ബയേണ്‍ ഓസ്ട്രിയൻ ക്ലബ്ബായ സാൽസ്ബെർഗിനോടാണ് സമനില വഴങ്ങിയത്
മിലാന്‍: യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ (UEFA Champions League 2021-22) ആദ്യപാദ പ്രീക്വാർട്ടറിൽ ലിവർപൂളിന് (Liverpool FC) ജയം. ഇന്‍റർ മിലാനെ (Inter Milan) എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചു. രണ്ടാംപകുതിയിലായിരുന്നു രണ്ടുഗോളും. എഴുപത്തിയഞ്ചാം മിനിറ്റിൽ റോബർട്ടോ ഫിർമിനോയും (Roberto Firmino) എൺപത്തിമൂന്നാം മിനിറ്റിൽ മുഹമ്മദ് സലായുമാണ് (Mohamed Salah) ഗോൾ നേടിയത്. രണ്ടാംപാദ മത്സരം മാർച്ച് എട്ടിന് ലിവർപൂളിന്‍റെ മൈതാനത്ത് നടക്കും.
ചാമ്പ്യൻസ് ലീഗിൽ ബയേണ്‍ മ്യൂണിക്കിന് സമനില കുരുക്കായി. ഓസ്ട്രിയൻ ക്ലബ്ബായ സാൽസ്ബെർഗിനോടാണ് സമനില വഴങ്ങിയത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. 21-ാം മിനുട്ടിൽ അഡാമുവിലൂടെ സാൽസ്ബർഗ് ബയേണിനെ ഞെട്ടിച്ചു. 90-ാം മിനുട്ടിൽ കിംഗ്സ്ലി കോമാൻ നേടിയ ഗോളിലൂടെയാണ് ബയേൺ സമനിലയുമായി രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം നടന്ന പ്രീക്വാർട്ടർ ആദ്യപാദത്തിൽ റയൽ മാഡ്രിഡിനെ പിഎസ്‌ജി തോല്‍പിച്ചിരുന്നു. പാരീസിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്‌ജിയുടെ ജയം. ഇഞ്ചുറിടൈമിൽ (90+4) കിലിയൻ എംബാപ്പെയാണ് ഫ്രഞ്ച് ക്ലബിനായി വിജയഗോൾ നേടിയത്. പരിക്ക് മാറി തിരിച്ചെത്തിയ നെയ്‌മറാണ് ഗോളിന് വഴിയൊരുക്കിയത്. മറ്റൊരു മത്സരത്തിൽ സ്പോട്ടിങ് ലിസ്ബണിനെ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്തു. ബെർണാഡോ സിൽവ ഇരട്ട ഗോളുകൾ നേടി. റിയാദ് മെഹ്റസ്, ഫിൽ ഫോഡൻ, റഹീം സ്റ്റെർലിങ് എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. മാർച്ച് 10നാണ് രണ്ടാംപാദ മത്സരം.
UCL : റയലിനെ തുരത്തി എംബാപ്പെയും പിഎസ്‌ജിയും, മെസി പെനാല്‍റ്റി പാഴാക്കി! സിറ്റിക്ക് ഗോള്‍വര്‍ഷം
