വമ്പൻ താരങ്ങളെ അണിനിരത്തുന്ന ജർമൻ കോച്ച് ഹാൻസി ഫ്ലിക്കിന് കാര്യമായ ആശങ്കകൾ ഒന്നുമില്ല

റോം: യുവേഫ നേഷൻസ് ലീഗിൽ(UEFA Nations League) ഇന്ന് വമ്പൻ പോരാട്ടം. ജർമനി രാത്രി പന്ത്രണ്ടേകാലിന് ഇറ്റലിയെ(Italy vs Germany) നേരിടും. മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് രാത്രി ഒൻപതരയ്ക്ക് ഹങ്കറിയെ(Hungary vs England) നേരിടും.

യൂറോപ്യൻ ചാമ്പ്യൻമാരാണെങ്കിലും ഇപ്പോൾ നല്ലകാലമല്ല ഇറ്റലിക്ക്. ഖത്തർ ലോകകപ്പിന് യോഗ്യത നേടാതെ തലകുനിച്ച ഇറ്റലിക്ക് കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർ‍ജന്റീനയുമായുള്ള ഫിനലിസിമ പോരാട്ടത്തിലും അടിതെറ്റി. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ഇറ്റലിയുടെ തോൽവി. പുറത്താകലിന്‍റെ വക്കിലെത്തി നിൽക്കുന്ന ഇറ്റാലിയൻ കോച്ച് റോബർട്ടോ മാൻചീനിയുടെ അവസാന കച്ചിത്തുരുമ്പാണ് യുവേഫ നേഷൻസ് ലീഗ്. ഫിനലിസമയോടെ വിരമിച്ച ജോർജിയോ കെല്ലിനി ഇല്ലാതെയാണ് ഇറ്റലി നേഷൻസ് ലീഗിന് എത്തിയിരിക്കുന്നത്. പരിക്കേറ്റ സിറോ ഇമ്മോബൈൽ, ഫെഡറിക്കോ കിയേസ, ഡൊമെനിക്കോ ബെറാർ‍ഡി, നിക്കോളോ സാനിയോളോ എന്നിവരുടെ അഭാവം മറികടക്കുകയാവും ഇറ്റലിയുടെ ഏറ്റവും വലിയ വെല്ലുവിളി. മധ്യനിരയിൽ മാർകോ വെറാറ്റി തിരിച്ചെത്തുന്നത് ആശ്വാസമാണെങ്കിലും ജോർജീഞ്ഞോയുടെ മങ്ങിയ ഫോം തിരിച്ചടിയാണ്. 

വമ്പൻ താരങ്ങളെ അണിനിരത്തുന്ന ജർമൻ കോച്ച് ഹാൻസി ഫ്ലിക്കിന് കാര്യമായ ആശങ്കകൾ ഒന്നുമില്ല. തിമോ വെർണർ, ലിറോയ് സാനെ, തോമസ് മുള്ളർ, സെർജി ഗ്നാബ്രി എന്നിവർ ഗോളടിക്കാനും ഗോളടിപ്പിക്കാനും മത്സരിക്കുന്നവവർ. ജോഷ്വാ കിമ്മിച്ച്, ജമാൽ മുസ്യാല, അന്റോണിയോ റൂഡിഗർ, മാനുവൽ നോയർ എന്നിവർകൂടി ജർമൻ നിരയിൽ അണിനിരക്കുമ്പോൾ ഇറ്റലി വിയർക്കുമെന്നുറപ്പ്. 

പ്രതീക്ഷയോടെ ഇംഗ്ലണ്ട്

അതേസമയം ഖത്തർ ലോകകപ്പിലേക്ക് കണ്ണുവച്ചാണ് ഇംഗ്ലണ്ട് യുവേഫ നേഷൻസ് ലീഗിന് ഇറങ്ങുന്നത്. പ്രീമിയർ ലീഗിലെ സൂപ്പർ താരങ്ങളാണ് ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്ഗേറ്റിന്‍റെ ശക്തി. പ്രതിരോധത്തിലും മധ്യനിരയിലും പുതിയ താരങ്ങളെ പരീക്ഷിക്കുന്നുണ്ടെങ്കിലും റഹിം സ്റ്റെർലിംഗ്, മേസൺ മൗണ്ട്, ഫിൽ ഫോഡൻ, ഹാരി കെയ്ൻ എന്നിവർ ആക്രമണത്തിന് ഇറങ്ങുമ്പോൾ ഇംഗ്ലണ്ട് ആരാധക‍ർക്ക് പ്രതീക്ഷയേറെ.

Finalissima : വെംബ്ലിയില്‍ ഇറ്റലി ചാരം, അര്‍ജന്റീന കിരീടമുയര്‍ത്തി; കളം നിറഞ്ഞ് മെസി, കളിയിലെ താരം