ആംസ്റ്റര്‍ഡാം: യുവേഫ നേഷൻസ് ലീഗിൽ ഇന്നും പ്രമുഖ ടീമുകൾക്ക് മത്സരമുണ്ട്. ഹോളണ്ട്, ഇറ്റലി, ഇംഗ്ലണ്ട്, ബെൽജിയം തുടങ്ങി ടീമുകൾ അഞ്ചാം റൗണ്ട് മത്സരത്തിനിറങ്ങും. 

പരുക്കേറ്റ ക്യാപ്റ്റൻ വിർജിൽ വൈൻഡൈക്ക് ഉൾപ്പടെയുള്ള പ്രമുഖതാരങ്ങൾ ഇല്ലാതെ ഇറങ്ങുന്ന ഹോളണ്ടിന് ബോസ്നിയ ആൻഡ് ഹെർസിഗോവിനയാണ് എതിരാളികൾ. ഗ്രൂപ്പ് എയിൽ നാല് കളിയിൽ അഞ്ച് പോയിന്റ് മാത്രമുള്ള ഹോളണ്ട് മൂന്നാംസ്ഥാനത്താണ്. രണ്ടുപോയിന്റുള്ള എതിരാളികൾ അവസാന സ്ഥാനത്തും. ഇന്ത്യൻ സമയം രാത്രി പത്തരയ്ക്കാണ് കളി തുടങ്ങുക. 

ഇതേ ഗ്രൂപ്പിൽ രാത്രി ഒന്നേകാലിന് തുടങ്ങുന്ന കളിയിൽ ഇറ്റലി പോളണ്ടുമായി ഏറ്റുമുട്ടും. ഏഴ് പോയിന്റുമായി പോളണ്ട് ഒന്നും ആറ് പോയിന്റുമായി ഇറ്റലി രണ്ടും സ്ഥാനത്ത്. കഴിഞ്ഞമാസം ഇരുടീമും ഏറ്റുമുട്ടിയപ്പോൾ ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു. സന്നാഹ മത്സരത്തിൽ ഇറ്റലി എതിരില്ലാത്ത നാല് ഗോളിന് എസ്റ്റോണിയയെയും പോളണ്ട് എതിരില്ലാത്ത രണ്ട് ഗോളിന് ഉക്രെയ്നെയും തോൽപിച്ചാണ് എത്തുന്നത്. ബയേൺ മ്യൂണിക്കിന്റെ ഗോളടിയന്ത്രം റോബർട്ട് ലെവൻഡോവ്സ്കിയിലാണ് പോളണ്ടിന്റെ പ്രതീക്ഷ. ഇരുടീമും പതിനാറ് മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഇറ്റലി ആറിലും പോളണ്ട് രണ്ടിലും ജയിച്ചു. എട്ട് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. 

സഹലിനും ഹൂപ്പറിനും ഗോള്‍; അവസാന സന്നാഹമത്സരം ജയിച്ച് ബ്ലാസ്റ്റേഴ്‌സ്

ഗ്രൂപ്പ് ബിയിലെ വമ്പൻ പോരാട്ടത്തിൽ ബെൽജിയത്തിന് കരുത്തരായ ഇംഗ്ലണ്ടാണ് എതിരാളികൾ. നാല് കളിയിൽ ഒൻപത് പോയിന്റുള്ള ബെൽജിയം ഒന്നും ഏഴ് പോയിന്റുള്ള ഇംഗ്ലണ്ട് മൂന്നും സ്ഥാനങ്ങളിൽ. കഴിഞ്ഞ മാസം ഏറ്റുമുട്ടിയപ്പോൾ ഇംഗ്ലണ്ട് ഒന്നിനെതിരെ രണ്ട് ഗോളിന് ബെൽജിയത്തെ തോൽപിച്ചിരുന്നു. 2012ന് ശേഷം ആദ്യമായി ഇംഗ്ലണ്ടിനോട് തോറ്റതിന് പകരംവീട്ടാനാവും ബെൽജിയം ഇറങ്ങുക. തിബോത് കോർത്വ, തോർഗൻ ഹസാർഡ്, കെവിൻ ഡിബ്രൂയിൻ, റൊമേലു ലുക്കാക്കു തുടങ്ങിയവ‍ർ ബെൽജിയം നിരയിൽ അണിനിരക്കുമ്പോൾ കെയ്ൽ വാക്കർ, കീരൻ ട്രിപ്പിയർ, ഹാരി കെയ്ൻ, റഹീം സ്റ്റെർലിംഗ് തുടങ്ങിയവരിലൂടെയാവും ഇംഗ്ലണ്ടിന്റെ മറുപടി. 

മറ്റ് മത്സരങ്ങളിൽ വെയ്ൽസ്, അയർലൻഡിനെയും സെ‍ർബിയ, ഹങ്കറിയെയും ഡെൻമാർക്ക്, ഐസ്‍ലൻഡിനെയും റുമാനിയ, നോർവേയെയും ഗ്രീസ്, മോൾഡോവയെയും നേരിടും.

മിന്നി കൊമ്പന്‍റെ പുതിയ നെറ്റിപ്പടം; ഹോം കിറ്റ് അവതരിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്- വീഡിയോ