ഇന്ത്യയിൽ പുറത്തിറങ്ങുന്നതിന് മുന്നോടിയായി വിവോ എക്സ്200 എഫ്ഇ കളർ ഓപ്ഷനുകൾ പ്രഖ്യാപിച്ചു
ദില്ലി: വിവോ എക്സ്200 എഫ്ഇ ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങുമെന്ന് സ്ഥിരീകരണം. ഫോണിന്‍റെ കൃത്യമായ ലോഞ്ച് തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ലോഞ്ചിനുമുമ്പ് ഫോണിന്‍റെ കളർ ഓപ്ഷനുകളും ചില സ്പെസിഫിക്കേഷനുകളും കമ്പനി വെളിപ്പെടുത്തി. വിവോ എക്സ്200 എഫ്‌ഇ-യുടെ ഇന്ത്യൻ വേരിയന്‍റ് രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്‌സെറ്റ്, 6,500 എംഎഎച്ച് ബാറ്ററി, 90 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണ എന്നിവയോടെയാണ് ഈ ഫോൺ പുറത്തിറങ്ങുക.
വിവോ എക്സ്200 എഫ്‌ഇ-യുടെ ഇന്ത്യൻ വേരിയന്‍റ് ആംബർ യെല്ലോ, ലക്സ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ വിൽക്കുമെന്ന് പ്രഖ്യാപിച്ചു. തായ്‌വാനിലും മലേഷ്യയിലും കറുപ്പ്, നീല, പിങ്ക്, മഞ്ഞ നിറങ്ങളിൽ ഹാൻഡ്‌സെറ്റ് പുറത്തിറക്കിയിരുന്നു. വിവോ എക്സ്200 എഫ്‌ഇ-യുടെ ലോഞ്ച് തീയതി ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ബ്രാൻഡ് പുറത്തുവിട്ട ടീസർ ചിത്രങ്ങൾ ഫോണിന്‍റെ രൂപകൽപ്പനയും സവിശേഷതകളും കാണിക്കുന്നു. എക്‌സ്200 എഫ്‌ഇയ്ക്ക് 6.31 ഇഞ്ച് ഡിസ്‌പ്ലേയും 7.99 എംഎം കട്ടിയുള്ള ഡിസൈനുമാണുണ്ടാവുക. 50 മെഗാപിക്സൽ പ്രധാന ക്യാമറ, 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ തുടങ്ങിവ ഉൾപ്പെടെ സീസ് ബ്രാൻഡഡ് ട്രിപ്പിൾ ക്യാമറ യൂണിറ്റ് പിന്നിൽ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്പിലാകും ഫോണിന്‍റെ പ്രവര്‍ത്തനം.
വരാനിരിക്കുന്ന എക്‌സ്200 എഫ്‌ഇ-യില്‍ എഐ ക്യാപ്ഷൻസ്, സർക്കിൾ ടു സെർച്ച്, ലൈവ് ടെക്സ്റ്റ്, സ്മാർട്ട് കോൾ അസിസ്റ്റന്‍റ് തുടങ്ങി ഒന്നിലധികം എഐ പവർ സവിശേഷതകൾ ലഭിക്കും. ഫൺടെക് ഒഎസ് 15-ൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുക. പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി ഇത് ഐപി68+ഐപി69 റേറ്റിംഗുകൾ പാലിക്കുമെന്ന് പറയപ്പെടുന്നു. 90 വാട്സ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ ഫോണിന് 6,500 എംഎഎച്ച് ബാറ്ററി ഉണ്ടായിരിക്കും.
കഴിഞ്ഞ മാസം ചൈനയിൽ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 3,499 യുവാന്‍ വിലയ്ക്ക് പ്രഖ്യാപിച്ച വിവോ എസ്30 പ്രോ മിനിയുടെ റീബ്രാൻഡഡ് പതിപ്പാണ് വിവോ എക്സ് 200 എഫ്ഇ എന്നാണ് റിപ്പോർട്ടുകൾ. 12 ജിബി റാമും 512 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള വിവോ എക്സ് 200 എഫ്ഇ തായ്‌വാൻ, മലേഷ്യ എന്നിവിടങ്ങളിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്.

