സമനില ഗോളടിച്ചശേഷം ഇന്‍റര്‍ മയാമി ആരാധകരുടെ അടുത്തെത്തി അറ്റ്ലസ് താരം ആഘോഷിച്ചതാണ് മെസിയെ പ്രകോപിപ്പിച്ചത്.
മയാമി: ലീഗ്സ് കപ്പില്‍ അറ്റ്ലസിനെതിരായ മത്സരത്തില്‍ ഇന്‍റര്‍ മയാമിയുടെ വിജയഗോളിനായി അസിസ്റ്റ് ചെയ്തശേഷം എതിരാളിയോട് പൊട്ടിത്തെറിച്ച് നായകന്‍ ലിയോണല്‍ മെസി. ലീഗ്സ് കപ്പിലെ ആദ്യ മത്സരത്തില്‍ അറ്റ്ലസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്‍റര്‍ മയാമി തോല്‍പിച്ചത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 57-ാം മിനിറ്റില്‍ ടെലാസ്കോ സെഗോവിയ ആണ് ഇന്‍റര്‍ മയാമിയെ ആദ്യം മുന്നിലെത്തിച്ചത്.
എന്നാല്‍ 80-ാം മിനിറ്റില്‍ അറ്റ്ലസിനായി റിവാള്‍ഡോ ലൊസാനോ സമനില ഗോള്‍ നേടി. സമനില ഗോളടിച്ചശേഷം ഇന്‍റര്‍ മയാമി ആരാധകരുടെ അടുത്തെത്തി അറ്റ്ലസ് താരം മത്തിയാസ് കൊക്കാറോ ആഘോഷിച്ചതാണ് മെസിയെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന. ഇതിന് പിന്നാലെ ഇഞ്ചുറി ടൈമില്‍(90+6) ബോക്സിന് അകത്തു നിന്ന് മെസി നല്‍കിയ അസിസ്റ്റില്‍ നിന്നായിരുന്നു മാഴ്സെലോ വൈഗാന്‍ഡ് ഇന്‍റര്‍ മയാമിയുടെ വിജയഗോള്‍ നേടിയത്. ഗോളടിക്കാന്‍ അവസരം ഉണ്ടായിട്ടും അത് ചെയ്യാതെ മെസി മാഴ്സെലോക്ക് പാസ് നല്‍കുകയായിരുന്നു. മെസി നല്‍കിയ പാസ് പോസ്റ്റിലേക്ക് തട്ടിയിടേണ്ട ആവശ്യമേ മാഴ്സെലോക്ക് ഉണ്ടായിരുന്നുള്ളു.
ഇന്‍റര്‍ മയാമി വിജയ ഗോളടിച്ചശേഷം മത്തിയാസ് കൊക്കാറോയുടെ അടുത്തെത്തി പൊട്ടിത്തെറിച്ച മെസി സുവാരസിന്‍റെയും റോഡ്രിഡോ ഡീപോളിന്‍റെയും തോളില്‍ കയ്യിട്ടശേഷം ആഘോഷം തുടര്‍ന്നു. എന്നാല്‍ സമനില ഗോളടിച്ചശേഷം ടീമിനെ പ്രചോദിപ്പിക്കാനാണ് താന്‍ ഇന്‍റര്‍ മയാമി ആരാധകര്‍ക്ക് മുന്നില്‍ നിന്ന് ആഘോഷിച്ചതെന്നും അതിനാണ് തന്‍റെ മുഖത്തുനോക്കി മെസി അവിടെവെച്ച് തന്നെ മറുപടി നല്‍കിയതെന്നും കൊക്കാറോ മത്സരശേഷം പറഞ്ഞു.
ആ സമയം എനിക്കെന്ത് പറയാന്‍ കഴിയും, മെസി എക്കാലത്തെയും മഹാനായ താരാണ്. അതുകൊണ്ട് തിരിച്ചൊന്നും എനിക്ക് പറയാനാവില്ല, മത്സരശേഷം മെസി തന്നെ ആലിംഗനം ചെയ്ത് അത്തരത്തില്‍ പ്രതികരിച്ചതിന് ക്ഷമ ചോദിച്ചുവെന്നും കൊക്കാറോ പറഞ്ഞു. അതാണ് മെസിയുടെ മഹത്വം. മെസിയെപ്പോലൊരു താരം നമ്മളോട് സംസാരിക്കുമ്പോല്‍ അത് ശ്രദ്ധയോടെ കേട്ടിരിക്കുകയല്ലാതെ വേറൊന്നും ചെയ്യാനില്ല, ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തോട് ബഹുമാനം മാത്രമെയുള്ളുവെന്നും കൊക്കാറോ പറഞ്ഞു.


