ഫിഫ റാങ്കിംഗിൽ ജർമ്മനി പതിനാറാമതും സ്കോട്‍ലൻഡ് മുപ്പത്തിയൊൻപതാം സ്ഥാനത്തുമാണ്. ഇരു ടീമുകളും ഇതുവരെ നേർക്കുനേർ വന്നത് പതിനേഴ് കളികളില്‍

മ്യൂണിക്ക്: യൂറോ കപ്പിലെ ഉദ്ഘാടന മത്സരത്തിൽ ജർമ്മനി ഇന്ന് സ്കോട്‍ലൻഡിനെ നേരിടും. ബയേൺ മ്യൂണിക്കിന്‍റെ ഹോം ഗ്രൗണ്ടായ അലയൻസ് അരീനയിൽ രാത്രി പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക. സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ലൈവ് സ്ട്രീമിംഗില്‍ സോണി ലിവ് ആപ്പിലും ഇന്ത്യയില്‍ മത്സരം തത്സമയം കാണാനാകും. അലയൻസ് അരീനയിലെ ഓരോ മണൽത്തരിയും പുൽക്കൊടിയും നന്നായി അറിയാം ജർമ്മൻ നിരയ്ക്ക്. കരുത്തിലും കണക്കിലും സ്കോട്‍ലൻഡിനെക്കാൾ ഏറെ മുന്നിലാണെങ്കിലും ഉദ്ഘാടന മത്സരത്തിന് ഇറങ്ങുമ്പോൾ ജർമ്മനിയുടെ ചങ്കിടിപ്പിന് ഒട്ടും കുറവുണ്ടാവില്ല.

പ്രധാന ടൂർണമെന്‍റുകളിൽ ആദ്യ കടമ്പയിൽ തട്ടിവീഴുന്ന നടുക്കുന്ന ഓർമ്മകളാണ് ജർമ്മൻ താരങ്ങളുടേയും ആരാധകരുടേയും ചങ്കിടിപ്പേറ്റുന്നത്. ടൂർണമെന്‍റിലെ ഏറ്റവും പ്രായംകുറഞ്ഞ പരിശീലകനായ ജൂലിയൻ നഗൽസ്മാന് കീഴിൽ ദുർവിധികൾ കുടഞ്ഞെറിയാൻ ജർമ്മനി ഒരുങ്ങുമ്പോൾ ആദ്യമായി നോക്കൗട്ടിലേക്ക് നോട്ടമിടുകയാണ് സ്കോട്‍ലൻഡ്.

അമേരിക്ക-അയര്‍ലന്‍ഡ് പോരാട്ടം ഇന്ന്, ബാബറിന്‍റെയും പാകിസ്ഥാന്‍റെയും വിധി ഇന്നറിയാം; മത്സരത്തിന് മഴ ഭീഷണി

സ്പെയിൻ, നോർവേ, ജോർജിയ എന്നിവരെ തോൽപിച്ച് എത്തുന്ന സ്കോട്‍ലൻഡ് ആത്മവിശ്വാസത്തിന്‍റെ നിറവിലാണ്. ന്യൂയര്‍, കിമ്മിച്ച്, റൂഡിഗര്‍, ക്രൂസ്, മുസിയാല, ഹാവെ‍ട്സ്, ഗുണ്ടോഗന്‍ എന്നിവർ ജർമ്മനിയുടെ ആദ്യ ഇലവനിൽ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, പ്രധാന താരങ്ങൾ പരിക്കേറ്റ് പുറത്തായതോടെ ആൻഡി റോബർട്സൺ, സ്റ്റീവ് മക്ടോമിനെ, ജോൺ മക്ഗിൻ എന്നിവരൂടെ ബുട്ടുകളിലാണ് സ്കോട്‍ലൻഡിന്‍റെ പ്രതീക്ഷകൾ.

ഫിഫ റാങ്കിംഗിൽ ജർമ്മനി പതിനാറാമതും സ്കോട്‍ലൻഡ് മുപ്പത്തിയൊൻപതാം സ്ഥാനത്തുമാണ്. ഇരു ടീമുകളും ഇതുവരെ നേർക്കുനേർ വന്നത് പതിനേഴ് കളികളില്‍. അതില്‍ ജർമ്മനി എട്ടിലും സ്കോട്‍ലൻഡ് നാലിലും ജയിച്ചു. അഞ്ച് മത്സരം സമനിലയിലായി. ഇരുപത്തിയഞ്ച് വർഷം മുൻപാണ് സ്കോട്‍ലൻഡ് അവസാനമായി ജർമ്മനിയെ തോൽപിച്ചത്.

സൂപ്പർ 8 പോരാട്ടങ്ങൾക്ക് മുമ്പ് 2 താരങ്ങളെ നാട്ടിലേക്ക് തിരിച്ചയക്കാൻ ടീം ഇന്ത്യ; മടങ്ങുന്നത് റിസർവ് താരങ്ങൾ

ജര്‍മനിക്കും സ്കോട്‌ലന്‍ഡിനും പുറമെ ഹംഗറിയും സ്വിറ്റ്സർലന്‍ഡുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ആറ് ഗ്രൂപ്പുകളിലെ ആദ്യ രണ്ടുസ്ഥാനക്കാരും നാല് മികച്ച മൂന്നാം സ്ഥാനക്കാരുമാണ് നോക്കൗട്ടിലേക്ക് മുന്നേറുക. ബെ‍ർലിനിലെ ഒളിംപിക് സ്റ്റേഡിയത്തിൽ ജൂലൈ പതിനാലിന് ഫൈനല്‍. ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്കും വൈകിട്ട് ആറരയ്ക്കും രാത്രി ഒൻപതരയ്ക്കുമാണ് മത്സരങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക