ഡിയാസ് എന്നിവരാണ് സിറ്റിയുടെ മറ്റ് സ്കോറര്‍മാര്‍. അതേസമയം ചെൽസിക്ക് തോൽവി പിണഞ്ഞു. ഡൈനാമോ സാഗ്രെബ് ആണ് ഒറ്റ ഗോളിന് ചെൽസിയെ അട്ടിമറിച്ചത്. പതിമൂന്നാം മിനിറ്റിൽ മിസ്ലാവ് ഓര്‍സിച്ചാണ് വിജയ ഗോൾ നേടിയത്. ജര്‍മ്മൻ ടീം ബൊറൂസിയ ഡോര്‍ഡ്മുണ്ടും തകര്‍പ്പൻ ജയത്തോടെ തുടങ്ങി. എഫ് സി കോപ്പൻഹേഗനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബൊറൂസിയ തോൽപ്പിച്ചത്.

'രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവ് എളുപ്പമാവില്ല'; ആരാധകരെ നിരാശരാക്കി മുന്‍താരത്തിന്‍റെ വാക്കുകള്‍