2026 സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോൺ 18 പ്രോ, പ്രോ മാക്സ് മോഡലുകളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്ത്. മെച്ചപ്പെട്ട ബാറ്ററി, ചെറിയ ഡൈനാമിക് ഐലൻഡ്, പുതിയ A20 പ്രോ ചിപ്പ്, വേരിയബിൾ അപ്പേർച്ചർ ക്യാമറ എന്നിവ പ്രധാന ആകർഷണങ്ങളാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിലയിൽ കാര്യമായ വർധനവ് ഉണ്ടാകില്ലെന്നും സൂചനകളുണ്ട്.

പ്പിളിന്റെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് സ്‍മാർട്ട്ഫോണുകളായ ഐഫോൺ 18 പ്രോയും ഐഫോൺ 18 പ്രോ മാക്‌സും അടുത്ത രണ്ട് മാസത്തിനുള്ളിൽ അവതരിപ്പിക്കപ്പെടും എന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ 2026-ലെ ആദ്യത്തേതോ രണ്ടാമതോ ആഴ്ചയിൽ നടക്കുന്ന വാർഷിക ലോഞ്ച് ഇവൽ പുതിയ മോഡലുകൾ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഫോണിന്റെ ഡിസൈൻ, ക്യാമറ, ബാറ്ററി, പ്രോസസർ, വില എന്നിവ സംബന്ധിച്ച നിരവധി വിവരങ്ങൾ ഇതിനോടകം തന്നെ ചോർന്നിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റിപ്പോർട്ടുകൾ പ്രകാരം, ഐഫോൺ 18 പ്രോ മാക്‌സിന്റെ ഏറ്റവും വലിയ ആകർഷണം മെച്ചപ്പെട്ട ബാറ്ററി ശേഷി ആയിരിക്കാം. നിലവിലെ മോഡലിനെ അപേക്ഷിച്ച് ഫോണിന്റെ കനം ചെറിയ തോതിൽ വർധിപ്പിച്ച് 8.8 മില്ലിമീറ്റർ ആക്കാനാണ് ആപ്പിൾ പദ്ധതിയിടുന്നതെന്നാണ് സൂചന. ഇതിലൂടെ 5,100mAh മുതൽ 5,200mAh വരെ ശേഷിയുള്ള വലിയ ബാറ്ററി ഉൾപ്പെടുത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. കൂടുതൽ വൈദ്യുതി കാര്യക്ഷമതയുള്ള പുതിയ ചിപ്‌സെറ്റും ഡിസ്പ്ലേ സാങ്കേതികവിദ്യയും ചേർന്നാൽ ബാറ്ററി ബാക്കപ്പിൽ വലിയ പുരോഗതി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിസ്പ്ലേ വലിപ്പത്തിൽ മാറ്റമുണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ 18 പ്രോയിൽ 6.3 ഇഞ്ച് സ്ക്രീനും പ്രോ മാക്‌സിൽ 6.9 ഇഞ്ച് സ്ക്രീനും തുടരുമെന്നാണ് സൂചന. എന്നാൽ പുതിയ LTPO+ OLED ഡിസ്പ്ലേ സാങ്കേതികവിദ്യ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഡിസൈനിലും ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. നിലവിലെ മോഡലുകളിലെ ഡൈനാമിക് ഐലൻഡിന്റെ വലിപ്പം കുറയ്ക്കാനാണ് ആപ്പിൾ ശ്രമിക്കുന്നതെന്ന് പ്രമുഖ ടെക് ലീക്കർമാർ വ്യക്തമാക്കുന്നു. ഏകദേശം 35 ശതമാനം വരെ ചെറുതാകുന്ന ഡൈനാമിക് ഐലൻഡ് കൂടുതൽ സ്ക്രീൻ സ്പേസ് ഉപയോക്താക്കൾക്ക് ലഭ്യമാക്കും.

ക്യാമറ വിഭാഗത്തിലും ശ്രദ്ധേയമായ നവീകരണങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ട്രിപ്പിൾ ക്യാമറ സംവിധാനവും വലിയ ക്യാമറ മോഡ്യൂളും തുടരുമെങ്കിലും, പ്രധാന ക്യാമറയിൽ വേരിയബിൾ അപ്പർച്ചർ സാങ്കേതികവിദ്യ അവതരിപ്പിക്കാനാണ് ആപ്പിൾ പരീക്ഷണം നടത്തുന്നത്. ഇത് വെളിച്ചത്തിന്റെ അളവ് ഉപയോക്താക്കൾക്ക് നിയന്ത്രിക്കാൻ സഹായിക്കുകയും ഫോട്ടോഗ്രാഫിയിൽ കൂടുതൽ സൗകര്യം നൽകുകയും ചെയ്യും. കൂടാതെ മെച്ചപ്പെട്ട സ്റ്റാക്ക്ഡ് ഇമേജ് സെൻസറും ടെലിഫോട്ടോ ലെൻസിനായി വലിയ അപ്പർച്ചറും ലഭിക്കുമെന്നാണ് സൂചന.

പെർഫോമൻസിന്‍റെ കാര്യത്തിൽ, പുതിയ A20 പ്രോ ചിപ്‌സെറ്റാണ് ഫോണിന് കരുത്തേകുക. TSMCയുടെ അത്യാധുനിക 2 നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമ്മിക്കുന്ന ഈ പ്രോസസർ മുൻതലമുറയെ അപേക്ഷിച്ച് 15 ശതമാനം കൂടുതൽ വേഗതയും 30 ശതമാനം വരെ മെച്ചപ്പെട്ട വൈദ്യുതി കാര്യക്ഷമതയും നൽകുമെന്നാണ് റിപ്പോർട്ടുകൾ. കണക്റ്റിവിറ്റി മേഖലയിലും മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. ആപ്പിളിന്റെ പുതിയ C2 മോഡം, എംഎംവേവ് 5G പിന്തുണ, മെച്ചപ്പെടുത്തിയ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സൗകര്യങ്ങൾ എന്നിവ ഫോണിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.

വിലയിൽ വലിയ വർധനവ് പ്രതീക്ഷിക്കപ്പെടുന്നില്ല എന്നതാണ് ഇന്ത്യൻ ഉപഭോക്താക്കൾക്ക് ആശ്വാസകരമായ ഒരു കാര്യം. ഐഫോൺ 17 പ്രോ സീരീസിന്റെ വില നിലവാരത്തിൽ തന്നെ ഐഫോൺ 18 പ്രോ സീരീസ് എത്താൻ സാധ്യതയുണ്ട് എന്നാണ് നിലവിലെ റിപ്പോർട്ടുകൾ. ഐഫോൺ 17 പ്രോ ഇന്ത്യയിൽ 1,34,900 രൂപയ്ക്കും പ്രോ മാക്‌സ് 1,49,900 രൂപയ്ക്കുമാണ് പുറത്തിറക്കിയത്. പുതിയ മോഡലുകൾക്കും സമാന വില നിലനിർത്താൻ ആപ്പിൾ ശ്രമിക്കും എന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ.

ലോഞ്ച് തീയതി അടുത്തുവരുന്നതിനാൽ വരും ആഴ്ചകളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും ടെക്ക് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോഞ്ചുകളിലൊന്നായി ഐഫോൺ 18 പ്രോ സീരീസ് ലോഞ്ച് മാറിയിരിക്കുകയാണ്.