എച്ച്എംഡി അവരുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോണായ എച്ച്എംഡി വൈബ് 2 5ജി മെയ് 21ന് ഇന്ത്യയിൽ അവതരിപ്പിക്കും. 6,000 എംഎഎച്ച് ബാറ്ററിയും 50എംപി എഐ ക്യാമറയുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ഫ്ലിപ്കാർട്ട് വഴി ലഭ്യമാകുന്ന ഫോണിന്റെ കോസ്മിക് ലാവൻഡർ നിറത്തിലുള്ള ടീസർ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്.
ദില്ലി: എച്ച്എംഡി അവരുടെ ഏറ്റവും പുതിയ സ്‌മാര്‍ട്ട്‌ഫോണായ എച്ച്എംഡി വൈബ് 2 5ജി (HMD Vibe 2 5G) ഹാന്‍ഡ്‌സെറ്റ് മെയ് 21ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ബജറ്റ് സെഗ്മെന്‍റിലുള്ള സ്‌മാര്‍ട്ട്‌ഫോണായിരിക്കും ഇത് എന്നാണ് സൂചന. 6,000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയിലുള്ള എച്ച്എംഡി വൈബ് 2 5ജിയുടെ കോസ്‌മിക് ലാവന്‍ഡര്‍ നിറത്തിലുള്ള ഫോണിന്‍റെ ടീസര്‍ പുറത്തുവന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എച്ച്എംഡി വൈബ് 5ജി ഫോണിന്‍റെ പിന്‍ഗാമിയാണ് എച്ച്എംഡി വൈബ് 2 5ജി.

എച്ച്എംഡി വൈബ് 2 5ജി: സവിശേഷതകള്‍
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാര്‍ട്ട് വഴിയാകും എച്ച്എംഡി വൈബ് 2 5ജി ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാവുക. എച്ച്എംഡി വൈബ് 2 5ജിയുടെ ഡൈസിനും പ്രധാന ഫീച്ചറുകളും ഫ്ലിപ്‌കാര്‍ട്ടിലെ പ്രത്യേക പേജില്‍ കാണാം. ചതുരാകൃതിയിലുള്ള വലിയ ക്യാമറ ഐലന്‍ഡാണ് ഫോണിന്‍റെ റിയര്‍ ഭാഗത്ത് ദൃശ്യമാകുന്നത്. ആന്‍ഡ്രോയ്‌ഡ് ഫോണുകളില്‍ സമീപകാലത്ത് പതിവായി കാണുന്ന ഡിസൈനാണിത്. കോസ്‌മിക് ലാവന്‍ഡര്‍ കളറിന് പുറമെ മറ്റേതെങ്കിലും നിറത്തില്‍ എച്ച്എംഡി വൈബ് 2 5ജി ലഭ്യമാവുമോ എന്ന് വ്യക്തമല്ല. മുന്‍ഗാമിയില്‍ 5,000 എംഎഎച്ച് ബാറ്ററിയായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ പുത്തന്‍ ഫോണിന് 6,000 എംഎഎച്ച് ശേഷിയുണ്ടാകും. 50എംപി എഐ ക്യാമറ എച്ച്എംഡി വൈബ് 2 5ജി ഫോണിലുണ്ടാകും എന്ന് ഉറപ്പായിട്ടുണ്ട്.
എച്ച്എംഡി വൈബ് 2 4ജിയും വിപണിയിലേക്ക്?
ഇതിന് പുറമെ, ഒരു 4ജി ഫോണും വിപണിയിലെത്തും എന്ന് സൂചനകളുണ്ടെങ്കിലും സ്ഥിരീകരണമില്ല. എച്ച്എംഡി വൈബ് 2 4ജി എന്നാണ് ഈ ഫോണിന് പറഞ്ഞുകേള്‍ക്കുന്ന പേര്. എച്ച്എംഡി വൈബ് 2 4ജിയില്‍ 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് സഹിതമുള്ള 6.75-ഇഞ്ച് എച്ച്‌ഡിപ്ലസ് എല്‍സിഡി ഡിസ്‌പ്ലെയും യുണിസോക് ടി7200 ചിപ്‌സെറ്റും 4 ജിബി റാമും 256 ജിബി സ്റ്റോറേജും പറഞ്ഞുകേള്‍ക്കുന്നു. 50എംപി പ്രധാന ക്യാമറ, 2എംപി സെക്കന്‍ഡറി സെന്‍സര്‍, 5എംപി സെല്‍ഫി ക്യാമറ, 5,000 എംഎഎച്ച് ബാറ്ററി, 10 വാട്‌സ് ചാര്‍ജിംഗ് പിന്തുണ എന്നിവയാണ് പറഞ്ഞുകേള്‍ക്കുന്ന മറ്റ് ഫീച്ചറുകള്‍.



