സന്തോഷം ഇരട്ടിയാക്കാനാണ് സെന്‍റ് പീറ്റേഴ്‌സ്‌ബർഗിൽ ഫിൻലൻഡ് ഇന്നിറങ്ങുന്നത്. റഷ്യക്കെതിരെ ജയിച്ചാൽ അരങ്ങേറ്റ യൂറോയിൽ അവർ രണ്ടാം റൗണ്ടുറപ്പിക്കും. 

സെന്‍റ് പീറ്റേഴ്‌സ്‌ബർഗ്: യൂറോ കപ്പിൽ ഇന്നത്തെ ആദ്യ മത്സരം ഗ്രൂപ്പ് ബിയില്‍ ഫിൻലൻഡും റഷ്യയും തമ്മില്‍. ജയിച്ചാൽ ഫിൻലൻഡ് പ്രീ ക്വാർട്ടർ ബർത്ത് ഏറെക്കുറെ ഉറപ്പിക്കും. വൈകിട്ട് 6.30നാണ് ഫിന്‍ലന്‍ഡ്-റഷ്യ മത്സരം. രണ്ടാം മത്സരത്തിൽ ഗ്രൂപ്പ് എയിൽ തുർക്കി വെയ്ൽസിനെ നേരിടും. രാത്രി 9.30നാണ് തുര്‍ക്കിയും വെയ്‌ല്‍സും മുഖാമുഖം വരിക. 

ഫിൻലൻഡിന് ഏറെ പ്രതീക്ഷകള്‍

സംഭവബഹുലമായ ഒന്നാം ദിവസമായിരുന്നു നവാഗതരായ ഫിൻലൻഡിന് യൂറോ കപ്പിലേത്. ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യൻ എറിക്സന്‍റെ വീഴ്ചയും കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളും. ഒടുവിൽ പോജാൻപാലോയുടെ ഹെഡറിലൂടെ അവിസ്‌മരണീയമായ ആദ്യ ജയം. സന്തോഷം ഇരട്ടിയാക്കാനാണ് സെന്‍റ് പീറ്റേഴ്‌സ്‌ബർഗിൽ ഫിൻലൻഡ് ഇന്നിറങ്ങുന്നത്. റഷ്യക്കെതിരെ ജയിച്ചാൽ അരങ്ങേറ്റ യൂറോയിൽ അവർ രണ്ടാം റൗണ്ടുറപ്പിക്കും. ഡെൻമാർക്കിനെതിരെ പുറത്തെടുത്ത മികവ് ആവർത്തിക്കാനാവും ശ്രമം. ജയിച്ചെങ്കിലും മുൻനിര പ്രതീക്ഷക്കൊത്തുയർന്നില്ലെന്നാണ് കോച്ച് കനേർവയുടെ വിലയിരുത്തൽ.

മറുവശത്ത് ബെൽജിയത്തിന് മുന്നിൽ തകർന്നടിഞ്ഞാണ് റഷ്യയുടെ വരവ്. ബെൽജിയത്തിന്‍റെ പ്രത്യാക്രമണങ്ങളിലാണ് റഷ്യക്ക് പിഴച്ചത്. ഫിൻലൻഡ് അതേ അടവെടുക്കുന്നവർ. പ്രതിരോധം തന്നെയാവും ചെർച്ചെസോവിന്‍റെ സംഘത്തിന് വെല്ലുവിളി. നേർക്കുനേർ പോരിൽ റഷ്യക്ക് മേധാവിത്വമുണ്ട്. പതിനെട്ട് കളികളിൽ ഒരു തവണ മാത്രമേ അവർ ഫിൻലൻഡിനോട് തോറ്റിട്ടുളളൂ. അതും 1912ലെ ഒളിംപിക്‌സിൽ.

തുര്‍ക്കി വെയ്‌ല്‍സിനെതിരെ 

യൂറോ കപ്പിൽ ആദ്യ ഗോളടിച്ചത് തുർക്കിയാണ്, സെൽഫ് ഗോളെന്ന് മാത്രം. സ്വിറ്റ്സ‍ർലൻഡിനെ സമനിലയിൽ കുരുക്കിയ വെയ്ൽസ് യുവതുർക്കികൾക്ക് വെല്ലുവിളിയാകും. ഇറ്റലിക്കെതിരെ വാങ്ങിക്കൂട്ടിയ മൂന്ന് ഗോൾ കടമുണ്ട് തുർക്കിക്ക്. മധ്യനിരയിൽ കോച്ച് ജുനേസ് മാറ്റങ്ങൾ വരുത്തിയേക്കും. അവസാന ഗ്രൂപ്പ് മത്സരത്തിൽ നേരിടേണ്ടത് ഇറ്റലിയെ ആണെന്നത് വെയ്ൽസിന്‍റെ സമ്മർദം കൂട്ടുന്നു. തുർക്കിക്കെതിരെ മൂന്ന് പോയിന്‍റ് ഉറപ്പിക്കാനാവും അവരുടെ ശ്രമം. കീഫർ മൂർ വീണ്ടും ലക്ഷ്യം കാണുമെന്നും ഗാരെത് ബെയിലിന്‍റെ ഗോൾ വരൾച്ച അവസാനിക്കുമെന്നും വെയ്ൽസിന് പ്രതീക്ഷ.

കൂടുതല്‍ യൂറോ വാര്‍ത്തകള്‍...

യൂറോയില്‍ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ അസൂറികള്‍; വിറപ്പിക്കുമോ സ്വിറ്റ്സ‍ർലൻ‍ഡ്

റൊണാള്‍ഡോ അജയ്യനായ രാത്രി; യൂറോയില്‍ റെക്കോര്‍ഡുകള്‍ തൂത്തുവാരി

മരണഗ്രൂപ്പില്‍ സെല്‍ഫ് ഗോളിന്റെ ബലത്തില്‍ ഫ്രാന്‍സ്; ജര്‍മനിക്ക് തോല്‍വി

കൊവിഡ് കാലത്ത് മനസ് നിറച്ച ഗാലറി; നിറഞ്ഞ് തുളുമ്പി പുഷ്‌കാസ് അറീന

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona