വണ്‍പ്ലസ് നോര്‍ഡ് 5, വണ്‍പ്ലസ് നോര്‍ഡ് സിഇ5 എന്നീ സ്‌മാര്‍ട്ട്ഫോണുകള്‍ ജൂലൈ എട്ടാം തീയതിയാണ് ഇന്ത്യയിലെത്തുന്നത്, ലോഞ്ചിന് മുന്നോടിയായി സിഇ5-ന്‍റെ പ്രധാന ഫീച്ചറുകള്‍ കമ്പനി പുറത്തുവിട്ടു
ദില്ലി: ഇന്ത്യയില്‍ ജൂലൈ എട്ടിന് നടക്കാനിരിക്കുന്ന ലോഞ്ചിന് മുന്നോടിയായി വണ്‍പ്ലസ് അവരുടെ നോര്‍ഡ് സിഇ5 സ്‌മാര്‍ട്ട്‌ഫോണിന്‍റെ പ്രധാന ഫീച്ചറുകള്‍ പുറത്തുവിട്ടു. 7,100 എംഎഎച്ചിന്‍റെ കരുത്തുറ്റ ബാറ്ററിയിലാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ5 വരിക എന്നതാണ് ഏറ്റവും വലിയ അപ്‌ഡേറ്റ്. വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററിയാണിത്. 80 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യമുണ്ടാകും. മീഡിയടെക് ഡൈമന്‍സിറ്റി 8350 ചിപ്‌സെറ്റിലായിരിക്കും വണ്‍പ്ലസ് നോര്‍ഡ് സിഇ5യുടെ പ്രവര്‍ത്തനം.
വണ്‍പ്ലസ് നോര്‍ഡ് 5, വണ്‍പ്ലസ് നോര്‍ഡ് സിഇ5 എന്നീ സ്‌മാര്‍ട്ട്ഫോണുകള്‍ ജൂലൈ എട്ടാം തീയതി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. മീഡിയടെക് ഡൈമന്‍സിറ്റി 8350 ചിപ്‌സെറ്റ്, Mali-G615 ജിപിയു, LPDDR5X റാം, 7,100 എംഎഎച്ച് ബാറ്ററി, 80 വാട്സ് സൂപ്പര്‍വോക് ഫാസ്റ്റ് ചാര്‍ജിംഗ്, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ സഹിതം 50 എംപിയുടെ സോണി എല്‍വൈടി-600 പ്രൈമറി ക്യാമറ, 60fps സഹിതം 4കെ വീഡിയോ റെക്കോര്‍ഡിംഗ് എന്നിവയാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ5-യുടേതായി പുറത്തുവന്നിട്ടുള്ള പ്രധാന ഫീച്ചറുകള്‍. 59 മിനിറ്റ് കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 ശതമാനത്തിലേക്ക് ഈ ഫോണില്‍ ചാര്‍ജ് എത്തുമെന്ന് വണ്‍പ്ലസ് അവകാശപ്പെടുന്നു. ബൈപ്പാസ് ചാര്‍ജിംഗ് സൗകര്യം ഫോണിലുണ്ടാകുമെന്നും വണ്‍പ്ലസ് സ്ഥിരീകരിച്ചു. ബാറ്ററിയുടെ ആയുസ് വര്‍ധിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക സംവിധാനവും സ്‌മാര്‍ട്ട്‌ഫോണിലുണ്ടാകും.
ജൂലൈ 12-ാം തീയതി ഇന്ത്യന്‍ സമയം അര്‍ധരാത്രി 12 മണി മുതലാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ5-ന്‍റെ വില്‍പന ഇന്ത്യയില്‍ ആരംഭിക്കുക. ഈ പരമ്പരയിലെ മറ്റൊരു സ്‌മാര്‍ട്ട്‌ഫോണായ വണ്‍പ്ലസ് നോര്‍ഡ് 5-ന്‍റെ വില്‍പന ജൂലൈ 9ന് ഉച്ചയ്ക്ക് 12 മണിക്കും തുടങ്ങും. വണ്‍പ്ലസ് ബഡ്‌സ് 4-നൊപ്പമാണ് ഇരു സ്‌മാര്‍ട്ട്‌ഫോണുകളും ഇന്ത്യന്‍ വിപണിയിലേക്ക് വരുന്നത്. വണ്‍പ്ലസ് ഇന്ത്യ വെബ്‌സൈറ്റും, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണും, വണ്‍പ്ലസിന്‍റെ ഓഫ്‌ലൈന്‍ സ്റ്റോറുകളും വഴി ഈ ഗാഡ്‌ജറ്റുകള്‍ വാങ്ങാം.



