ആപ്പിളും സാംസങും ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണം വര്‍ധിപ്പിക്കാന്‍ സാധ്യത തെളിയുന്നു, ട്രംപ് തീരുവ വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ഈ നീക്കം

ദില്ലി: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഉയർന്ന ഇറക്കുമതി തീരുവകൾ കാരണം ടെക് ഭീമന്മാരായ ആപ്പിളും സാംസങും ഉൾപ്പെടെയുള്ള കമ്പനികൾ ആഗോള ഉൽപ്പാദനത്തിന്‍റെ വലിയൊരു ഭാഗം ഇന്ത്യയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോർട്ട്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 54 ശതമാനവും വിയറ്റ്നാമീസ് ഉൽപ്പന്നങ്ങൾക്ക് 46 ശതമാനവും ഇന്ത്യൻ ഉല്‍പ്പന്നങ്ങള്‍ക്ക് 26 ശതമാനവും തീരുവ ചുമത്തുമെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം. അതുകൊണ്ടുതന്നെ യുഎസിലേക്കുള്ള കയറ്റുമതിക്ക് ഏറ്റവും ചെലവുകുറഞ്ഞ ഉൽപ്പാദന കേന്ദ്രമായി ഇന്ത്യ മാറിയേക്കും എന്നാണ് റിപ്പോർട്ടുകൾ.

ആപ്പിൾ വളരെക്കാലമായി ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കുന്നുണ്ട്. ചൈനീസ് നിർമ്മാണ ലൈനുകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇപ്പോൾ ഈ ടെക് കമ്പനിക്ക് കഴിയുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോർട്ടിനെ ഉദ്ദരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിലെ ഐഫോണ്‍ ഫാക്ടറികൾ ഉല്‍പ്പന്നങ്ങള്‍ യുഎസിലേക്ക് കയറ്റുമതി ചെയ്യാൻ മാത്രമായി ഉപയോഗിക്കപ്പെടുമെന്നും ഇന്ത്യയിലെ ഐഫോൺ നിര്‍മാണ മേഖലയില്‍ ഇതൊരു പ്രധാന കുതിച്ചുചാട്ടമായിരിക്കുമെന്നും ഒരു ഉന്നത വ്യവസായ ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

നിലവിൽ ഇന്ത്യയിലെ ഐഫോണുകൾ ഫോക്‌സ്‌കോണും ടാറ്റയും ചേർന്നാണ് അസംബിൾ ചെയ്യുന്നത്. ഇലക്ട്രോണിക്സ് നിർമ്മാണത്തിൽ ടാറ്റ അടുത്തകാലത്ത് തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുകയും മുമ്പ് വിസ്ട്രോണും പെഗാട്രോണും നടത്തിയിരുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്‍തിരുന്നു. യുഎഇ, സൗദി അറേബ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയാണ് നിര്‍മ്മാണ വിപുലീകരണത്തിന് മുന്നിൽ നിൽക്കുന്നതെന്നാണ് ആപ്പിൾ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളിൽ ആപ്പിൾ പൂർണ്ണമായും പുതിയ ഉൽ‌പാദന മേഖലകൾ വികസിപ്പിക്കുന്നില്ലെങ്കിൽ, ഇന്ത്യയിൽ നിന്നുള്ള ഉൽപ്പാദനത്തിലും കയറ്റുമതിയിലും വർദ്ധനവ് ഉണ്ടാകുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

ഈ നീക്കങ്ങൾ ഇന്ത്യയില്‍ ഫോക്‌സ്‌കോണിലും ടാറ്റയിലും പുതിയ നിക്ഷേപങ്ങൾ കൊണ്ടുവരാനും സാധ്യതയുണ്ട്. കൂടാതെ യുഎസിലേക്കുള്ള ഐഫോണുകളുടെ കയറ്റുമതി ഈ സാമ്പത്തിക വർഷത്തേക്കുള്ള നിലവിലെ എസ്റ്റിമേറ്റ് ആയ 10 ബില്യൺ ഡോളറിനപ്പുറം വളരാനും സാധ്യതയുണ്ട്. യുഎസും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ എങ്ങനെ വികസിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ആപ്പിളിന്‍റെ ഇന്ത്യൻ പദ്ധതികൾ എന്നും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം വിയറ്റ്നാമിലെ വൻ ഉൽപ്പാദന കേന്ദ്രത്തെ ദീർഘകാലമായി ആശ്രയിച്ചിരുന്ന സാംസങിനെയും ട്രംപിന്‍റെ പുതിയ താരിഫ് നയം ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. വിയറ്റ്നാമിൽ നിന്ന് ഏകദേശം 55 ബില്യൺ ഡോളറിന്‍റെ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ കമ്പനി കയറ്റുമതി ചെയ്യുന്നുണ്ട്. എന്നാൽ ഉയർന്ന തീരുവകൾ കാര്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമായി മാറ്റിയേക്കാം എന്നാണ് റിപ്പോർട്ടുകൾ. സാംസങിന്‍റെ നോയിഡ ഫാക്ടറിയിൽ ഗാലക്‌സി എസ് 25, ഫോൾഡ് തുടങ്ങിയ പ്രധാന മോഡലുകൾ ഇതിനകം തന്നെ നിർമ്മിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതിക്ക് ആവശ്യമായ ഉൽപ്പാദനം കൂട്ടാൻ കമ്പനിക്ക് വളരെ വേഗം സാധിക്കും.

Read more: തീരുവയുടെ കയ്പ് നുണഞ്ഞ് ആപ്പിള്‍, ഐ ഫോണ്‍ വില കുത്തനെ കൂട്ടേണ്ടി വരും; യുഎസില്‍ കണ്ണുവച്ച് സാംസങ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം