ഐഫോൺ എയറിന്റെ പിൻഗാമിയായ ഐഫോൺ എയർ 2, വലിയ ബാറ്ററിയും ഡ്യുവൽ റിയർ ക്യാമറ സംവിധാനവുമായി എത്തുമെന്ന് റിപ്പോർട്ടുകൾ. 2 നാനോമീറ്റർ A20 ചിപ്‌സെറ്റും 120Hz ഡിസ്‌പ്ലേയും ഫോണിന്റെ പ്രധാന ആകർഷണങ്ങളാകുമെന്നാണ് സൂചന. 2027-ന്റെ തുടക്കത്തിൽ ഈ പുതിയ മോഡൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആപ്പിളിന്റെ ഏറ്റവും കനംകുറഞ്ഞ സ്‍മാർട്ട്ഫോണെന്ന വിശേഷണവുമായി കഴിഞ്ഞ വർഷം അവതരിപ്പിച്ച ഐഫോൺ എയറിന്റെ പിൻഗാമിയായ ഐഫോൺ എയർ 2 കൂടുതൽ വലിയ ബാറ്ററിയും ഡ്യുവൽ റിയർ ക്യാമറ സംവിധാനവും ഉൾപ്പെടുത്തി എത്തുമെന്ന് റിപ്പോർട്ടുകൾ. ആദ്യതലമുറ ഐഫോൺ എയറിന്റെ ആകർഷകമായ ഡിസൈൻ ശ്രദ്ധ നേടിയിരുന്നെങ്കിലും ചെറിയ ബാറ്ററിയും ഒറ്റ പിൻക്യാമറയും വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ പോരായ്‍മകൾ പരിഹരിച്ചുകൊണ്ടായിരിക്കും പുതിയ മോഡൽ എത്തുക എന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ചൈനീസ് ടിപ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ, സപ്ലൈ ചെയിൻ വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവിട്ട വിവരമനുസരിച്ച്, ഐഫോൺ എയർ 2ൽ 3,500mAh ബാറ്ററിയായിരിക്കും ഉൾപ്പെടുത്തുക. നിലവിലെ ഐഫോൺ എയറിൽ 3,149mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ലീക്ക് ശരിയാണെങ്കിൽ പുതിയ മോഡലിൽ ബാറ്ററി ലൈഫിൽ ശ്രദ്ധേയമായ പുരോഗതി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പെർഫോമൻസിന്‍റെ കാര്യത്തിലും പുതിയ ഐഫോൺ എയർ 2 വലിയ മാറ്റങ്ങളുമായി എത്തുമെന്നാണ് റിപ്പോർട്ടുകൾ. 2 നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമ്മിക്കുന്ന ആപ്പിളിന്റെ പുതിയ A20 ചിപ്‌സെറ്റായിരിക്കും ഫോണിന് കരുത്തേകുക. 120Hz റിഫ്രഷ് റേറ്റുള്ള 6.55 ഇഞ്ച് ഡിസ്പ്ലേ, 3ഡി ഫേസ് റെക്കഗ്നിഷൻ സംവിധാനം എന്നിവയും ഫോണിലുണ്ടാകുമെന്നാണ് സൂചന.
ക്യാമറ വിഭാഗത്തിലും വലിയ അപ്ഗ്രേഡാണ് പ്രതീക്ഷിക്കുന്നത്. 48 മെഗാപിക്സൽ പ്രധാന ക്യാമറയ്ക്കൊപ്പം അൾട്രാ വൈഡ് ആംഗിൾ ലെൻസും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സംവിധാനമായിരിക്കും ഐഫോൺ എയർ 2ൽ ഉണ്ടാകുക. നിലവിലെ ഐഫോൺ എയറിൽ 48 മെഗാപിക്സൽ ഒറ്റ പിൻക്യാമറ മാത്രമാണ് നൽകിയിട്ടുള്ളത്. 2027ന്റെ തുടക്കത്തിൽ അടിസ്ഥാന മോഡലായ ഐഫോൺ 18നൊപ്പം ഐഫോൺ എയർ 2 അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതുസംബന്ധിച്ച് ആപ്പിൾ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ എയർ ഇന്ത്യയിൽ 256GB സ്റ്റോറേജ് പതിപ്പിന് 1,19,900 രൂപ വിലയിലാണ് അവതരിപ്പിച്ചത്. 512GB, 1TB പതിപ്പുകൾക്ക് യഥാക്രമം 1,39,900 രൂപയും 1,59,900 രൂപയുമായിരുന്നു വില. A19 പ്രോ ചിപ്‌സെറ്റും 6.5 ഇഞ്ച് ഡിസ്പ്ലേയും 5.6 മില്ലീമീറ്റർ കനവും 48 മെഗാപിക്സൽ പിൻക്യാമറയും 18 മെഗാപിക്സൽ മുൻക്യാമറയും ഉൾപ്പെടുത്തിയാണ് നിലവിലെ ഐഫോൺ എയർ വിപണിയിൽ എത്തിയത്.


