സ്മാർട്ട്ഫോൺ വിപണിയിൽ ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ ഫോണുകൾക്ക് ശേഷം വൈഡ്-ഫോൾഡബിൾ എന്ന പുതിയ ഡിസൈൻ ട്രെൻഡ് വരുന്നു. ഹോണർ, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 സീരീസ് ചിപ്‌സെറ്റോടുകൂടിയ ഒരു വൈഡ്-ഫോൾഡബിൾ ഫോൺ വികസിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സാംസങ്ങും സമാനമായ മോഡൽ പരീക്ഷിക്കുന്നതായി സൂചനകളുണ്ട്. 

ബെയ്‌ജിങ്: സ്‍മാർട്ട്ഫോൺ ലോകത്ത് ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ ഫോണുകൾക്ക് പിന്നാലെ ഇപ്പോൾ വൈഡ്-ഫോൾഡബിൾ എന്ന പുതിയ ഡിസൈൻ ട്രെൻഡിലേക്ക് നിർമ്മാതാക്കൾ കടക്കുന്നതായി റിപ്പോർട്ടുകൾ. സാംസങ്, ആപ്പിൾ തുടങ്ങിയ പ്രമുഖ കമ്പനികളും ഈ വിഭാഗത്തിൽ പുതിയ ഡിവൈസുകൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്നാണ് സൂചന. ഹോണർ (Honor) ഒരു ശക്തമായ വൈഡ്-ഫോൾഡബിൾ സ്‍മാർട്ട്ഫോൺ വികസിപ്പിക്കുന്നതായി ഇപ്പോൾ പുറത്തുവന്ന ഏറ്റവും പുതിയ ലീക്കുകൾ സൂചിപ്പിക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

പുത്തന്‍ ട്രെന്‍ഡാവാന്‍ വൈഡ്-ഫോൾഡബിൾ

ഒരു സ്‍മാർട്ടഫോൺ കമ്പനി 2 എൻഎം പ്രോസസ് അടിസ്ഥാനമാക്കിയുള്ള സ്‍നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 സീരീസ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന പുതിയ വൈഡ്-ഫോൾഡബിൾ ഡിവൈസ് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്ന് പ്രശസ്‍ത ടിപ്പ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോ വഴി പുറത്തുവിട്ട വിവരങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഇത് ഏത് കമ്പനിയാണ് എന്നതോ ബ്രാൻഡിന്‍റെ പേരോ ടിപ്‍സ്റ്റർ വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഹോണറിൽ നിന്ന് വരാനിരിക്കുന്ന ഒരു മടക്കാവുന്ന ഫോണാണ് ഇതെന്നാണ് പരക്കെയുള്ള നിഗമനം.

ഈ ചിപ്‌സെറ്റിൽ 2+3+3 ഒറിയോൺ സിപിയു കോൺഫിഗറേഷൻ ഉണ്ടായേക്കും എന്നാണ് റിപ്പോർട്ടുകൾ. കൂടാതെ 16MB L2 കാഷും ഉൾപ്പെടും. ഗ്രാഫിക്‌സ് വിഭാഗത്തിൽ അഡ്രേനോ 845 ജിപിയു ഉൾപ്പെടുത്തും എന്നാണ് സൂചന. ഇതിൽ ആറു-സ്ലൈസ് ഡിസൈൻ, 12MB GMEM ഗ്രാഫിക്സ് മെമ്മറി, 6MB സിസ്റ്റം-ലെവൽ കാഷ് എന്നിവയും പ്രതീക്ഷിക്കുന്നു. ഹോണറിന്‍റെ ഈ ഫോൾഡബിൾ ഫോണിന്‍റെ ഡിസൈൻ പരിശോധിച്ചാൽ 7.6 ഇഞ്ച് ഇന്നർ ഡിസ്‌പ്ലേയും 5.5 ഇഞ്ച് കവർ സ്ക്രീനും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിലെ ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ ഫോണുകളേക്കാൾ കൂടുതൽ വീതിയുള്ള ഫോർമാറ്റ് ആയിരിക്കും ഇതിന് ഉണ്ടായിരിക്കുക.

2027-ന്‍റെ ആദ്യപകുതിയില്‍ ഫോണ്‍ വിപണിയിലേക്ക്

ഈ ഫോൺ അടുത്ത വർഷത്തിന്‍റെ ആദ്യ പകുതിയിൽ വിപണിയിൽ എത്താൻ സാധ്യതയുണ്ട് എന്നാണ് ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ നൽകുന്ന വിവരങ്ങൾ. എന്നാൽ ഹോണർ ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. അതേസമയം, സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് വൈഡ് എന്ന പേരിൽ സമാനമായ ഒരു മോഡൽ പരീക്ഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇത് 7.6 ഇഞ്ച് ഇൻറർ ഡിസ്‌പ്ലേ, 4:3 ആസ്‌പെക്‌ട് റേഷ്യോ, ഏകദേശം 200 ഗ്രാം ഭാരം, 50-മെഗാപിക്‌സൽ ഡ്യുവൽ ക്യാമറ സെറ്റ്‌അപ്പ് എന്നിവയോടെ എത്താമെന്നാണ് സൂചന. ഹുവാവേയുടെ പ്യൂറ എക്‌സ് പോലുള്ള വൈഡ് ഡിസൈൻ ട്രെൻഡിനോടാണ് ഈ പുതിയ മാറ്റങ്ങൾ താരതമ്യം ചെയ്യപ്പെടുന്നത്. ഫോൾഡബിൾ സ്‍മാർട്ട്ഫോൺ വിപണിയിൽ വലിയ ഡിസൈൻ മാറ്റങ്ങളുടെ തുടക്കമായാണ് ഈ പുതിയ ലീക്കുകളെ കാണുന്നത്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News