യുഎസില്‍ ഗൂഗിൾ പിക്സൽ 10 സീരീസ് ഡിവൈസുകൾ പൂർണ്ണമായും ഇ-സിം സാങ്കേതികവിദ്യയെ ആശ്രയിക്കും എന്നാണ് റിപ്പോർട്ടുകൾ
ഗൂഗിൾ പിക്സൽ 10 സീരീസ് ലോഞ്ച് ചെയ്യാൻ പോകുകയാണെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക ലോഞ്ചിന് മുമ്പ്, പിക്സൽ 10നെ സംബന്ധിച്ച് ഫാൻസിനെ അമ്പരപ്പിക്കുന്ന ഒരു റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. യുഎസില്‍ ഇറങ്ങുന്ന പുതിയ ഗൂഗിൾ പിക്സൽ 10 സീരീസിൽ ഫിസിക്കൽ സിം ട്രേ നീക്കം ചെയ്യുമെന്നാണ് ഒരു ടിപ്‍സ്റ്റർ അവകാശപ്പെടുന്നത്. പ്രശസ്‍ത ടിപ്സ്റ്ററായ ഇവാൻ ബ്ലാസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ എഴുതിയ ഒരു പോസ്റ്റാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗൂഗിൾ അതിന്‍റെ പുതുതലമുറയിലെ ചില ഹാൻഡ്‌സെറ്റുകളിൽ നിന്ന് ഫിസിക്കൽ സിം സ്ലോട്ട് നീക്കം ചെയ്യാൻ പദ്ധതിയിടുന്നതായിട്ടാണ് ഇവാൻ ബ്ലാസിന്‍റെ പോസ്റ്റ്.
യുഎസില്‍ ഗൂഗിൾ പിക്സൽ 10 സീരീസ് ഡിവൈസുകൾ പൂർണ്ണമായും ഇനി ഫിസിക്കൽ സിം കാർഡുകൾക്ക് പകരം ഇ-സിം സാങ്കേതികവിദ്യയെ ആശ്രയിക്കും എന്നാണ് റിപ്പോർട്ടുകൾ. ഈ ഫോണുകളെ നെറ്റ്‍വർക്കുമായി കണക്റ്റ് ചെയ്‌ത് നിർത്താൻ രണ്ട് ഇ-സ്ലിം സ്ലോട്ടുകൾ ലഭിക്കും. അതായത് നിങ്ങൾക്ക് സിം പുറത്തെടുക്കാനും മാറ്റിയിടാനും ചെറിയ പിൻ ഉപയോഗിച്ച് നിങ്ങളുടെ ഫോൺ ഇനി ഒരിക്കലും കുത്തേണ്ടി വരില്ല. എങ്കിലും യാത്രയ്ക്കിടയിൽ വേഗത്തിൽ സിമ്മുകൾ സ്വാപ്പ് ചെയ്യാനുള്ള കഴിവ് നിങ്ങൾക്ക് നഷ്‍ടപ്പെട്ടേക്കാം.
അതേസമയം, ലൈനപ്പിന്‍റെ മറ്റ് ഭാഗങ്ങൾക്കൊപ്പം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന ഫോൾഡബിൾ ആയ പിക്സൽ 10 പ്രോ ഫോൾഡ് അതിന്‍റെ ഫിസിക്കൽ സിം ട്രേയിൽ തന്നെ തുടരുമെന്ന് ഇവാൻ ബ്ലാസ് അവകാശപ്പെടുന്നു. ഇ-സിം മാത്രമുള്ള ഗൂഗിൾ ഫോണുകൾ അമേരിക്കയിൽ മാത്രമായി പരിമിതപ്പെടുത്തിയേക്കാം എന്നും ബ്ലാസ് പറയുന്നു. അങ്ങനെയാണെങ്കിൽ, മറ്റ് ആഗോള വിപണികളിലെ ഉപഭോക്താക്കൾക്ക് തുടർന്നും അവരുടെ പ്രിയപ്പെട്ട സിം സ്ലോട്ട് ലഭിച്ചേക്കാം. പക്ഷേ ഇക്കാര്യങ്ങളൊന്നും ഗൂഗിൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
എന്താണ് ഇ-സിം?
ഇ-സിം അഥവാ എംബെഡഡ് സിം എന്നത് ഫിസിക്കൽ സിം കാർഡിന്‍റെ ഒരു ഡിജിറ്റൽ രൂപമാണ്. ഇത് മൊബൈൽ ഫോണിന്‍റെ മദർബോർഡിൽ ഒരു ചിപ്പിന്‍റെ രൂപത്തിൽ ഉൾച്ചേർത്തിരിക്കും. ഉപയോക്താക്കൾ സോഫ്റ്റ്‌വെയർ വഴി സിം പ്രൊഫൈൽ (നിങ്ങളുടെ മൊബൈൽ നമ്പർ, നെറ്റ്‌വർക്ക് സെറ്റിംഗ്‍സ് മുതലായവ) ഡൗൺലോഡ് ചെയ്യണം. ക്യുആർ കോഡ് സ്‍കാൻ ചെയ്തുകൊണ്ടും നിങ്ങൾക്ക് ഈ സേവനം പൂർത്തിയാക്കാൻ കഴിയും. നിലവിൽ ആപ്പിൾ ഐഫോൺ, പിക്സൽ, സാംസങ് ഗാലക്സി, ആപ്പിൾ വാച്ച് പോലുള്ള നിരവധി സ്‌മാർട്ട് വാച്ചുകൾ എന്നിവയിൽ ഇ-സിം പിന്തുണ ലഭ്യമാണ്. എങ്കിലും നിലവിൽ ഇന്ത്യയിലെ എല്ലാ സ്‍മാർട്ട്‌ഫോണുകളിലും ഫിസിക്കൽ സിം പിന്തുണയ്ക്കുന്നു.


