പ്രീമിയം ടാബ്ലറ്റ് നിര വിപുലീകരിക്കുന്നതിന്റെ ഭാഗമായി വാവേ പുതിയൊരു മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 'ഡാലി' എന്ന കോഡ്നാമിൽ അറിയപ്പെടുന്ന ഈ ടാബ്ലറ്റ്, നിലവിലെ മേറ്റ്പാഡ് പ്രോ മാക്സിന്റെ കൂടുതൽ ഒതുക്കമുള്ള പതിപ്പായിരിക്കും. ഈ വർഷം അവസാനത്തോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ടാബ്ലറ്റിന്റെ ഔദ്യോഗിക വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പ്രീമിയം ടാബ്ലറ്റ് നിര വിപുലീകരിക്കാനൊരുങ്ങി ചൈനീസ് ടെക്ക് ബ്രാൻഡായ വാവേ. ഈ വർഷം അവതരിപ്പിച്ച മേറ്റ്പാഡ് പ്രോ മാക്സിന്റെ ചെറിയ പതിപ്പിന്റെ വികസനത്തിലാണ് കമ്പനിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. 'ഡാലി' (Dali) എന്ന കോഡ്‌നാമിലുള്ള ഈ ടാബ്ലറ്റ് കൂടുതൽ ഒതുക്കമുള്ള രൂപകൽപ്പനയോടെ ആയിരിക്കും എത്തുക എന്നും പ്രീമിയം വിഭാഗത്തിലായിരിക്കും അവതരിപ്പിക്കുക എന്നുമാണ് സൂചനകൾ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ ടിപ്‌സ്റ്റർ ഫിക്സ്ഡ് ഫോക്കസ് ഡിജിറ്റൽ പങ്കുവെച്ച വിവരങ്ങളാണ് പുതിയ അഭ്യൂഹങ്ങൾക്ക് ആധാരം. നിലവിലെ മേറ്റ്പാഡ് പ്രോ മാക്സിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും പുതിയ മോഡൽ. എന്നാൽ വലിയ ഡിസ്‌പ്ലേയ്ക്ക് പകരം കൂടുതൽ പോർട്ടബിലിറ്റിക്ക് പ്രാധാന്യം നൽകുന്ന ചെറിയ സ്‌ക്രീനുമായാകും ഇത് എത്തുകയെന്നാണ് റിപ്പോർട്ടുകൾ.

ടിപ്‌സ്റ്റർ പങ്കുവെച്ച പഴയ ലിസ്റ്റിങ്ങുകളിലും 'ഡാലി' കോഡ്‌നാമിലുള്ള ടാബ്ലറ്റിന്റെ സൂചനകൾ കാണുന്നുണ്ട്. ഡിസൈനിന്റെ കാര്യത്തിൽ ആപ്പിളിന്റെ ഐപാഡ് പ്രോയ്ക്ക് സമാനമായ രൂപകൽപ്പനയാകാമെന്നും വിലയിരുത്തലുണ്ട്. ഈ വർഷം അവസാനത്തോടെ പുതിയ ടാബ്ലറ്റ് അവതരിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഡിസ്‌പ്ലേ വലിപ്പം, പ്രോസസർ, ബാറ്ററി ശേഷി, ക്യാമറ, വില തുടങ്ങിയ പ്രധാന സവിശേഷതകൾ സംബന്ധിച്ച് ഹുവാവേ ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ഈ വർഷം മേയിൽ അവതരിപ്പിച്ച മേറ്റ്പാഡ് പ്രോ മാക്സിൽ 13.2 ഇഞ്ച് ഫ്ലെക്സിബിൾ ഒഎൽഇഡി ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. 144 ഹെർട്സ് റിഫ്രഷ് റേറ്റും 1,600 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസും ഡിസ്‌പ്ലേയുടെ പ്രത്യേകതയാണ്. ഹാർമണി ഒഎസ് 4.3 അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടാബ്ലറ്റിൽ 12 ജിബി റാമും പരമാവധി 512 ജിബി സ്റ്റോറേജും ലഭ്യമാണ്. ഫോട്ടോഗ്രഫിക്കായി 50 മെഗാപിക്സൽ പിൻ ക്യാമറയും 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹുവാവേ എം-പെൻസിൽ പ്രോ സ്റ്റൈലസിനും ഗ്ലൈഡ് കീബോർഡിനും പിന്തുണ നൽകുന്ന ടാബ്ലറ്റിൽ ആറ് സ്പീക്കറുകളും ഹുവാവേ സൗണ്ട് ഓഡിയോ സംവിധാനവും ലഭ്യമാണ്.

ബാറ്ററിയുടെ കാര്യത്തിൽ യൂറോപ്യൻ പതിപ്പിൽ 9,760 എംഎഎഎച്ച് ശേഷിയുള്ള ബാറ്ററിയും മറ്റ് ആഗോള വിപണികളിൽ 10,400 എംഎഎഎച്ച് ബാറ്ററിയുമാണ് നൽകിയിരിക്കുന്നത്. 66 വാട്ട് ഫാസ്റ്റ് ചാർജിംഗിനും 40 വാട്ട് വയർഡ് റിവേഴ്സ് ചാർജിംഗിനും പിന്തുണയുണ്ട്. നിലവിലെ മേറ്റ്പാഡ് പ്രോ മാക്സിന്റെ 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് യൂറോപ്പിൽ 1,399 യൂറോയാണ് വില. പുതിയ ചെറിയ മോഡലിന്റെ വിലയും വിപണിയിലെത്തുന്ന തീയതിയും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ടെക്ക് ലോകം.