ആപ്പിളിന്‍റെ ഏറ്റവും സ്ലിമ്മായ സ്‌മാര്‍ട്ട്‌ഫോണ്‍ എന്ന വിശേഷണവുമായി വിപണിയിലെത്തിയ ഐഫോണ്‍ എയര്‍ വലിയ ചര്‍ച്ചയാവുകയാണ്. എന്നാല്‍ ഇതിനേക്കാള്‍ കട്ടി കുറഞ്ഞ ഒരു സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ ബ്രാന്‍ഡായ മൈക്രോമാക്‌സിനുണ്ടായിരുന്നു

ദില്ലി: ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 9-ാം തീയതി ആപ്പിള്‍ കമ്പനി ഐഫോണ്‍ 17 സീരീസ് പുറത്തിറക്കിയപ്പോള്‍ ഏറ്റവും ആകര്‍ഷണമായത് ഐഫോണ്‍ എയര്‍ മോഡലായിരുന്നു. വെറും 5.6 എംഎം മാത്രം കട്ടിയുമായി ചരിത്രത്തിലെ ഏറ്റവും സ്ലിമ്മായ ഐഫോണ്‍ എന്ന ഖ്യാതി ഈ ഫോണ്‍ നേടിയിരുന്നു. പത്ത് വര്‍ഷം മുമ്പ് ഒരു ഇന്ത്യന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ ഇതിലും നേര്‍ത്ത ഡിസൈനുമായി വിപണിയെ അമ്പരപ്പിച്ചിരുന്നു എന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യന്‍ ബ്രാന്‍ഡായ മൈക്രോമാക്‌സിന്‍റെ കാന്‍വാസ് സില്‍വര്‍ 5 (Micromax Canvas Sliver 5) എന്ന ഫോണ്‍ മോഡലായിരുന്നു ഇത്.

മൈക്രോമാക്‌സ് കാന്‍വാസ് സില്‍വര്‍ 5

വെറും 97 ഗ്രാം ഭാരവും 4.8 ഇഞ്ച് അമോലെഡ് എച്ച്‌ഡി ഡിസ്‌പ്ലെയും 2000 എംഎഎച്ച് ബാറ്ററിയും സഹിതം അലുമിനിയം ഫ്രെയിമില്‍ വന്ന സ്‌മാര്‍ട്ട്‌ഫോണായിരുന്നു മൈക്രോമാക്‌സ് കാന്‍വാസ് സില്‍വര്‍ 5. 2015ലായിരുന്നു ഈ ഫോണിന്‍റെ അവതരണം. 17,999 രൂപയായിരുന്നു അന്ന് ഏറ്റവും വിലയുണ്ടായിരുന്ന മൈക്രോമാക്‌സ് മോഡലുകളിലൊന്നായ കാന്‍വാസ് സില്‍വര്‍ 5 ഫോണിന് വില. ഈ സ്‌മാര്‍ട്ട്‌ഫോണിന് 5.1 എംഎം മാത്രമായിരുന്നു കട്ടി. ക്യാമറ ബംബിന്‍റെ ആധിക്യം പോലുമില്ലാതെ ഈ ഫോണിന്‍റെ എല്ലാ ഭാഗത്തും 5.1 മില്ലീമീറ്ററായിരുന്നു കട്ടി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ 5.6 എംഎം കട്ടി കണക്കാക്കുന്ന ഐഫോണ്‍ എയറിന്‍റെ ക്യാമറ ബംബിന് ഇതിലേറെ വലിപ്പമുണ്ടായിരുന്നു. 

2014-15 കാലത്താണ് സൂപ്പര്‍ സ്ലിം സ്‌മാര്‍ട്ട്‌ഫോണുകള്‍ വിപണി കീഴടക്കിത്തുടങ്ങിയത്. എന്നാല്‍ മൈക്രോമാക്‌സിന്‍റെ 5.1 എംഎം മാത്രം കട്ടിയുള്ള കാന്‍വാസ് സില്‍വര്‍ 5 അല്ല നാളിതുവരെയുള്ള ഏറ്റവും സ്ലിമ്മായ സ്‌മാര്‍ട്ട്‌‌ഫോണ്‍. 4.75 മില്ലീമീറ്റര്‍ മാത്രം കട്ടിയുള്ള Vivo X5 Max ആണ് ചരിത്രത്തിലെ ഏറ്റവും സ്ലിമ്മായ നോണ്‍-ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണ്‍. 2014ലായിരുന്നു വിവോ ഇത് പുറത്തിറക്കിയത്. 4.85 എംഎം മാത്രം കട്ടിയുള്ള ഓപ്പോ ആര്‍5 പോലുള്ള മോഡലുകളും സ്ലിം ഫോണുകളുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. സ്ലിം ഫോണുകളുടെ വിപണി സജീവമാകുന്നതിനിടെ 2015-ന്‍റെ മധ്യത്തിലാണ് മൈക്രോമാക്‌സ് കാന്‍വാസ് സില്‍വര്‍ 5 പുറത്തിറക്കിയത്.

എവിടെപ്പോയി മൈക്രോമാക്‌സ് ഫോണുകള്‍?

ഒരുകാലത്ത് ഇന്ത്യന്‍ സ്‌മാര്‍ട്ട്ഫോണ്‍ വിപണിയിലെ സജീവ സാന്നിധ്യമായിരുന്നു മൈക്രോമാക്‌സ്. റഷ്യ പോലുള്ള ചില രാജ്യാന്തര മാര്‍ക്കറ്റിലും കമ്പനിക്ക് സാന്നിധ്യമുണ്ടായിരുന്നു. 2015ന്‍റെ തുടക്കത്തില്‍ ലോകത്തിലെ ഏറ്റവും വലിയ പത്താമത്തെ സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനിയായിരുന്നു മൈക്രോമാക്‌സ്. ഇന്ത്യയില്‍ സാംസങ്, ഓപ്പോ, വിവോ, ആപ്പിള്‍, ഷവോമി, വണ്‍പ്ലസ് തുടങ്ങിയ ബ്രാന്‍ഡുകളുമായി മൈക്രോമാക്‌സ് കടുത്ത മത്സരം കാഴ്‌ചവെച്ചു. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഫീച്ചറുകള്‍ നല്‍കുന്ന ഫോണുകളായിരുന്നു മൈക്രോമാക്‌സ് അവതരിപ്പിച്ചിരുന്നത്. ചൈനീസ് ഫോണുകളുടെ കോപ്പിയടിയാണ് മൈക്രോമാക്‌സ് എന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നു. ഇന്ന് സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മൈക്രോമാക്‌സ് വലിയ സാന്നിധ്യമല്ലെങ്കിലും ഐഫോണ്‍ എയറിനേക്കാള്‍ കട്ടി കുറഞ്ഞൊരു ഇന്ത്യന്‍ ഫോണ്‍ ഒരുകാലത്തുണ്ടായിരുന്നു എന്നതാണ് പലര്‍ക്കും അറിയാത്ത യാഥാര്‍ഥ്യം.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming