ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി നവംബര്‍ 14ന് കളിക്കാനിറങ്ങുമോ? അദ്ദേഹത്തിന്റെ ആരാധകരും ഫുട്‌ബോള്‍ ലോകവും ഉറ്റുനോക്കുന്നത് ക്രിസ്‌റ്റിയാനോ-പോര്‍ച്ചുഗല്‍ റീയൂണിയനാണ്.കരിയറില്‍ ആയിരം ഗോളുകള്‍ നേടുക എന്ന ലക്ഷ്യവുമായാണ് ക്രിസ്‌റ്റിയാനോ കരിയര്‍ മുന്നോട്ട് കൊണ്ടു പോകുന്നത്.
ലിസ്‌ബണ്‍: ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി നവംബര്‍ 14ന് കളിക്കാനിറങ്ങുമോ? അദ്ദേഹത്തിന്റെ ആരാധകരും ഫുട്‌ബോള്‍ ലോകവും ഉറ്റുനോക്കുന്നത് ക്രിസ്‌റ്റിയാനോ-പോര്‍ച്ചുഗല്‍ റീയൂണിയനാണ്. ടീം പരിശീലകനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ദേശീയ ടീം ക്യാമ്പ് വിട്ട സംഭവത്തില്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയും ചുമത്തിയിട്ടുണ്ട്.
ഈ വിലക്ക് നവംബര്‍ 14ന് നടക്കുന്ന യുവേഫ നേഷന്‍സ് ലീഗ് മത്സരത്തില്‍ പങ്കെടുക്കുന്നതിന് സാങ്കേതികമായി തടസമാകില്ല. റൊണാള്‍ഡോ ക്യാമ്പ് വിട്ടുപോയ സെപ്‌തംബര്‍ 30 മുതലാണ് ഈ മുപ്പത് ദിവസത്തെ വിലക്ക് കണക്കാക്കുന്നത്. അതിനാല്‍ നവംബര്‍ 14ന് ഡെന്‍മാര്‍ക്കിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഒക്ടോബര്‍ അവസാനത്തോടെ അദ്ദേഹത്തിന്റെ വിലക്ക് അവസാനിക്കും. അതേസമയം, വിലക്ക് മാറിയാലും ക്രിസ്‌റ്റിയാനോയെ ഡെന്‍മാര്‍ക്കിനെതിരെയുള്ള ആദ്യ ഇലവനിലോ ടീം സ്‌ക്വാഡിലോ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച അന്തിമ തീരുമാനം കോച്ച് ജോര്‍ജിന് എടുക്കാം. രണ്ട് പേരും പരസ്‌പരം ക്ഷമിക്കാന്‍ തയ്യാറായാല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കപ്പെടുകയുള്ളൂ. തന്റെ മോശം പെരുമാറ്റത്തിന് ക്രിസ്റ്റ്യാനോ ഇതിനകം ക്ഷമ ചോദിച്ചിട്ടുണ്ട്. അതേസമയം, കോച്ച് ജോര്‍ജിന് ക്രിസ്‌റ്റിയാനോയെ ടീമില്‍ നിന്ന് അകറ്റി നിര്‍ത്തുക അത്ര എളുപ്പമല്ല. സോഷ്യല്‍ മീഡിയയില്‍ ക്രിസ്‌റ്റിയാനോയ്‌ക്ക് വേണ്ടി രംഗത്ത് വരുന്നവര്‍ ലക്ഷങ്ങളാണ്. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷനും സമ്മര്‍ദമുണ്ട്.
കരിയറില്‍ ആയിരം ഗോളുകള്‍ നേടുക എന്ന ലക്ഷ്യവുമായാണ് ക്രിസ്‌റ്റിയാനോ കരിയര്‍ മുന്നോട്ട് കൊണ്ടു പോകുന്നത്. ക്ലബ്ബ് കരിയറിനൊപ്പം അന്താരാഷ്ട്ര കരിയറും നിലനിര്‍ത്തിയാല്‍ മാത്രമേ താരത്തിന് ആ ലക്ഷ്യത്തിലെത്താന്‍ കഴിയൂ. അതുകൊണ്ടു തന്നെ വിട്ടുവീഴ്‌ചക്ക് ക്രിസ്റ്റ്യാനോ തയ്യാറാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്:https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
