ഉപയോഗശൂന്യമായ പഴയ സ്മാർട്ട്ഫോണുകളെ മിനി ഡാറ്റാ സെന്ററുകളാക്കി മാറ്റാനുള്ള പുതിയ ഗവേഷണ പദ്ധതിയുമായി ഗൂഗിൾ. ഇ-മാലിന്യം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, ഫോണുകളുടെ മദർബോർഡുകൾ ഉപയോഗിച്ച് കമ്പ്യൂട്ടിങ് ക്ലസ്റ്ററുകൾ നിർമ്മിച്ച് വിദ്യാഭ്യാസ, ഗവേഷണ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഉപയോഗ ശൂന്യമായ പഴയ സ്മാർട്ട്ഫോണുകളെ മിനി ഡാറ്റാ സെന്ററുകളാക്കി മാറ്റാനുള്ള പുതിയ പദ്ധതിയുമായി ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനികളിലൊന്നായ ഗൂഗിൾ. ഇ-മാലിന്യം (ഇലക്ട്രോണിക് മാലിന്യം) കുറയ്ക്കുകയും നിലവിലുള്ള ഹാർഡ്‌വെയറുകളുടെ ഉപയോഗകാലാവധി വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഗവേഷണ പദ്ധതി നടപ്പാക്കുന്നത്.
അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ സാൻ ഡിയാഗോ (UC San Diego)യിലെ ഗവേഷകരുമായി സഹകരിച്ചാണ് ഗൂഗിൾ ഈ ആശയം വികസിപ്പിക്കുന്നത്. പഴയ പിക്‌സൽ സ്മാർട്ട്ഫോണുകളുടെ മദർബോർഡുകൾ ഉപയോഗിച്ച് ഏകദേശം 2,000 ഫോണുകൾ ഉൾപ്പെടുന്ന ഒരു കമ്പ്യൂട്ടിങ് ക്ലസ്റ്റർ നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്.
പദ്ധതിയുടെ ഭാഗമായി, ഉപയോഗശൂന്യമായ സ്‍മാർട്ട്ഫോണുകളിൽ നിന്ന് സ്ക്രീൻ, ബാറ്ററി, ക്യാമറ, പുറം കവചം തുടങ്ങിയ ഘടകങ്ങൾ നീക്കം ചെയ്യും. തുടർന്ന് പ്രോസസർ, മെമ്മറി, സ്റ്റോറേജ് എന്നിവ അടങ്ങിയ മദർബോർഡുകൾ മാത്രം നിലനിർത്തി അവയെ പരസ്‍പരം ബന്ധിപ്പിക്കും. ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിങ് സിസ്റ്റവും കുബർനെറ്റിസ് (Kubernetes) എന്ന മാനേജ്മെന്റ് പ്ലാറ്റ്‌ഫോമും ഉപയോഗിച്ചാണ് ഈ ക്ലസ്റ്ററുകൾ പ്രവർത്തിക്കുക.
ഗൂഗിളിന്റെ കണക്കുകൾ പ്രകാരം 25 മുതൽ 50 വരെ സ്മാർട്ട്ഫോണുകൾ ചേർന്ന ഒരു ക്ലസ്റ്ററിന് ചില പ്രത്യേക ജോലികളിൽ ഒരു ആധുനിക സർവറിന്റെ ശേഷിയോട് സമാനമായ പ്രകടനം കാഴ്ചവെക്കാൻ കഴിയും. നൂറുകണക്കിനോ ആയിരക്കണക്കിനോ ഫോണുകൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ കൂടുതൽ വലിപ്പമുള്ള ക്ലൗഡ് സേവനങ്ങൾ കൈകാര്യം ചെയ്യാനും സാധിക്കും.
എന്നാൽ, ഇത് എൻവിഡിയയുടെ ശക്തമായ എഐ സർവറുകൾക്ക് പകരമാകില്ലെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു. ജെമിനി പോലുള്ള വൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ പരിശീലിപ്പിക്കാൻ ആവശ്യമായ അതിശക്തമായ ജിപിയു അടിസ്ഥാന സൗകര്യങ്ങളെ ഈ സംവിധാനങ്ങൾ മാറ്റിസ്ഥാപിക്കില്ല. പകരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ പദ്ധതികൾ, വെബ് സേവനങ്ങൾ, ക്ലൗഡ് അധിഷ്ഠിത വികസന പ്ലാറ്റ്‌ഫോമുകൾ, ജൂപിറ്റർ നോട്ട്‌ബുക്ക് പരിതസ്ഥിതികൾ തുടങ്ങിയ ചെറുതും ഇടത്തരത്തിൽ ഉള്ളതുമായ കമ്പ്യൂട്ടിങ് ആവശ്യങ്ങൾക്കാണ് ഇവ പ്രധാനമായും ഉപയോഗിക്കുക.
സാധാരണയായി ഉപഭോക്താക്കൾ നാല് വർഷം കൂടുമ്പോൾ സ്‍മാർട്ട്ഫോണുകൾ മാറ്റുന്ന സാഹചര്യത്തിൽ, പ്രവർത്തനക്ഷമമായ പ്രോസസറുകളും മെമ്മറിയും മറ്റ് ഘടകങ്ങളും വീണ്ടും ഉപയോഗിക്കുന്നത് നിർമ്മാണവുമായി ബന്ധപ്പെട്ട കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സഹായിക്കുമെന്നാണ് ഗൂഗിളിന്റെ വിലയിരുത്തൽ. വിജയകരമായാൽ, ഈ പദ്ധതി ഭാവിയിൽ പരിസ്ഥിതി സൗഹൃദ ഡാറ്റാ സെന്ററുകൾക്ക് വഴിയൊരുക്കുകയും ഇ-മാലിന്യ പ്രശ്നത്തിന് ഒരു പ്രായോഗിക പരിഹാരമായി മാറുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.


