ലണ്ടന്‍: കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് ഫൈനലുകൾ യുവേഫ മാറ്റിവെച്ചു. മെയിൽ നടക്കേണ്ടിയിരുന്ന ഫൈനലുകൾ ജൂണിലേക്കാണ് മാറ്റിയത്. യൂറോപ്പ ലീഗ് ഫൈനൽ ജൂൺ 23നും ചാമ്പ്യൻസ് ലീഗ് ഫൈനൽ ജൂൺ 27നും നടത്താന്‍ യുവേഫയുടെ അടിയന്തര യോഗത്തില്‍ തീരുമാനമായി. 

ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ മേയിൽ പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ് യുവേഫ. യൂറോ കപ്പ് 2021ലേക്ക് മാറ്റിയതിനാൽ ജൂൺ അവസാനം വരെ എല്ലാ ക്ലബുകൾക്കും താരങ്ങളെ ലഭിക്കുകയും ചെയ്യും. താരങ്ങളുടെ കരാറുകൾ ജൂൺ അവസാനം വരെ ആക്കാനും യുവേഫ നിർദേശം നൽകിയിട്ടുണ്ട്. 

യൂറോ കപ്പ് അടുത്ത വർഷം

യൂറോകപ്പ് ഫുട്ബോൾ അടുത്ത വ‍ർഷത്തേക്കാണ് മാറ്റിവച്ചത്. യുവേഫയുടെ അടിയന്തര യോഗമാണ് ഈവർഷം ജൂൺ 12 മുതൽ ജൂലൈ 12 വരെ യൂറോപ്പിലെ 12 നഗരങ്ങളിൽ നടക്കേണ്ട യൂറോകപ്പ് മാറ്റിവച്ചത്. ഇതേവേദികളിൽ അടുത്ത വ‍‍ർഷം ജൂൺ 11 മുതൽ ജൂലൈ 11 വരെയാണ് യൂറോകപ്പ് ഇനി നടക്കുക. യുവേഫ നേഷൻസ് ലീഗും യൂറോ അണ്ട‍ർ 21 ചാമ്പ്യൻഷിപ്പും അടുത്തവർഷത്തേക്ക് മാറ്റിയിട്ടുണ്ട്.

ഇതോടൊപ്പം വിവിധ രാജ്യങ്ങളിലെ ലീഗുകൾ ഇപ്പോഴത്തെ പോയിന്‍റ് നിലയിൽ അവസാനിപ്പിക്കാനും യുവേഫ ആലോചിക്കുന്നു. നിലവിൽ ഏപ്രിൽ നാലു വരെയാണ് ഇംഗ്ലണ്ടിലും സ്പെയ്‍നിലും ലീഗുകൾ നി‍ർത്തിവച്ചിരിക്കുന്നത്. ജ‍ർമനിയിൽ ഏപ്രിൽ രണ്ടുവരെയും ഇറ്റലിയിലും ഫ്രാൻസിലും അനിശ്ചിത കാലത്തേക്കുമാണ് ലീഗുകൾ നിർത്തിവച്ചത്.