സാംസങ്ങിന്‍റെ വരാനിരിക്കുന്ന ഗാലക്‌സി ഇസഡ് ട്രൈഫോൾഡ് 2 സ്മാർട്ട്ഫോണിൽ എസ്-പെൻ സ്റ്റൈലസിനായി ഹിഞ്ചിനകത്ത് പ്രത്യേക സ്ലോട്ട് ഉൾപ്പെടുത്തുമെന്ന് പുതിയ പേറ്റന്‍റ് വിവരങ്ങൾ സൂചിപ്പിക്കുന്നു. ഈ ഡിസൈൻ ഫോൾഡബിൾ ഫോൺ വിപണിയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് പ്രതീക്ഷ.
സോള്‍: കൊറിയൻ ടെക്ക് ഭീമനായ സാംസങ്ങിന്‍റെ വരാനിരിക്കുന്ന ട്രൈ-ഫോൾഡ് സ്‍മാർട്ട്ഫോൺ ആയ സാംസങ് ഗാലക്‌സി ഇസഡ് ട്രൈഫോൾഡ് 2-വിനെ സംബന്ധിച്ച പുതിയ പേറ്റന്‍റ് വിവരങ്ങൾ ടെക് ലോകത്ത് വലിയ ചർച്ചയാകുകയാണ്. ഈ ഫോണിൽ എസ്-പെൻ സ്റ്റൈലസിനായി പ്രത്യേക സ്ലോട്ട് ഉൾപ്പെടുത്താനാണ് സാംസങ് പദ്ധതിയിടുന്നത് എന്നാണ് പുതിയ റിപ്പോർട്ടുകൾ. സ്റ്റൈലസ് ഫോണിന്‍റെ ഹിഞ്ചിനകത്തുതന്നെ സൂക്ഷിക്കാൻ സാധിക്കും എന്നതാണ് ഇതിന്‍റെ പ്രത്യേകത. ഇതിലൂടെ ഉപയോക്താക്കൾക്ക് എസ്-പെൻ എപ്പോഴും കൈവശം വയ്ക്കാൻ കൂടുതൽ സൗകര്യമൊരുങ്ങും.

പുറത്തുവരുന്ന സൂചനകള്‍
പേറ്റന്‍റ് രേഖകൾ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, സ്റ്റൈലസിന്‍റെ സ്ലോട്ട് ഫോണിന്‍റെ വലതുഭാഗത്തെ ഹിഞ്ചിന്‍റെ മധ്യത്തിലായിരിക്കും. ഫോൺ പൂർണ്ണമായി തുറക്കുമ്പോൾ സ്റ്റൈലസ് മധ്യഭാഗത്തും വലതുഭാഗത്തുമുള്ള ഫ്ലാപ്പുകൾക്കിടയിൽ കാണപ്പെടുമെന്നാണ് സൂചന. ഈ ഡിസൈൻ ആശയം അടിസ്ഥാനമാക്കി ലീക്കർമാർ തയ്യാറാക്കിയ റെൻഡറുകളിലും ഫോണിന് പർപ്പിൾ നിറഭേദം നൽകിയിരിക്കുന്നതായി കാണാം. കൂടാതെ, ഫോൾഡബിൾ സ്ക്രീന്‍റെ വലതുഭാഗത്ത് സെന്‍റർ ഹോൾ-പഞ്ച് ക്യാമറ ഡിസൈനും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം സാംസങ് ഗാലക്‌സി ഇസഡ് ട്രൈഫോൾഡ് വിപണിയിൽ നിന്നു പിന്‍വലിച്ചുവെന്ന റിപ്പോർട്ടുകളും ശ്രദ്ധ നേടുകയാണ്. 2025 ഡിസംബറിൽ പുറത്തിറങ്ങിയ ഈ ട്രൈ-ഫോൾഡ് മോഡൽ ദക്ഷിണ കൊറിയ, ചൈന, തായ്‌വാൻ, സിംഗപ്പൂർ, യുഎഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ മാത്രമാണ് ആദ്യം ലഭ്യമായിരുന്നത്. പുറത്തിറങ്ങി മൂന്ന് മാസം പിന്നിടുന്നതിനിടെ സാംസങ് ഈ മോഡലിന്‍റെ വിൽപ്പന നിർത്തിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഗാലക്‌സി ഇസഡ് ട്രൈഫോൾഡ്: ഫീച്ചറുകള്‍
സാങ്കേതിക സവിശേഷതകളിൽ ഗാലക്‌സി ഇസഡ് ട്രൈഫോൾഡിന് 10 ഇഞ്ച് വലുപ്പമുള്ള QXGA+ ഡൈനാമിക് അമോലെഡ് 2X ഇന്നർ ഡിസ്പ്ലേയാണ് നൽകിയിരുന്നത്. 120 ഹെര്‍ട്‌സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 1600 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവയും ഇതിൽ ഉണ്ടായിരുന്നു. കൂടാതെ 6.5 ഇഞ്ച് ഫുൾ-HD+ കവർ ഡിസ്പ്ലേയും ഫോണിൽ ഉൾപ്പെടുത്തിയിരുന്നു. സ്‍നാപ്പ് ഡ്രാഗൺ 8 എലൈറ്റ് ഫോർ ഗ്യാലക്‌സി പ്രോസസർ, 16 ജിബി റാം, 1 ടിബി വരെ സ്റ്റോറേജ് എന്നിവയും ഈ ഡിവൈസിന്‍റെ പ്രധാന സവിശേഷതകളാണ്. 5600 എംഎഎച്ച് ബാറ്ററിയും 45 വാട്‌സ് വയർഡ് ഫാസ്റ്റ് ചാർജിംഗും ഫോണിന് കരുത്തേകുന്നു. സാംസങ്ങിന്‍റെ അടുത്ത തലമുറ ട്രൈ-ഫോൾഡ് ഫോണിൽ എസ്-പെൻ ഹിഞ്ചിനകത്ത് ഉൾപ്പെടുത്തുന്ന ആശയം യാഥാർഥ്യമായാൽ, ഫോൾഡബിൾ സ്‍മാർട്ട്ഫോൺ വിപണിയിൽ ഇത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് ടെക് വിദഗ്‌ധരുടെ വിലയിരുത്തൽ.



