റോം: യൂറോപ്യന്‍ ഫുട്ബോളിലെ രാജാക്കന്‍മാരെ തെരഞ്ഞെടുക്കുന്ന യൂറോ കപ്പിന് കിക്കോഫാകാന്‍ മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. യൂറോ കപ്പ് ആവേശത്തിലേക്ക് വഴുതിവീഴും മുമ്പ് ഇത്തവണത്തെ രസകരമായ ചില കണക്കുകള്‍ പരിശോധിക്കാം. 
 
ഇത്തവണ മാറ്റുരയ്‌ക്കുന്ന ടീമുകളിൽ ഏറ്റവും യങ് ടീം തുർക്കിയാണ്. താരങ്ങളുടെ ശരാശരി പ്രായം 25. എന്നാൽ പരിചയസമ്പന്നരുടെ ടീം ഏതെന്ന് ചോദിച്ചാൽ ഉത്തരം ബെൽജിയം എന്നായിരിക്കും. ടീമിലെ എല്ലാ കളിക്കാരും കൂടി ആകെ ഇതുവരെ കളിച്ചത് 1338 മത്സരങ്ങള്‍. ടീമിലെ നാല് കളിക്കാർ 100 മത്സരങ്ങൾ പിന്നിട്ടവരാണ് എന്നതും ബെല്‍ജിയത്തിന്‍റെ സവിശേഷതയാണ്. 

എന്നാൽ യൂറോ ജേഴ്‌സി അണിയുന്നവരില്‍ ഏറ്റവുമധികം രാജ്യാന്തര മത്സരങ്ങൾ കളിച്ച താരം പോര്‍ച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 175 മത്സരങ്ങള്‍ റോണോ പൂർത്തിയാക്കി. കൂടുതൽ ഗോളടിച്ച താരവും ക്രിസ്റ്റ്യാനോ തന്നെ. 104 തവണ റോണോ വല ചലിപ്പിച്ചു. ഇത്തവണ ടീമുകളിലെ താരങ്ങളുടെ എണ്ണത്തിലും ഒരു വ്യത്യാസമുണ്ട്. ഇതുവരെ ഓരോ ടീമും 23 അംഗ സംഘത്തെയാണ് അയക്കാറെങ്കിലും ഇത്തവണ 26 പേരെ അയയ്‌ക്കാൻ അനുമതിയുണ്ട്.  

റോമില്‍ ഇന്ന് തുര്‍ക്കി-ഇറ്റലി പോരാട്ടത്തോടെയാണ് യൂറോ കപ്പിന് കിക്കോഫാകുക. ഒളിംപിക്‌ സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്‌ക്കാണ് മത്സരം. പതിനൊന്ന് വേദികളിലായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 24 ടീമുകള്‍ ബൂട്ടണിയും. 2020ൽ നടക്കേണ്ടിയിരുന്ന യൂറോ കപ്പ് കൊവിഡ് കാരണം ഈ വർഷത്തേക്ക് മാറ്റിവയ്‌ക്കുകയായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോർച്ചുഗലാണ് നിലവിലെ ചാമ്പ്യൻമാർ. 

ഇനി യൂറോ ആരവം; തുര്‍ക്കി- ഇറ്റലി കിക്കോഫ് രാത്രി

യൂറോ കപ്പ്: ഏറ്റവും വലിയ വെല്ലുവിളി ഏത് ടീമെന്ന് വ്യക്തമാക്കി ജർമൻ പരിശീലകന്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona