ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയും സ്‌പെയിനും ഏറ്റുമുട്ടുമ്പോള്‍ ബാഴ്‌സലോണ ആരാധകര്‍ ആശയക്കുഴപ്പത്തിലാണ്. ഒരുവശത്ത് തങ്ങളുടെ എക്കാലത്തെയും മികച്ച താരമായ ലയണല്‍ മെസിയും മറുവശത്ത് ക്ലബ്ബിന്റെ ഭാവിയായ ലമിന്‍ യമാല്‍ അടങ്ങുന്ന സ്പാനിഷ് താരങ്ങളും.
ന്യൂയോര്‍ക്ക്: ലോകകപ്പ് ഫൈനലില്‍ ബാഴ്‌സലോണ ആരാധകര്‍ രണ്ടായി പിളരുമോ? ഇതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങിലെ ചൂടേറിയ ചര്‍ച്ച.എന്തുകൊണ്ടാണെന്നല്ലേ? അതിനൊരു കാരണമുണ്ട്. ഒരു വശത്ത് ബാഴ്‌സ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ലയണല്‍ മെസി. എതിര്‍വശത്ത് ബാഴ്‌സയുടെ പുതിയ തലമുറയെ നയിക്കുന്ന ലമിന്‍ യമാലും കൂട്ടരും. ബാഴ്‌സ ആരാധകര്‍ ആരെ പിന്തുണയ്ക്കും എന്നതാണ് ചോദ്യം? ബാഴ്‌സലോണ ആരാധകര്‍ക്ക് ഈ ലോകകപ്പ് ഫൈനല്‍ ഒരു സ്വപ്നമാണ്.
അതേ സമയം ഒരു വേദനയും. സ്‌പെയിന്‍ കിരീടം നേടിയാല്‍, ബാഴ്‌സലോണയുടെ 8 താരങ്ങള്‍ ലോക ചാമ്പ്യന്മാരായി കാറ്റലോണിയയിലേക്ക് മടങ്ങും. ലമിന്‍ യമാല്‍, പൗ കുബാര്‍സി, പെഡ്രി, ഗാവി, ഡാനി ഒല്‍മോ, ഫെറാന്‍ ടോറസ്, എറിക് ഗാര്‍സിയ, ജൊവാന്‍ ഗാര്‍സ്യ. ഒരു തലമുറയുടെ സ്വപ്നനേട്ടം. അതേ സമയം പല ബാഴ്‌സ ആരാധകരുടെയും ഹൃദയം ഇപ്പോള്‍ ആകാശനീലയും വെള്ളയും ചേര്‍ന്ന അര്‍ജന്റീനയുടെ ജേഴ്‌സിക്കൊപ്പമാണ്. കാരണം, മെസി അവര്‍ക്ക് ഒരു താരം മാത്രമല്ല.
ഫുട്‌ബോള്‍ എന്ന പ്രണയത്തിന്റെ അധ്യായത്തിലെ ആദ്യ പേരാണ്. ബാഴ്‌സയിലേക്കുള്ള വഴികാട്ടി. അവരുടെ വിജയാകാശത്തെ ഒരേയൊരു മിശിഹ. മെസിയെ കണ്ട് വളര്‍ന്നവര്‍. പഠിച്ചവര്‍ മെസിയാകാന്‍ കൊതിച്ചവര്‍ ഒടുവില്‍ മെസിക്കെതിരെ. 39-ാം വയസിലും എട്ട് ഗോളും നാല് അസിസ്റ്റുമായി ലോകത്തെ വിസ്മയിപ്പിക്കുന്ന മെസി ഒരിക്കല്‍ക്കൂടി ചരിത്രം എഴുതട്ടെയെന്ന് ബാഴ്‌സ ആരാധകര്‍ ആഗ്രഹിച്ചാല്‍ അതില്‍ അത്ഭുതമില്ല. മെസിക്കും ഈ മത്സരം കടുപ്പമായിരിക്കും. ലാ മാസിയയിലൂടെ വളര്‍ത്തിയ സ്‌പെയിനിനോടുള്ള കടപ്പാടും. ജന്മനാടായ അര്‍ജന്റീനയോടുള്ള സ്‌നേഹവും.
രണ്ട് ലോകങ്ങള്‍ക്കിടയില്‍ നിന്നാണ് മെസി ഈ ഫൈനലിലെത്തുന്നത്. ബാഴ്‌സയുടെ ചരിത്രവും ബാഴ്‌സയുടെ ഭാവിയും ഏറ്റുമുട്ടുകയാണ്. വിജയം ആരുടേതായാലും, ആരാധകര്‍ക്ക് ആഘോഷിക്കാം. കിരീടം ഉയര്‍ത്തുന്നത് മെസിയായാലും, യമാലും കൂട്ടരുമായാലും. ലോകം വീണ്ടും പറയുക ഒരേയൊരു കഥയാണ്. ഫുട്‌ബോളിന്റെ ഹൃദയം, ബാഴ്‌സലോണയില്‍ ആണത്രേ.

