അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗില്‍ ലോസാഞ്ചല്‍സ് ഗാലക്സിക്കെതിരെ ഇന്‍റര്‍ മയാമി ഒന്നിനെതിരെ 3 ഗോളിന് ജയിച്ചു.
മയാമി: അമേരിക്കൻ മേജര്‍ സോക്കര്‍ ലീഗില്‍ ഗോളടിച്ചും വണ്ടര്‍ അസിസ്റ്റിലൂടെ ഗോളടിപ്പിച്ചും വിസ്മയിപ്പിച്ച് ഇന്‍റര്‍ മയാമി താരം ലയണല്‍ മെസി. മെസി മാജിക്കിൽ ഇന്‍റർ മയാമി തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയും ചെയ്തു. പരിക്ക് ഭേദമായി മെസി തിരിച്ചെത്തിയ മത്സരത്തിൽ ലോസാഞ്ചല്‍സ് ഗ്യാലക്സിയെ ഒന്നിനെതിരെ 3 ഗോളുകള്‍ക്കാണ് ഇന്‍റര്‍ മയാമി തകര്‍ത്തത്. നേരത്തെ 43-ാം മിനിറ്റിൽ ജോര്‍ഡി ആല്‍ബയുടെ ഗോളില്‍ മുന്നിലെത്തിയ ഇന്‍റര്‍ മായാമിയെ 59ാം മിനിറ്റില്‍ ജോസഫ് പെയ്റ്റ്സിലിന്‍റെ ഗോളില്‍ ലോസാഞ്ചല്‍സ് ഗ്യാലക്സി സമനിലയില്‍ പിടിച്ചിരുന്നു.
മത്സരത്തിന്‍റെ രണ്ടാം പകുതിയിൽ പകരക്കാരനായാണ് മെസി ഗ്രൗണ്ടിലിറങ്ങിയത്. ടെലസ്കാവോ സെഗോവിയയുടെ പകരക്കാരനായി ഗ്രൗണ്ടിലിറങ്ങിയ മെസി 84ാം മിനിറ്റിൽ ഗ്യാലക്സിയുടെ പ്രതിരോധനിരയെ വെട്ടിച്ച് മുന്നേറിയശേഷം ബോക്സിന് പുറത്തുനിന്ന് തന്നെ തൊടുത്തൊരു ഗ്രൗണ്ടറിലൂടെ ഗോള്‍ വലകുലുക്കി മയാമിക്ക് സമ്മാനിച്ചു. അഞ്ച് മിനിറ്റിനു ശേഷം ഡി പോളിന്‍റെ പാസില്‍ നിന്ന് ബോക്സിന് പുറത്തു നിന്ന് ലൂയി സുരാവസിനെ ഒന്ന് തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ മെസിയുടെ ബാക് ഹീല്‍ അസിസ്റ്റ്. അത് അനായാസം ലക്ഷ്യത്തിലെത്തിച്ച് സുവാരസ് ഇന്‍റര്‍ മയാമിയുടെ ജയം ഉറപ്പിച്ച മൂന്നാം ഗോളും സ്വന്തമാക്കി. ഇതോടെ മെസിക്ക് കരിയറിൽ 389 അസ്സിസ്റ്റ് ആയി.
സീസണിൽ ഇന്‍റര്‍ മയാമിക്കായി മെസിയുടെ 19-ാം ഗോൾ ആണ് ഇന്നലെ ലോസാഞ്ചല്‍സ് ഗ്യാലക്സിക്കെതിരെ നേടിയത്. 10 അസിസ്റ്റുകളും സീസണില്‍ മെസിയുടെ പേരിലുണ്ട്. സീസണില്‍ പരിക്കുമൂലം രണ്ട് മത്സരങ്ങള്‍ നഷ്ടമായിട്ടും മയാമിയുടെ സീസണിലെ ടോപ് സ്കോററും മെസി തന്നെയാണ്. ഓഗസ്റ്റ് രണ്ടിന് നെസാക്സക്കെതിരായ മത്സരത്തിനിടെയാണ് മെസിക്ക് പരിക്കേറ്റത്. ലീഗ് കപ്പില്‍ മെസിയില്ലാതെ ഇറങ്ങിയ മയാമി ക്വാര്‍ട്ടറിലെത്തിയെങ്കിലും ക്വാര്‍ട്ടറില്‍ ഒര്‍ലാന്‍ഡോ സിറ്റിക്കെതിരെ ഒന്നിനെതിരെ നാലു ഗോളിന് തോറ്റിരുന്നു.


