ബെര്‍ഗാമോ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ആദ്യപാദ പ്രീക്വാർട്ടറിൽ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും ഇന്നിറങ്ങും. രാത്രി ഒന്നരയ്ക്കാണ് രണ്ട് കളിയും തുടങ്ങുക.

പരുക്കിൽ നട്ടംതിരിയുന്ന റയൽ മാഡ്രിഡിന്റെ എതിരാളികൾ ഇറ്റാലിയൻ ക്ലബ് അറ്റലാന്റയാണ്. എവേ മത്സരത്തിനിറങ്ങുമ്പോൾ കോച്ച് സിനദിൻ സിദാനൊപ്പം ടീമിൽ 12 സീനിയർ താരങ്ങൾ മാത്രം. ക്യാപ്റ്റൻ സെർജിയോ റാമോസ്, എഡൻ ഹസാർഡ്, റോഡ്രിഗോ, മാർസലോ, എഡർ മിലിറ്റാവോ, ഫെഡെ വെൽവെർദേ തുടങ്ങിയവർക്കൊപ്പം ഗോൾവേട്ടയിലെ പ്രധാന പ്രതീക്ഷയായ കരീം ബെൻസേമ കൂടി പരിക്കേറ്റ് പുറത്തായത് റയലിന് ഇരട്ടപ്രഹരമായി. 

ഇതോടെ ടോണി ക്രൂസിനും ലൂക്ക മോഡ്രിച്ചിനും കാസിമിറോയ്ക്കും വിശ്രമിക്കാൻ നേരമുണ്ടാവില്ല. റയൽ ചാമ്പ്യൻസ് ലീഗിൽ അറ്റലാന്റയെ നേരിടുന്നത് ആദ്യമായാണ്. 

പ്രീമിയർ ലീഗിൽ അപരാജിത കുതിപ്പ് നടത്തുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ജർമ്മൻ ക്ലബ് ബൊറൂസ്യ മോഞ്ചൻഗ്ലാഡ്ബാക്കാണ് എതിരാളികൾ. സെർജിയോ അഗ്യൂറോയും കെവിൻ ഡിബ്രൂയിനും പരിക്കിൽ നിന്ന് മോചിതരായി തിരിച്ചെത്തുന്നത് സിറ്റിയുടെ കരുത്ത് കൂട്ടും. റഹിം സ്റ്റെർലിംഗും ഫിൽ ഫോ‍ഡനും ഗുൺഡോഗനും മികച്ച ഫോമിൽ. 1977ന് ശേഷം ആദ്യമായാണ് മോഞ്ചൻഗ്ലാഡ്ബാക്ക് യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ പോരിനിറങ്ങുന്നത്. ഇരുടീമും മുൻപ് നാല് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. മൂന്നിലും സിറ്റി ജയിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ അവസാനിച്ചു.

ഇന്നലെ നടന്ന ആദ്യപാദ പ്രീക്വാർട്ടര്‍ മത്സരങ്ങളില്‍ അത്‍ലറ്റിക്കോ മാഡ്രിഡിനെ ഒലിവർ ജിറൂഡിന്റെ വണ്ടർ ഗോളില്‍ ചെല്‍സി തളച്ചപ്പോള്‍(0-1) ലാസിയോയെ ഒന്നിനെതിരെ നാല് ഗോളിന് തരിപ്പിണമാക്കി ബയേണ്‍. 

പരിശീലകനായി തോമസ് ടൂഹൽ ചുമതലയേറ്റത്തിന് ശേഷം കളിച്ച എട്ട് മത്സരങ്ങളിൽ ഒന്നിൽ പോലും ചെൽസി പരാജയം അറിഞ്ഞിട്ടില്ല. അതേസമയം പരിക്കുമൂലം പ്രധാന എട്ട് താരങ്ങളില്ലാതെ ഇറങ്ങിയിട്ടും വമ്പന്‍ ജയം നേടുകയായിരുന്നു ബയേണ്‍. മത്സരത്തിന്റെ ആദ്യ പാദത്തിൽ തന്നെ ബയേൺ നാല് ഗോളുകൾ നേടിയപ്പോൾ നാൽപത്തിയേഴാം മിനിറ്റിലാണ് ലാസിയോയ ആശ്വാസഗോൾ കണ്ടെത്തിയത്. 

ചാമ്പ്യൻസ് ലീഗ്: ജിറൂദിന്റെ വണ്ടർ ഗോളില്‍ ചെല്‍സി, ബയേണിന് വമ്പന്‍ ജയം