സീസണിൽ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും ജയിച്ച യുർഗൻ ക്ലോപ്പിന്‍റെ ലിവർപൂൾ അവസാന ആറ് കളിയിൽ തോൽവി അറിഞ്ഞിട്ടില്ല

മിലാന്‍: യുവേഫ ചാമ്പ്യൻസ് ലീഗിൽ (UEFA Champions League 2021-22) ലിവർപൂളും ബയേൺ മ്യൂണിക്കും ഇന്നിറങ്ങും. രാത്രി ഒന്നരയ്ക്കാണ് കളി തുടങ്ങുക. പ്രീക്വാർട്ടറിലെ ആദ്യപാദത്തിൽ ഇംഗ്ലീഷ് കരുത്തരായ ലിവർപൂളിന് ഇറ്റാലിയൻ ചാമ്പ്യൻമാരായ ഇന്‍റര്‍ മിലാനാണ് (Inter vs Liverpool) എതിരാളികൾ. മുൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് ഓസ്ട്രിയൻ ക്ലബ് സാൽസ്ബർഗുമായി (RB Salzburg vs Bayern) ഏറ്റുമുട്ടും. 

സീസണിൽ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും ജയിച്ച യുർഗൻ ക്ലോപ്പിന്‍റെ ലിവർപൂൾ അവസാന ആറ് കളിയിൽ തോൽവി അറിഞ്ഞിട്ടില്ല. ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിന് ശേഷം മുഹമ്മദ് സലായും സാദിയോ മാനേയും തിരിച്ചെത്തിയതോടെ ലിവർപൂൾ പൂർണ സജ്ജം. ഇവർക്കൊപ്പം മുന്നേറ്റത്തിൽ ഡിഗോ ജോട്ടകൂടി ചേരുമ്പോൾ ഇന്‍റര്‍ പ്രതിരോധനിരയ്ക്ക് വിശ്രമിക്കാൻ നേരമുണ്ടാവില്ല. എഡൻ സേക്കോ, ലൗറ്ററോ മാർട്ടിനസ് എന്നിവരിലൂടെയാവും ഇന്‍ററിന്‍റെ മറുപടി. പകരക്കാരായി ലിവ‍ർപൂളിന് റോർബർട്ടോ ഫിർമിനോയും ഇന്‍ററിന് അലക്സിസ് സാഞ്ചസുമുണ്ട്. ഇന്‍ററിന്‍റെ മൈതാനത്താണ് മത്സരം. ഇരു ടീമും ഇതിന് മുൻപ് നാല് കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. മൂന്നിലും ജയം ലിവർ‍പൂളിനൊപ്പമായിരുന്നേല്‍ ഇന്‍റർ ജയിച്ചത് ഒറ്റക്കളിയിലാണ്. 

ചാമ്പ്യൻസ് ലീഗിന്‍റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ഓസ്ട്രിയൻ ക്ലബായ സാൽസ്ബർഗിന് റോബർട്ട് ലെവൻഡോവ്സ്‌കി ഉൾപ്പെട്ട ബയേൺ മ്യൂണിക്കിനെ പിടിച്ചുനിർത്തുക എളുപ്പമാവില്ല. സീസണിൽ 30 കളിയിൽ ലെവൻഡോവ്സ്‌കി 37 ഗോൾ നേടിക്കഴിഞ്ഞു. ലിറോയ് സാനേ, തോമസ് മുള്ളർ, സെർജി ഗ്നാബ്രി എന്നിവരും സാൽസ്ബർഗിന് നിരന്തരം ഭീഷണിയുയർത്തും. കാൽമുട്ടിലെ ശസ്ത്രക്രിയയ്ക്ക് വിധേനായ മാനുവൽ നോയർ ഇല്ലാതെയാവും ബയേൺ ഇറങ്ങുക. പകരം സ്വൻ യൂൾറിച്ച് പോസ്റ്റിന് മുന്നിലെത്തും. കഴിഞ്ഞ സീസണിൽ ഗ്രൂപ്പ് ഘട്ടത്തിലും ഇരു ടീമും ഏറ്റുമുട്ടിയിരുന്നു. അന്ന് ആദ്യപാദത്തിൽ രണ്ടിനെതിരെ ആറ് ഗോളിനും രണ്ടാംപാദത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിനും ബയേൺ ജയിച്ചു.

ഇന്നലെ നടന്ന പ്രീക്വാർട്ടർ ആദ്യപാദത്തിൽ റയൽ മാഡ്രിഡിനെ പിഎസ്‌ജി തോല്‍പിച്ചു. പാരീസിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്‌ജിയുടെ ജയം. ഇഞ്ചുറിടൈമിൽ (90+4) കിലിയൻ എംബാപ്പെയാണ് ഫ്ര‌ഞ്ച് ക്ലബിനായി വിജയഗോൾ നേടിയത്. പരിക്ക് മാറി തിരിച്ചെത്തിയ നെയ്‌മറാണ് ഗോളിന് വഴിയൊരുക്കിയത്. മറ്റൊരു മത്സരത്തിൽ സ്പോട്ടിങ് ലിസ്ബണിനെ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്തു. ബെർണാഡോ സിൽവ ഇരട്ട ഗോളുകൾ നേടി. റിയാദ് മെഹ്റസ്, ഫിൽ ഫോഡൻ, റഹീം സ്റ്റെർലിങ് എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. മാർച്ച് 10നാണ് രണ്ടാംപാദ മത്സരം. 

Scroll to load tweet…

UCL : റയലിനെ തുരത്തി എംബാപ്പെയും പിഎസ്‌ജിയും, മെസി പെനാല്‍റ്റി പാഴാക്കി! സിറ്റിക്ക് ഗോള്‍വര്‍ഷം