Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ പോക്കറ്റ് കീറാത്ത വിലയില്‍ ഐഫോണ്‍ കിട്ടുമോ?; വന്‍ തീരുമാനവുമായി ആപ്പിള്‍

ചൈനയെ തങ്ങളുടെ പ്രധാന നിര്‍മ്മാണ കേന്ദ്രം എന്നതില്‍ നിന്നും മാറ്റി, ഇന്ത്യ, വിയറ്റ്നാം എന്നിവയെ പ്രതിഷ്ഠിക്കാനാണ് ആപ്പിള്‍ ശ്രമം. 

Apple begins making the iPhone 14 in India
Author
First Published Sep 26, 2022, 7:40 PM IST

ദില്ലി: അമേരിക്കന്‍ ടെക് ഭീമന്മാരായ ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മാണം സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനം എടുത്തതായി വിവരം. ജെപി മോര്‍ഗനിലെ വിപണി വിദഗ്ധരെ ഉദ്ധരിച്ചാണ് പുതിയ വിവരങ്ങള്‍ പുറത്ത് വരുന്നത്. നിലവില്‍ ചൈനയെ കൂടുതലായി ഐഫോണ്‍ നിര്‍മ്മാണത്തിന് ആശ്രയിക്കുന്നത് കുറയ്ക്കാനാണ് ആപ്പിള്‍ തീരുമാനം.

ഇതില്‍ പ്രധാനപ്പെട്ട കാര്യം, ആപ്പിളിന്‍റെ ഏറ്റവും പുതിയ ഫോണായ ആപ്പിള്‍ ഐഫോണ്‍ 14ന്‍റെ 5 ശതമാനം നിര്‍മ്മാണം ഇന്ത്യയില്‍ നടത്തും എന്നതാണ്. ഈ തീരുമാനം ഈ വര്‍ഷം തന്നെ നടപ്പിലാക്കാനാണ് ക്യൂപെര്‍ട്ടിനോ ഭീമന്‍ എന്ന് അറിയപ്പെടുന്ന ആപ്പിള്‍ തീരുമാനം എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനൊപ്പം 2025ഓടെ ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മാണത്തിന്‍റെ 25 ശതമാനത്തോളം ഇന്ത്യയിലേക്ക് മാറ്റുക എന്നതാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

ഇതിനൊപ്പം ആപ്പിള്‍ ഏഷ്യയില്‍ ഇപ്പോള്‍ ചൈനയെ ആശ്രയിക്കുന്ന നിര്‍മ്മാണ രീതി വലിയതോതില്‍ മാറ്റി വിയറ്റ്നാമിനെ തങ്ങളുടെ പ്രധാന നിര്‍മ്മാണ ഹബ്ബായി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഇത് പ്രകാരം ഐവാച്ച് , മാക് ബുക്ക്, എയര്‍പോഡ് എന്നിവയുടെ 20 മുതല്‍ 65 ശതമാനം വരെ ഉത്പാദനം വിയറ്റ്നാമില്‍ നടത്താം എന്നതാണ് ആപ്പിള്‍ ആലോചിക്കുന്നത്. ഈ മാറ്റം 2025 ഓടെ തന്നെ നിലവില്‍ വരും എന്നാണ്  ജെപി മോര്‍ഗന്‍റെ റിപ്പോര്‍ട്ട് പറയുന്നത്.

ചൈനയെ തങ്ങളുടെ പ്രധാന നിര്‍മ്മാണ കേന്ദ്രം എന്നതില്‍ നിന്നും മാറ്റി, ഇന്ത്യ, വിയറ്റ്നാം എന്നിവയെ പ്രതിഷ്ഠിക്കാനാണ് ആപ്പിള്‍ ശ്രമം. ആപ്പിള്‍ ഐഫോണ്‍ 13 അടക്കം ഇന്ത്യയില്‍ നിലവില്‍ നിര്‍മ്മിക്കുന്നുണ്ട്. തൊഴിലിടങ്ങളിൽ ചൈന ഏർപ്പെടുത്തിയ കർശന കൊവിഡ് നിയന്ത്രണങ്ങളും മറ്റുമാണ് ആപ്പിളിനെ ചൈനയില്‍ നിന്നും പിന്‍മാറാനുള്ള അവസ്ഥയില്‍ എത്തിച്ചത് എന്നാണ് വിവരം. ഒപ്പം ചൈന തായ്വാന്‍ സംഘര്‍ഷവും ആപ്പിളിനെ മാറ്റി ചിന്തിപ്പിക്കുന്നു.

എന്നാല്‍ ആപ്പിള്‍ ഇന്ത്യയില്‍ കൂടുതല്‍ ഐഫോണ്‍ നിര്‍മ്മിക്കും എന്ന വാര്‍ത്ത സന്തോഷിപ്പിക്കുക ഇന്ത്യയിലെ ഐഫോണ്‍ പ്രേമികളെ തന്നെയാണ്. ഇപ്പോഴും ഇന്ത്യ പോക്കറ്റിന് 'ആഢംബര വില'യില്‍ എത്തുന്ന ഐഫോണ്‍ വാങ്ങണോ എന്നതില്‍ രണ്ട് ചിന്തയുണ്ട്. അതിന് ഒരു പരിഹാരം വരുമോ എന്നതാണ് ചോദ്യം. നിലവില്‍ ജി.എസ്.ടിയും ഇറക്കുമതി നികുതിയും മറ്റ് ചാർജുകളുമൊക്കെയായി ഐഫോണിന്‍റെ വലിയ വിലയ്ക്ക് കാരണം. അത് പുതിയ നീക്കത്തിലൂടെ മാറുമോ എന്നതാണ് ഉയരുന്ന ചോദ്യം. 

പുതിയ ഐഫോണിലെ ആ ഫീച്ചര്‍ പ്രവര്‍ത്തിക്കുമോ?; കാര്‍ എടുത്ത് ചളുക്കി യൂട്യൂബറുടെ പരീക്ഷണം.!

ഐഫോണ്‍ സ്വന്തമാക്കാന്‍ വന്‍ അവസരം; വന്‍ വിലക്കുറവ്, ഓഫര്‍ ഇങ്ങനെ

Follow Us:
Download App:
  • android
  • ios