ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോണിന്റെ ഡമ്മി മോഡൽ ചിത്രങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. പുസ്തകം പോലെ മടക്കാവുന്ന ഈ ഫോണിന്, നിലവിലുള്ള മോഡലുകളിൽ നിന്ന് വ്യത്യസ്തമായി വീതിയേറിയ പുറം സ്ക്രീനും ഐപാഡ് മിനിയെ അനുസ്മരിപ്പിക്കുന്ന വലിയ ആന്തരിക സ്ക്രീനുമാണുള്ളതെന്ന് ചിത്രങ്ങൾ സൂചിപ്പിക്കുന്നു.
ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ സ്‍മാർട്ട്ഫോണിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ പുതിയ ഡമ്മി മോഡൽ ചിത്രങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. ‘ഐഫോൺ അൾട്രാ’ അല്ലെങ്കിൽ ‘ഐഫോൺ ഫോൾഡ്’എന്ന പേരിലായിരിക്കും ഫോൺ വിപണിയിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ചോർന്ന ചിത്രങ്ങൾ ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിന്റെ രൂപകൽപ്പനയെക്കുറിച്ച് കൂടുതൽ സൂചനകൾ നൽകുന്നു.
ടെക് ജേർണലിസ്റ്റ് ജോൺ റെറ്റിംഗർ സമൂഹമാധ്യമമായ ത്രെഡ്‍സിലൂടെ പങ്കുവെച്ച ഡമ്മി യൂണിറ്റ് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രങ്ങൾ പ്രകാരം, പുസ്തകത്തെപ്പോലെ മടക്കാവുന്ന ബുക്ക്-സ്റ്റൈൽ ഡിസൈനാണ് ഫോൺ സ്വീകരിച്ചിരിക്കുന്നത്. നിലവിൽ വിപണിയിലുള്ള ഫോൾഡബിൾ ഫോണുകളിൽ നിന്ന് വ്യത്യസ്തമായ രൂപകൽപ്പനയാണ് ആപ്പിൾ പരീക്ഷിക്കുന്നതെന്നും ചോർച്ചകൾ സൂചിപ്പിക്കുന്നു.
സാംസങ്ങിന്റെ ഗാലക്‌സി Z Fold 7, വിവോയുടെ X Fold 5 തുടങ്ങിയ മോഡലുകളിൽ കാണുന്ന നീളമേറിയതും ഇടുങ്ങിയതുമായ കവർ സ്‌ക്രീനിന് പകരം, ഐഫോൺ അൾട്രായിൽ കൂടുതൽ വീതിയുള്ള പുറം സ്‌ക്രീനാണ് നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഫോൺ മടക്കിയിരിക്കുമ്പോൾ പാസ്‌പോർട്ടിനോട് സാമ്യമുള്ള രൂപമാണുള്ളതെന്നും ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നു.
ഈ വിശാലമായ കവർ ഡിസ്പ്ലേയുടെ പ്രധാന നേട്ടം ഫോൺ തുറക്കാതെ തന്നെ നിരവധി പ്രവർത്തനങ്ങൾ നിർവഹിക്കാൻ കഴിയും എന്നതാണ്. മെസേജുകൾ പരിശോധിക്കൽ, സോഷ്യൽ മീഡിയ ഉപയോഗം, ഇമെയിൽ വായന, ലളിതമായ മൾട്ടിടാസ്‌കിങ് എന്നിവയ്ക്കായി ഫോൺ തുറക്കേണ്ട സാഹചര്യം കുറയുമെന്നാണ് വിലയിരുത്തൽ.
ഫോൺ പൂർണമായി തുറക്കുമ്പോൾ ലഭിക്കുന്ന ആന്തരിക സ്‌ക്രീൻ ഐപാഡ് മിനിയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ടാബ്‌ലെറ്റ് അനുഭവം നൽകുന്ന ഈ വലിയ സ്‌ക്രീൻ മൾട്ടിടാസ്‌കിങ്, സ്പ്ലിറ്റ്-സ്‌ക്രീൻ ആപ്പുകൾ, വീഡിയോ സ്ട്രീമിങ്, ഡോക്യുമെന്റ് എഡിറ്റിങ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കും.
ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിൽ ഇതിനകം സാംസങ്, ഗൂഗിൾ, വിവോ, ഹോണർ തുടങ്ങിയ കമ്പനികൾ സജീവമാണെങ്കിലും ആപ്പിളിന്റെ പ്രവേശനം വിപണിയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് വ്യവസായ നിരീക്ഷകരുടെ അഭിപ്രായം. എന്നാൽ ചോർന്ന ചിത്രങ്ങൾ ഡമ്മി യൂണിറ്റുകളുടേതായതിനാൽ അന്തിമ ഉൽപ്പന്നത്തിന്റെ ഡിസൈനിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ആപ്പിൾ ഇതുവരെ ഫോൾഡബിൾ ഐഫോണിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും, പുതിയ ചോർച്ചകൾ ഫോൺ അവതരണത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ കൂടുതൽ ഉയർത്തിയിരിക്കുകയാണ്.


