ഗൂഗിളിന്‍റെ ഏറ്റവും പുതിയ പിക്‌സൽ 10 പ്രോ ഫോൾഡ് സ്‌മാര്‍ട്ട്‌ഫോണിന്‍റെ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചു. 256 ജിബി സ്റ്റോറേജുള്ള ഈ മടക്കാവുന്ന സ്‌മാർട്ട്‌ഫോണിന്‍റെ ഏക വേരിയന്‍റിന്‍റെ വില 1,72,999 രൂപയാണ്.
ദില്ലി: അമേരിക്കൻ ടെക്‌നോളജി കമ്പനിയായ ഗൂഗിളിന്‍റെ പിക്‌സൽ 10 പ്രോ ഫോൾഡ് സ്‌മാര്‍ട്ട്‌ഫോണിന്‍റെ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചു. ഇതോടൊപ്പം, പിക്‌സൽ ബഡ്‌സ് 2എയും കമ്പനി വിൽപ്പനയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഓഗസ്റ്റിൽ നടന്ന 'മെയ്‌ഡ് ബൈ ഗൂഗിൾ' ഇവന്‍റിലാണ് കമ്പനി പിക്‌സൽ 10 സീരീസ് പുറത്തിറക്കിയത്. ഗൂഗിൾ പിക്‌സൽ 10, പിക്‌സൽ 10 പ്രോ, പിക്‌സൽ 10 പ്രോ എക്‌സ്‌എൽ എന്നിവ പുറത്തിറക്കിയതിന് ശേഷമാണ് ഈ സ്‌മാർട്ട്‌ഫോൺ സീരീസിന്‍റെ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചത്. ഈ മടക്കാവുന്ന സ്‍മാർട്ട്‌ഫോണിനൊപ്പം പിക്‌സൽ ബഡ്‌സ് 2എയും വിൽപ്പനയ്ക്ക് ലഭ്യമാക്കിയിട്ടുണ്ടെന്ന് ഗൂഗിൾ അറിയിച്ചു.
ഗൂഗിൾ പിക്‌സൽ 10 പ്രോ ഫോൾഡ് വില
256 ജിബി സ്റ്റോറേജുള്ള ഈ മടക്കാവുന്ന സ്‌മാർട്ട്‌ഫോണിന്‍റെ ഏക വേരിയന്‍റിന്‍റെ വില 1,72,999 രൂപയാണ്. ഗൂഗിൾ പിക്‌സൽ 10 പ്രോ ഫോൾഡ് മൂൺസ്റ്റോൺ നിറത്തിൽ ലഭ്യമാണ്. 12,999 രൂപയാണ് ഗൂഗിൾ പിക്‌സൽ ബഡ്‌സ് 2എയുടെ വില. ഹാസൽ, ഐറിസ് നിറങ്ങളിൽ ഇത് ലഭ്യമാണ്. ഗൂഗിളിന്‍റെ ഓൺലൈൻ സ്റ്റോർ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‍കാർട്ട്, തിരഞ്ഞെടുത്ത ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഗൂഗിൾ പിക്‌സൽ 10 പ്രോ ഫോൾഡ്, പിക്‌സൽ ബഡ്‌സ് 2എ എന്നിവ വാങ്ങാം.
എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഈ ഫോൾഡബിൾ സ്‌മാർട്ട്‌ഫോൺ വാങ്ങുമ്പോൾ 13,000 രൂപ വരെ കിഴിവ് ലഭിക്കും. ഗൂഗിൾ പിക്‌സൽ 10-ന്‍റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന് 79,999 രൂപ ആണ് വില. ഗൂഗിൾ പിക്‌സൽ 10 പ്രോയുടെ 16 ജിബി + 256 ജിബി വേരിയന്‍റിന് 109,999 രൂപയും പിക്‌സൽ 10 പ്രോ എക്‌സ്‌എല്ലിന്‍റെ 16 ജിബി + 256 ജിബി വേരിയന്‍റിന് 124,999 രൂപയും ആണ് വില.
ഗൂഗിൾ പിക്‌സൽ 10 പ്രോ ഫോൾഡ് സ്പെസിഫിക്കേഷനുകൾ
എട്ട് ഇഞ്ച് ഇന്‍റേണൽ, 6.4 ഇഞ്ച് ഔട്ടർ സ്‌ക്രീനുള്ള സൂപ്പർ ആക്റ്റുവ ഫ്ലെക്‌സ് ഡിസ്‌പ്ലേയാണ് ഈ സ്‌മാർട്ട്‌ഫോണിന്‍റെ സവിശേഷത. ഗൂഗിളിന്‍റെ ടെൻസർ ജി5 ചിപ്‌സെറ്റാണ് ഇതിന് കരുത്ത് പകരുന്നത്. ഗൂഗിളിന്‍റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയ്‌ഡ് 16-ലാണ് ഇത് പ്രവർത്തിക്കുന്നത്. സൂപ്പർ റെസല്യൂഷൻ സൂമും മാക്രോ ഫോക്കസും ഉള്ള 48 മെഗാപിക്‌സൽ പ്രൈമറി ക്യാമറ ഈ ഫോൾഡബിൾ സ്‌മാർട്ട്‌ഫോണിന്‍റെ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റത്തിൽ ഉൾപ്പെടുന്നു. പിക്‌സൽ 10 പ്രോ ഫോൾഡ് ഒറ്റ ചാർജിൽ 30 മണിക്കൂർ വരെ നിലനിൽക്കുമെന്ന് കമ്പനി പറയുന്നു.
അതേസമയം, ഗൂഗിളിന്‍റെ പിക്‌സൽ ബഡ്‍സ് 2a-യിൽ ടെൻസർ എ1 ചിപ്‌സെറ്റ് ലഭിക്കുന്നു. ഈ ടിഡബ്ല്യൂഎസ് ഇയർഫോണുകൾ ജെമിനി വഴി ഹാൻഡ്‌സ്-ഫ്രീ പിന്തുണ വാഗ്‌ദാനം ചെയ്യുന്നു. ഇവ ആക്‌ടീവ് നോയ്‌സ് ക്യാൻസലേഷനും (എഎന്‍സി) സഹിതമാണ് വരുന്നത്. എഎൻസി ഓണാക്കിയാൽ പിക്‌സൽ ബഡ്‌സ് 2a-യുടെ ബാറ്ററി ലൈഫ് ഏഴ് മണിക്കൂർ വരെ നീണ്ടുനിൽക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.


