CoE OLED എന്ന് പേരുള്ള പുത്തന്‍ സ്ക്രീന്‍ സാങ്കേതികവിദ്യ സാംസങ് ഫ്ലാഗ്‌ഷിപ്പായ ഗാലക്സി എസ്26 അള്‍ട്രയിലൂടെ അവതരിപ്പിക്കും എന്ന് റിപ്പോര്‍ട്ട്

ഗാലക്സി എസ്26 അള്‍ട്ര vs ഐഫോണ്‍ 17 പ്രോ മാക്‌സ് കിടമത്സരം കാണാനായി കാത്തിരിക്കുകയാണ് ടെക് പ്രേമികള്‍. ഈ പോരാട്ടത്തില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന ഡിസ്‌പ്ലെ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് സാംസങ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. നിറങ്ങളുടെ കൃത്യത, ബ്രൈറ്റ്‌നസ്, പവര്‍ എഫിഷന്‍സി എന്നിവ ഉറപ്പിക്കാനാണ് സാംസങിന്‍റെ ശ്രമം.

ആപ്പിളിന്‍റെ മുന്തിയ ഫ്ലാഗ്‌ഷിപ്പായ ഐഫോണ്‍ 17 പ്രോ മാക്‌സില്‍ വരാനിരിക്കുന്ന ഡിസ്‌പ്ലെയേക്കാള്‍ മികച്ച സ്ക്രീന്‍ ഒരുക്കാനുള്ള പദ്ധതിയിലാണ് ദക്ഷിണ കൊറിയന്‍ ടെക് ഭീമനായ സാംസങ് എന്നാണ് ആന്‍ഡ്രോയ്‌ഡ് ഹെഡ്‌ലൈന്‍സ് റിപ്പോര്‍ട്ട് ചെയ്തു. CoE OLED എന്ന് പേരുള്ള പുത്തന്‍ സ്ക്രീന്‍ സാങ്കേതികവിദ്യ സാംസങ് ഫ്ലാഗ്‌ഷിപ്പായ ഗാലക്സി എസ്26 അള്‍ട്രയിലൂടെ അവതരിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം എന്നാണ് റിപ്പോര്‍ട്ട്. സാധാരണ ഒഎല്‍ഇഡി ഡിസ്‌പ്ലെകളില്‍ നിന്ന് വ്യത്യസ്തമാണ് സാംസങ് അണിയിച്ചൊരുക്കുന്ന പുതിയ CoE OLED ഡിസ്‌പ്ലെ. എന്താണ് CoE OLED ഡിസ്‌പ്ലെയെ സാധാരണ ഒഎല്‍ഇഡി ഡിസ്‌പ്ലെയില്‍ നിന്ന് വ്യത്യസ്‌തമാക്കുന്നത് എന്ന് നോക്കാം.

CoE OLED ഡിസ്‌പ്ലെയുടെ പ്രത്യേകതകള്‍

സ്ക്രീനിലെ പ്രകാശം പുറപ്പെടുവിക്കുന്ന പാളിയിലേക്ക് കളര്‍ ഫില്‍ട്ടറുകള്‍ നേരിട്ട് സംയോജിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് CoE OLED. സാധാരണ ഒഎല്‍ഇഡി പാനലുകളില്‍ കളര്‍ ഫില്‍റ്ററുകളും ലൈറ്റ്-എമിറ്റിംഗ് പാളിയും വേറിട്ടാണ് സ്ഥിതി ചെയ്യുക. ഇത് ഡിസ്‌പ്ലെയുടെ മിഴിവ് അല്‍പമൊന്ന് കുറയ്ക്കാന്‍ ഇടവരുത്തിയിരുന്നു എന്ന് തിരിച്ചറിഞ്ഞാണ് സാംസങ് പുത്തന്‍ പരീക്ഷണത്തിന് മുതിരുന്നത്. ഒരേപാളിയില്‍ സംയോജിപ്പിക്കുന്നതോടെ CoE OLED, ഡിസ്‌പ്ലെയിലൂടെ പ്രകാശം കടന്നുപോകുന്നതിന്‍റെ കാര്യക്ഷമത വര്‍ധിപ്പിക്കും. ഇത് കൂടുതല്‍ ബാറ്ററി കവരാതെ സ്ക്രീനിന്‍റെ തെളിച്ചം വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കും. അതിശക്തമായ സൂര്യപ്രകാശത്തിന് കീഴെയും സ്ക്രീന്‍ തെളിച്ചത്തോടെ കാണാന്‍ ഈ സാങ്കേതികവിദ്യ ഇടവരുത്തും എന്നും സാംസങ് പ്രതീക്ഷിക്കുന്നു.

സാംസങിന്‍റെ പരീക്ഷണം വിജയിച്ചാല്‍ ഡിസ്‌പ്ലെ സാങ്കേതികവിദ്യയെ പുനഃനിര്‍വചിക്കുന്ന ടെക്‌നോളജിയാവും CoE OLED. ലൈറ്റ് സോഴ്‌സിനോട് വളരെ ചേര്‍ന്ന് കളര്‍ ഫില്‍റ്ററുകള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കൃത്യതയുള്ള നിറവും തെളിമയാര്‍ന്ന സ്ക്രീനും സൃഷ്ടിക്കാന്‍ CoE OLED-യ്ക്കായേക്കും. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സ്വാഭാവികമായ കാഴ്‌ചാനുഭവം ഈ ഡിസ്‌പ്ലെ നല്‍കുമെന്ന് കരുതാം. അതേസമയം, LTPO OLED ഡിസ്‌പ്ലെയാണ് ഐഫോണ്‍ 17 പ്രോ മാക്‌സില്‍ പറയപ്പെടുന്നത്. 

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News