ആപ്പിളിന്‍റെ അടുത്ത സ്‌മാര്‍ട്ട്‌ഫോണുകളെ കുറിച്ച് അറിയാൻ നിങ്ങൾക്കും ആഗ്രഹം ഉണ്ടെങ്കിൽ അതിന്‍റെ സാധ്യമായ വിലയെയും സവിശേഷതകളെയും കുറിച്ച് വിശദമായി അറിയാം
ദില്ലി: അടുത്ത മാസം ഐഫോൺ 17 സീരീസ് അവതരിപ്പിക്കാൻ ആപ്പിൾ ഒരുങ്ങുകയാണ്. ലോഞ്ചിന്‍റെ തീയതി ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുതിയ ഡിസൈൻ, കളർ ഓപ്ഷനുകൾ ഉൾപ്പെടെയുള്ള ചില പ്രധാന അപ്‌ഡേറ്റുകളെക്കുറിച്ച് ഇതിനകം കിംവദന്തികൾ പ്രചരിക്കുന്നുണ്ട്. പുതുതായി പ്രഖ്യാപിച്ച ഐഒഎസ് 26 അപ്‌ഡേറ്റും ഐഫോൺ 17 സീരീസിൽ ലഭ്യമാകാൻ സാധ്യതയുണ്ട്. ഐഫോണ്‍ 17 ശ്രേണിയിലെ പ്രോ മാക്സ് ഫ്ലാഗ്‌ഷിപ്പിനെ കുറിച്ച് കൂടുതലായി അറിയാം. ഈ വിശദാംശങ്ങൾ ആദ്യകാല ചോർച്ചാ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
ഐഫോൺ 17 സീരീസ് ലോഞ്ച് തീയതി
ആപ്പിൾ ഔദ്യോഗികമായി ഐഫോൺ 17 സീരീസ് റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. കിംവദന്തികൾ ശരിയാണെങ്കിൽ, ഐഫോൺ 17 സീരീസ് സെപ്റ്റംബർ 8ന് ലോഞ്ച് ചെയ്തേക്കും. ആപ്പിളിന്‍റെ ട്രാക്ക് റെക്കോർഡ് നോക്കുമ്പോൾ, സെപ്റ്റംബർ 19 മുതൽ പുത്തന്‍ ഫോണുകള്‍ വിൽപ്പനയ്‌ക്കെത്താം. സെപ്റ്റംബർ 12 അല്ലെങ്കിൽ സെപ്റ്റംബർ 13 മുതൽ പ്രീ-ബുക്കിംഗ് തുടങ്ങിയേക്കും.
ഐഫോൺ 17 പ്രോ മാക്‌സ് പുതിയ ഡിസൈൻ, നിറങ്ങൾ
ചതുരാകൃതിയിലുള്ള ക്യാമറ ഐലൻഡ് സൂചിപ്പിക്കുന്ന പുതിയ റെൻഡറുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ക്യാമറ ഐലൻഡിന്‍റെ വലതുവശത്ത് ഫ്ലാഷും LiDAR സെൻസറും സ്ഥാപിക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ, ഐഫോൺ 16 പ്രോ മാക്സിൽ കണ്ട സ്ഥാനത്തേക്കാൾ താഴെയായി ആപ്പിള്‍ ലോഗോ ഇടംപിടിച്ചേക്കും. പുതിയ അലുമിനിയം ഫ്രെയിം, ക്യാമറ ബമ്പിന്‍റെ പുതിയ പൊസിഷനിംഗ് എന്നിവയുൾപ്പെടെ ചില മാറ്റങ്ങളും ആപ്പിൾ വരുത്തിയേക്കും. കറുപ്പ്, വെള്ള, ചാര, കടും നീല, ഓറഞ്ച് നിറങ്ങളിൽ പുതിയ ആപ്പിൾ ഐഫോൺ 17 സീരീസ് ലഭ്യമാകാനാണിട.
സ്പെസിഫിക്കേഷനുകൾ
ഐഫോൺ 17 സീരീസിലെ സവിശേഷതകളെക്കുറിച്ച് പറയുകയാണെങ്കിൽ, 120 ഹെര്‍ട്‌സ് വേരിയബിൾ റിഫ്രഷ് റേറ്റ് സപ്പോർട്ടും 6.9 ഇഞ്ച് ഒഎൽഇഡി പാനലും ഉപയോഗിച്ചുള്ള ഡിസ്‌പ്ലെയുമായി ഐഫോൺ 17 പ്രോ മാക്സ് പുറത്തിറക്കിയേക്കും. മികച്ച പ്രകടനത്തിനും വേഗതയ്ക്കും വേണ്ടി, ഏറ്റവും പുതിയ എ19 പ്രോ പ്രോസസർ ഈ ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുത്താം. മാത്രമല്ല, ശക്തമായ ചിപ്‌സെറ്റിന് പുറമേ, 12 ജിബി റാമും ആപ്പിൾ ഇന്‍റലിജൻസ് സവിശേഷതകളും ലഭ്യമാണ്. ദീർഘനേരം ബാറ്ററി ബാക്കപ്പിനായി, 5000 എംഎഎച്ച് ബാറ്ററി, 50 വാട്സ് മാഗ്‌സേഫ് ചാർജിംഗ് പോലുള്ള സവിശേഷതകളോടെ ഈ ഫോൺ അവതരിപ്പിച്ചേക്കും എന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍.
ഫോണിലെ ക്യാമറ സജ്ജീകരണത്തെക്കുറിച്ച് പറയുമ്പോൾ, ഈ ഫോണിന് പിന്നിൽ 48 മെഗാപിക്സൽ പ്രൈമറി, 48 മെഗാപിക്സൽ ടെലിഫോട്ടോ, 48 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ സെൻസർ എന്നിവ ഉണ്ടായേക്കും. അതേസമയം, സെൽഫിക്കും വീഡിയോ കോളിംഗിനുമായി മുൻവശത്ത് 24 മെഗാപിക്സൽ ക്യാമറ നൽകാം. നിലവിലെ ഐഫോൺ 16 പ്രോ മാക്‌സിൽ പിന്നില്‍ രണ്ട് 48 മെഗാപിക്സൽ ക്യാമറകളും ഒരു 12 എംപി ക്യാമറയുമാണുള്ളത്.
ഐഫോൺ 17 പ്രോ മാക്സ് ഇന്ത്യയിലെ വില
ഇന്ത്യയില്‍ ആപ്പിൾ ഐഫോൺ 17 പ്രോ മാക്‌സിന് ഏകദേശം 1,65,000 രൂപ വില വരുമെന്നാണ് റിപ്പോർട്ടുകൾ. വിതരണ ശൃംഖലയിലെ നിലവിലുള്ള പ്രശ്‌നങ്ങളും പുതുതായി നടപ്പിലാക്കിയ വ്യാപാര താരിഫുകളെക്കുറിച്ചുള്ള അനിശ്ചിതത്വവുമാണ് വില വർധനയ്ക്ക് കാരണമെന്നും റിപ്പോർട്ടുകൾ പറയുന്നു.



