സാംസങ് അടക്കിഭരിക്കുന്ന ഫോള്‍ഡബിള്‍ വിപണിയിലേക്ക് ആപ്പിളും ഇറങ്ങുന്നു, എന്നാല്‍ മടക്കാവുന്ന ഐഫോണുകള്‍ക്കായുള്ള ഡിസ്‌പ്ലെ നിര്‍മ്മിക്കുന്നതും സാംസങ്
കാലിഫോര്‍ണിയ: ആപ്പിൾ നീണ്ട കാത്തിരിപ്പിനൊടുവില്‍ മടക്കാവുന്ന (ഫോള്‍ഡബിള്‍) സ്‍മാർട്ട്‌ഫോണുകളുടെ വിപണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ വർഷം അവസാനത്തോടെ ആപ്പിള്‍ കമ്പനി ആദ്യത്തെ ഫോള്‍ഡബിള്‍ ഐഫോണിന്‍റെ ഉത്പാദനം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ. ഐഫോണ്‍ 18 സീരീസിനൊപ്പം 2026-ലാകും മടക്കാവുന്ന രീതിയിലുള്ള കന്നി ഐഫോണ്‍ പുറത്തിറങ്ങുക.
ആപ്പിളിന്‍റെ കരാർ നിർമ്മാതാക്കളായ ഫോക്‌സ്‌കോൺ ഈ ഫോൾഡബിൾ സ്‍മാർട്ട്‌ഫോണിന്‍റെ നിർമ്മാണം ഈ വർഷം മൂന്നാംപാദത്തിന്‍റെ അവസാനത്തിലോ നാലാംപാദത്തിന്‍റെ തുടക്കത്തിലോ ആരംഭിക്കുമെന്ന് ടിഎഫ് സെക്യൂരിറ്റീസ് അനലിസ്റ്റ് മിംഗ്-ചി കുവോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ പറഞ്ഞു. എങ്കിലും അതിന്‍റെ ഹിഞ്ച് ഉൾപ്പെടെ നിരവധി ഘടകങ്ങളുടെ സവിശേഷതകൾ തീരുമാനിച്ചിട്ടില്ലെന്ന് കുവോ പറയുന്നു. ഈ ഫോൾഡബിൾ ഐഫോണിൽ സാംസങ്ങിന്‍റെ ഡിസ്‌പ്ലേയാണ് ഉപയോഗിക്കാന്‍ സാധ്യത. ഇതിനായി 70 ലക്ഷം മുതൽ 80 ലക്ഷം ഫ്ലെക്‌സിബിൾ പാനലുകൾ നിർമ്മിക്കാൻ സാംസങ് തയ്യാറെടുക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
സാംസങ്ങിൽ നിന്ന് 15 മുതൽ 20 ദശലക്ഷം ഫോൾഡബിൾ ഐഫോൺ പാനലുകൾ ആപ്പിൾ ഓർഡർ ചെയ്യുമെന്ന് കുവോ പറഞ്ഞു. രണ്ടോ മൂന്നോ വർഷത്തേക്ക് ഈ ഫോള്‍ഡബിളിനുള്ള ഡിമാൻഡുകൾ നിറവേറ്റുന്നതിന് ഈ ഓർഡർ സഹായിക്കും. അടുത്ത വർഷം രണ്ടാംപകുതിയിൽ ധാരാളം ഫോൾഡബിൾ ഐഫോണുകൾ നിർമ്മിക്കാനാണ് കമ്പനിയുടെ നീക്കം. ഫോള്‍ഡബിള്‍ ഐഫോണിന്‍റെ വില ഉയർന്നതായിരിക്കാനാണ് സാധ്യത. ആപ്പിളിൽ നിന്നുള്ള ഈ ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ സ്മാർട്ട്‌ഫോണിന് 5.5 പുറംഡിസ്‌പ്ലേയും 7.8 ഇഞ്ച് സ്‌ക്രീനും ഉണ്ടായിരിക്കാം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫോൾഡബിൾ സ്‍മാർട്ട്‌ഫോണുകളുടെ വിൽപ്പന അതിവേഗം വളരുകയാണ്. കൊറിയൻ ടെക് ഭീമനായ സാംസങ്ങിനാണ് ഈ വിഭാഗത്തിൽ ഏറ്റവും ഉയർന്ന വിപണി വിഹിതം.
ഈ വർഷത്തെ ആദ്യപാദത്തിൽ, ആപ്പിളിന്‍റെ ഐഫോൺ 16 അന്താരാഷ്ട്ര സ്മാർട്ട്‌ഫോൺ വിൽപ്പനയിൽ ഒന്നാം സ്ഥാനത്താണ്. ആദ്യ പാദത്തിലെ വിൽപ്പനയുടെ കാര്യത്തിൽ ആപ്പിളിന്‍റെ അഞ്ച് ഐഫോൺ മോഡലുകൾ മികച്ച 10 സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ ഇടം നേടി. കഴിഞ്ഞ വർഷം പുറത്തിറക്കിയ ഐഫോൺ 16 ഒന്നാംസ്ഥാനത്തും ഐഫോൺ 16 പ്രോ മാക്‌സ് രണ്ടാംസ്ഥാനത്തും ഐഫോൺ 16 പ്രോ മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു. ആപ്പിളിനെ സംബന്ധിച്ചിടത്തോളം, തുടർച്ചയായ മൂന്നാം പാദത്തിലും മൊത്തം ഐഫോൺ വിൽപ്പനയിൽ ഐഫോൺ 16 പ്രോ മോഡലുകളുടെ പങ്ക് പകുതിയോളം വരും. ഈ പട്ടികയിൽ, ഐഫോൺ 16ഇ ആറാംസ്ഥാനത്തും ഐഫോൺ 16 പ്ലസ് പത്താംസ്ഥാനത്തും ഇടംപിടിച്ചിട്ടുണ്ട്.



