വിവേചനത്തിനെതിരെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ 'ഫെയർ നെറ്റ്‌വർക്ക്' വിഷയത്തിൽ കടുത്ത നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്.

ലാസ് വെഗാസ്: ഫിഫ ലോകകപ്പില്‍ ആവേശപോരാട്ടങ്ങള്‍ അരങ്ങേറുന്നതിനിടെ കളിക്കളത്തിന് പുറത്ത് വൻ വംശീയ വിവാദം. മത്സരത്തിനിടെ വാർ (VAR) റഫറി ക്യാമറയ്ക്ക് മുന്നിൽ കൈ കൊണ്ട് കാണിച്ച ആഗ്യമാണ് വെള്ളക്കാരുടെ മേധാവിത്വത്തിന്‍റെ അടയാളമാണെന്ന ആരോപണവുമായി സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനത്തിന് കാരണമായത്. ഗ്രൂപ്പ് ഇ-യിലെ ജർമ്മനി - ക്യൂറസാവ് മത്സരത്തിനിടെയായിരുന്നു വിവാദ സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മത്സരത്തിന് തൊട്ടുമുമ്പ് ഒഫീഷ്യലുകളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതിനിടയിലാണ് വാർ ചുമതലയിലുണ്ടായിരുന്ന ഓസ്‌ട്രേലിയൻ റഫറി ഷോൺ ഇവാൻസ് ക്യാമറയ്ക്ക് നേരെ തിരിഞ്ഞ് വിരലുകള്‍ താഴേക്ക് തിരിച്ച് ഒ.കെ എന്ന് കൈകൊണ്ട് കാണിച്ചത്. ഇത് തീവ്ര വലതുപക്ഷ വംശീയ ഗ്രൂപ്പുകൾ പരസ്പരം തിരിച്ചറിയാൻ ഉപയോഗിക്കുന്ന 'വൈറ്റ് പവർ' ചിഹ്നമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഫുട്ബോൾ ആരാധകർ ഫിഫയ്ക്കെതിരെ രംഗത്തെത്തിയത്.

വിവേചനത്തിനെതിരെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ 'ഫെയർ നെറ്റ്‌വർക്ക്' വിഷയത്തിൽ കടുത്ത നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്. റഫറി ഷോൺ ഇവാൻസിനെ ലോകകപ്പ് പാനലിൽ നിന്ന് ഉടനടി പുറത്താക്കണമെന്ന് അവർ ഫിഫയോട് ആവശ്യപ്പെട്ടു.കോടിക്കണക്കിന് ആളുകൾ തത്സമയം കാണുന്ന ക്യാമറയ്ക്ക് മുന്നിൽ ഒരു വാർ ഒഫീഷ്യൽ എന്തിനാണ് ഈ ചിഹ്നം കാണിക്കുന്നത്? ഇത് മനഃപൂർവം തീവ്ര വംശീയ ആശയങ്ങൾ പ്രചരിപ്പിക്കാൻ ചെയ്തതാണ്. ഇങ്ങനെയുള്ളവരെ ലോകകപ്പ് നിയന്ത്രിക്കാൻ അനുവദിക്കരുതെന്നും ഫെയർ നെറ്റ്‌വർക്ക് പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഈ വിവാദത്തിന് പിന്നാലെ, പിന്നീട് നടന്ന മത്സരങ്ങളുടെ തത്സമയ സംപ്രേഷണത്തിൽ റഫറിമാരുടെ പാനലിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന രീതി തന്നെ ഒഴിവാക്കിയതായും റിപ്പോർട്ടുകളുണ്ട്.

Scroll to load tweet…

സ്കൂൾ തമാശയോ അതോ വംശീയതയോ? സോഷ്യൽ മീഡിയയിൽ തർക്കം

അതേസമയം, റഫറിയെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലെ സ്കൂളുകളിൽ കുട്ടികൾ പരസ്പരം പറ്റിക്കാൻ കളിക്കുന്ന 'സർക്കിൾ ഗെയിം' എന്ന സാധാരണ വിനോദത്തിന്‍റെ ഭാഗമായാണ് റഫറി കൈ കൊണ്ട് ആംഗ്യം കാണിച്ചതെന്നാണ് ഇവരുടെ വാദം. ഒരാൾ അരക്കെട്ടിന് താഴെ കൈവിരലുകൾ കൊണ്ട് വട്ടമുണ്ടാക്കി മറ്റുള്ളവരെ കാണിച്ച് പറ്റിക്കുന്ന ഒരു സാധാരണ തമാശ മാത്രമാണിതെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. സാധാരണയായി ലോകമെമ്പാടും 'എല്ലാം ശരിയാണ്' എന്ന് കാണിക്കാൻ ഉപയോഗിക്കുന്ന ചിഹ്നമാണിത്. എന്നാൽ 2019-ൽ ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ച് മസ്ജിദ് ആക്രമണക്കേസിലെ പ്രതി കോടതിയിൽ വെച്ച് ഈ ചിഹ്നം പരസ്യമായി പ്രദർശിപ്പിച്ചതോടെയാണ് ഇത് വംശീയവാദികളുടെ കോഡ് ഭാഷയായി ആഗോളതലത്തിൽ കുപ്രസിദ്ധി നേടിയത്. ലോകകപ്പിൽ വംശീയതയ്ക്കും വിദ്വേഷത്തിനുമെതിരെ കർശനമായ നിലപാടുകളെടുക്കുന്നതിനിടെ ഉണ്ടായ സംഭവം ഫിഫയ്ക്ക് വലിയ തലവേദനയായി മാറിയിട്ടുണ്ട്. വിഷയത്തിൽ ഫിഫയോ റഫറി ഷോൺ ഇവാൻസോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക