ദില്ലി: ഒമാനും അഫ്ഗാനിസ്ഥാനുമെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ വീറുറ്റ പോരാട്ടം പുറത്തെടുക്കുമെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി. ഒമാനെതിരെയും അഫ്ഗാനെതിരെയുമുള്ളത് എവേ മത്സരങ്ങളായതിനാല്‍ വിജയം എളുപ്പമല്ലെന്നും ഛേത്രി ഓര്‍മിപ്പിച്ചു. രണ്ട് മത്സരങ്ങളും കടുപ്പമേറിയതാണ്. എന്നാല്‍ നിര്‍ണായകവുമാണ്. ഈ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്.

ഖത്തറിനെതിരെ പുറത്തെടുത്ത പോരാട്ടവീര്യം പ്രകടിപ്പിച്ചാല്‍ നമുക്ക് അത് നേടാനാവുമെന്നും ഇന്ത്യന്‍ ടീമിനെ ആരെയും പേടിയില്ലെന്നും ഛേത്രി പറ‍ഞ്ഞു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കരുത്തരായ ഖത്തറിനെ അവരുടെ ഗ്രൗണ്ടില്‍ സമനിലയില്‍ തളച്ചതിന്റെ ആവശേവുമായി എത്തിയ ഇന്ത്യയെ റാങ്കിംഗില്‍ ഏറെ പുറകിലുള്ള ബംഗ്ലാദേശ് സ്വന്തം നാട്ടില്‍ സമനിലയില്‍ പൂട്ടിയിരുന്നു. ഇത് ഇന്ത്യയുടെ പ്രതീക്ഷകളെ തകിടം മറിക്കുകയും ചെയ്തു.

ബംഗ്ലാദേശിനെതിരായ സമനിലയില്‍ നിരാശയുണ്ടെന്നും ഛേത്രി പറഞ്ഞു. ബംഗ്ലാദേശിനെതിരെ ഇതിനേക്കാള്‍ മികച്ച പ്രകടനം പുറത്തെടുക്കാനാവുമായിരുന്നു. ബംഗ്ലാദേശിനെതിരായ സമനിലയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്നും ഛേത്രി വ്യക്തമാക്കി.നവംബര്‍ 14ന് അഫ്ഗാനെതിരെയും നവംബര്‍ 19ന് ഒമാനെതിരെയും ആണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍. ഇന്ത്യയില്‍ നടന്ന മത്സരത്തില്‍ ഒമാനെതിരെ ഒരു ഗോള്‍ ലീഡെടുത്തശേഷം രണ്ടു ഗോള്‍ വഴങ്ങിയാണ് ഇന്ത്യ തോറ്റത്.