ആപ്പിള്‍ ഉത്പന്നങ്ങളെ സംബന്ധിച്ച കാര്യങ്ങള്‍ പ്രവചിക്കുന്ന അനലിസ്റ്റ് മിഗ് ചി കൂവോയാണ് ഇപ്പോള്‍ പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. 

ആപ്പിളിന്‍റെ ആദ്യത്തെ ഹെഡ്സെറ്റ് ഈ വര്‍ഷം പുറത്തിറങ്ങും എന്നത് എല്ലാവരും പ്രതീക്ഷിക്കുന്ന കാര്യമാണ്. വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്‍റഡ് റിയാലിറ്റി എന്നിവയുടെ ഒരു മിശ്രണമാണ് ഇതില്‍ ടെക് ലോകം പ്രതീക്ഷിക്കുന്നത്. ഇത്തരം ഒരു കൂടിച്ചേരലിനെ പൊതുവില്‍ മിക്സ്ഡ് റിയാലിറ്റി എന്നാണ് വിളിക്കാറ്. അതേ സമയം വലിയൊരു ലോഞ്ചിംഗ് തങ്ങളുടെ റിയാലിറ്റി ഗ്ലാസിന് ആപ്പിള്‍ ആലോചിക്കുന്നില്ലെന്നതാണ് പുതിയ വാര്‍ത്ത. അതായത് നിയന്ത്രിതമായ എണ്ണം റിയാലിറ്റി ഹെഡ്സെറ്റ് മാത്രമായിരിക്കും ആപ്പിള്‍ പുറത്തിറക്കുക.

ആപ്പിള്‍ ഉത്പന്നങ്ങളെ സംബന്ധിച്ച കാര്യങ്ങള്‍ പ്രവചിക്കുന്ന അനലിസ്റ്റ് മിഗ് ചി കൂവോയാണ് ഇപ്പോള്‍ പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. 9ടു5 മാക്കില്‍ വന്ന ഇദ്ദേഹത്തിന്‍റെ നോട്ട് പറയുന്നത് ഇങ്ങനെ, 'ആപ്പിള്‍ തങ്ങളുടെ റിയാലിറ്റി ഹെഡ്സെറ്റ് പദ്ധതി 2020 അവസാനത്തേക്ക് മാറ്റിവച്ചു', എന്നാല്‍ അടുത്ത ആപ്പിള്‍ ഐഫോണ്‍ പുറത്തിറക്കുന്ന ഈവന്‍റില്‍ ഈ റിയാലിറ്റി ഹെഡ്സെറ്റ് ഇറങ്ങുമെങ്കിലും അതിന്‍റെ ഷിപ്പിംഗ് 2022 അവസാനമോ, 2023 ആദ്യമോ മാത്രമേ ഉണ്ടാകൂ എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

നേരത്തെ അനലിസ്റ്റ് മിഗ് ചി കൂവോ തന്നെ നടത്തിയ പ്രവചനമാണ് ഇതിലൂടെ അദ്ദേഹം തിരുത്തുന്നത്. ഈ രംഗത്ത് നേരത്തെയുള്ള എതിരാളികളെ മറികടക്കാന്‍ ഡിസൈനിലും, സാങ്കേതികതയിലും ഏറെ ഗവേഷണത്തിന് ശേഷമാണ് ആപ്പിള്‍ വിആര്‍ എആര്‍ ഹെഡ്സെറ്റ് എത്തുന്നത്. അതേ സമയം സെപ്തംബറില്‍ ആപ്പിള്‍ ഈവന്‍റില്‍ മിക്സ്ഡ് റിയാലിറ്റി ഹെഡ്സെറ്റ് പുറത്തിറക്കും. ഒക്ടോബര്‍ നവംബറില്‍ ഓഡര്‍ സ്വീകരിക്കുകയും ഡിസംബര്‍ ജനുവരിയില്‍ അത് ഷിപ്പിംഗ് നടത്തുകയും ചെയ്യും. 

നൂതനമായ ത്രീഡിസ്പ്ലേ കോണ്‍ഫിഗ്രേഷനോടെയാണ് ഈ ഹെഡ് സെറ്റ് എത്തുക എന്നാണ് റിപ്പോര്‍ട്ട്. മൈക്രോ ഒഎല്‍ഇഡി ഡിസ്പ്ലേയും ഒരു എഎംഒഎല്‍ഇഡി ഡിസ്പ്ലേയുമാണ് ഇതിനുള്ളത്. എന്നാല്‍ ഇത് ഏത് രീതിയില്‍ ഉപയോഗപ്പെടുത്തും എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.