യൂറോ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട അടുത്തിടെ ഇന്ത്യയിലെത്തിച്ച എസ്‌യു-വിയായ സിആര്‍-വി. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 93 ശതമാനവും കുട്ടികളുടേതില്‍ 83 ശതമാനവും മാര്‍ക്ക് നേടിയാണ് വാഹനം ഫൈവ് സ്റ്റാര്‍ സുരക്ഷ സ്വന്തമാക്കിയത്.

വിവിധ ടെസ്റ്റുകളില്‍ നിന്നായി 100-ല്‍ 76 പോയന്റാണ് സിആര്‍-വി നേടിയിട്ടുള്ളത്.  മുമ്പ് ആസിയാന്‍ (ന്യൂ കാര്‍ അസെസ്മെന്റ് പ്രോഗ്രാം ഫോര്‍ സൗത്ത്-ഈസ്റ്റ് ഏഷ്യ) ക്രാഷ് ടെസ്റ്റിലും അമേരിക്കന്‍ ക്രാഷ് ടെസ്റ്റ് യൂണിറ്റായ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈവേ സേഫ്റ്റി (IIHS) നടത്തിയ ക്രാഷ് ടെസ്റ്റിലും സിആര്‍-വി ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടിയിരുന്നു. 

2018 ഒക്ടോബറിലാണ് വാഹനത്തിന്‍റെ പുതിയ പതിപ്പിനെ ഹോണ്ട ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഡീസല്‍ എന്‍ജിന്‍ സഹിതമാണ് കമ്പനി പുത്തന്‍ ഏഴു സീറ്റര്‍  സി ആര്‍വിയെ പുറത്തിറക്കുന്നത്.  പ്രാരംഭ മോഡലിന് 28.15 ലക്ഷം രൂപയും ഉയര്‍ന്ന ഡീസല്‍ മോഡലിന് 32.75 ലക്ഷം രൂപയുമാണ് വാഹനത്തിന്‍റെ വില. 

പുത്തന്‍ എല്‍ ഇ ഡി ഹെഡ്‌ലാംപ്, എല്‍ ഇ ഡി ടെയ്ല്‍ ലാംപ്, പുത്തന്‍ അലോയ് വീല്‍ തുടങ്ങിയവയ്‌ക്കൊപ്പം നവീകരിച്ച അകത്തളവും പുതിയ സി ആര്‍ വിയുടെ പ്രത്യേകതകളാണ്.  ആന്‍ഡ്രോയ്ഡ്/ആപ്പിള്‍ കണക്ടിവിറ്റിയോടെ ഏഴ് ഇഞ്ച് ടച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനവുമുണ്ട്.  LCD ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, യുഎസ്ബി പോര്‍ട്ട്, HDMI പോര്‍ട്ട്, എട്ടു സ്പീക്കര്‍ ഓഡിയോ സംവിധാനം തുടങ്ങിയവയെല്ലാം അകത്തളെത്തെ വേറിട്ടതാക്കുന്നു. ഓഫ് റോഡ് ക്ഷമത മെച്ചപ്പെടുത്താന്‍ പുതിയ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും പുത്തന്‍ സി ആര്‍വിയെ വേറിട്ടതാക്കുന്നു.

മൂന്നു വകഭേദങ്ങള്‍ പുതിയ ഹോണ്ട CRV യിലുണ്ട്. ടൂ വീല്‍ ഡ്രൈവ് പെട്രോള്‍, ടൂ വീല്‍ ഡ്രൈവ് ഡീസല്‍, ഓള്‍ വീല്‍ ഡ്രൈവ് ഡീസല്‍ മോഡലുകള്‍ CRV നിരയില്‍ ഉള്‍പ്പെടുന്നു. ഇടത്തരം ഡീസല്‍ ടൂ വീല്‍ ഡ്രൈവ് മോഡല്‍ 30.65 ലക്ഷം രൂപയ്ക്കാണ് വില്‍പനയ്‌ക്കെത്തുന്നത്. വൈറ്റ് ഓര്‍ക്കിഡ് പേള്‍, റേഡിയന്റ് റെഡ്, ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക്, മോഡേണ്‍ സ്റ്റീല്‍ മെറ്റാലിക്, ലൂണാര്‍ സില്‍വര്‍ മെറ്റാലിക് എന്നിങ്ങനെ അഞ്ചു നിറങ്ങള്‍ എസ്‌യുവിയില്‍ തെരഞ്ഞെടുക്കാം.

പുതിയ 1,597 സി സി ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 4,000 ആര്‍ പി എമ്മില്‍ 120 പി എസ് വരെ കരുത്തും 2,000 ആര്‍ പി എമ്മില്‍ 300 എന്‍ എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്ടിക്കും. ഒമ്പതു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍.

ഡീസല്‍ എഞ്ചിന്‍ കൂടാതെ മുന്‍തലമുറ സി ആര്‍ — വിയിലെ 1,997 സി സി, എസ് ഒ എച്ച് സി പെട്രോള്‍ എന്‍ജിന്‍ മോഡലുമുണ്ട്. 6,500 ആര്‍ പി എമ്മില്‍ 154 പി എസ് വരെ കരുത്തും 4,300 ആര്‍ പി എമ്മില്‍ 189 എന്‍ എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്ടിക്കും. സി വി ടി ഗീര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍. 

ആറോളം എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, സ്റ്റബിലിറ്റി അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, പിന്‍ പാര്‍ക്കിംഗ് ക്യാമറ തുടങ്ങിയവയാണ് വാഹനത്തിന്‍റെ സുരക്ഷാമുഖം.

സ്‌കോഡ കൊഡിയാക്ക്, ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍, ഫോര്‍ഡ് എന്‍ഡവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ തുടങ്ങിയവരോടാണ്  സി ആര്‍ - വി വിപണിയിൽ മത്സരിക്കുക.