ഹോണർ മാജിക് 8, ഹോണർ മാജിക് 8 പ്രോ എന്നീ രണ്ട് സ്‌മാര്‍ട്ട്‌ഫോണുകള്‍ വാവെയ് ഇന്ന് ചൈനീസ് വിപണിയില്‍ പുറത്തിറക്കും. ഫോണുകളുടെ സ്പെസിഫിക്കേഷനുകളും ഫീച്ചറുകളും വില സൂചനയും പുറത്ത്.
ബെയ്‌ജിംഗ്: ഹോണർ മാജിക് 8 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ ഇന്ന് പുറത്തിറങ്ങും. ചൈനീസ് വിപണിയിലാണ് കമ്പനി പുതിയ സ്‌മാർട്ട്‌ഫോൺ സീരീസ് ആദ്യം അവതരിപ്പിക്കുന്നത്. ഈ സീരീസിൽ രണ്ട് മോഡലുകൾ ഉൾപ്പെടും. ഹോണർ മാജിക് 8, ഹോണർ മാജിക് 8 പ്രോ എന്നിവയാണവ. ലോഞ്ചിന് മുന്നോടിയായി ഹോണർ മാജിക് 8 സീരീസ് സ്‌മാർട്ട്‌ഫോണുകളുടെ സവിശേഷതകൾ കമ്പനി വെളിപ്പെടുത്തി. രണ്ട് കളർ വേരിയന്‍റുകളിലാണ് സീരീസ് വാഗ്‍ദാനം ചെയ്യുന്നത്. ഇതാ ഹോണർ മാജിക് 8, ഹോണർ മാജിക് 8 പ്രോ സ്‌മാർട്ട്‌ഫോണുകളെക്കുറിച്ചുള്ള എല്ലാ പ്രധാന വിവരങ്ങളും.
ഹോണർ മാജിക് 8, ഹോണർ മാജിക് 8 പ്രോ: വില
ഹോണർ മാജിക് 8, ഹോണർ മാജിക് 8 പ്രോ എന്നിവയുടെ വില കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, ഈ പരമ്പരയിലെ സ്‌മാർട്ട്‌ഫോണുകൾക്ക് മാജിക് 7 സീരീസിന് സമാനമായ വിലയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹോണർ മാജിക് 7 12 ജിബി + 256 ജിബി വേരിയന്‍റിന് 4,499 യുവാന്‍ (ഏകദേശം 53,100 രൂപ) മുതൽ ആരംഭിക്കുന്നു. അതിന്‍റെ ഏറ്റവും ഉയർന്ന വേരിയന്‍റിന് 5,499 യുവാന്‍ (ഏകദേശം 64,900 രൂപ) ആണ് വില. ഹോണർ മാജിക് 7 പ്രോയുടെ 12 ജിബി + 256 ജിബി വേരിയന്‍റിന് 5,699 യുവാന്‍ (ഏകദേശം 67,300 രൂപ) ഉം, 16 ജിബി + 1 ടിബി മോഡലിന് 6,699 യുവാന്‍ (ഏകദേശം 79,100 രൂപ) ഉം ആണ് വില. തുടക്കത്തിൽ ഈ പുതിയ സ്‌മാർട്ട്‌ഫോണുകൾ ചൈനയിൽ മാത്രമാണ് ലഭിക്കുക. അതിനുശേഷം കമ്പനി ഇവ ആഗോള വിപണികളിൽ അവതരിപ്പിക്കും.
ഹോണർ മാജിക് 8, ഹോണർ മാജിക് 8 പ്രോ ഫീച്ചറുകൾ: സ്പെസിഫിക്കേഷനുകൾ
ഹോണർ മാജിക് 8-ന്‍റെ പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഉള്ള 6.58 ഇഞ്ച് 1.5കെ എല്‍ടിപിഒ ഫ്ലാറ്റ് ഡിസ്‌പ്ലേ ഉൾപ്പെടുന്നു. ഇത് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുമെന്നും 1 ടിബി ഓൺബോർഡ് സ്റ്റോറേജ് ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 10 ഹാൻഡ്‌സെറ്റ് പ്രവർത്തിപ്പിക്കും. ഹോണർ മാജിക് 8-ൽ 50-മെഗാപിക്‌സൽ പ്രൈമറി സെൻസർ, 50-മെഗാപിക്‌സൽ അൾട്രാവൈഡ് ലെൻസ്, 3എക്‌സ് ഒപ്റ്റിക്കൽ സൂമിനുള്ള പിന്തുണയുള്ള 64-മെഗാപിക്‌സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. സെൽഫികൾക്കായി, ഫോണിൽ 50-മെഗാപിക്‌സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറ ഉണ്ടായിരിക്കും. 90 വാട്‌സ് വയർഡ് ചാർജിംഗിനും 80 വാട്‌സ് വയർലെസ് ചാർജിംഗിനുമുള്ള പിന്തുണയുള്ള 7,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്.
അതേസമയം, ഹോണർ മാജിക് 8 പ്രോയിൽ 1.5കെ റെസല്യൂഷനോടുകൂടിയ 6.71 ഇഞ്ച് ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേയാണ് വരിക. പ്രോസസിംഗിനായി, 16 ജിബി റാമും 1 ടിബി സ്റ്റോറേജുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് ഈ ഡിവൈസിന് കരുത്ത് പകരും. ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 10-ലാവും പ്രവര്‍ത്തനം. ക്യാമറ വിഭാഗത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ഫോണിന്‍റെ പിൻഭാഗത്ത് ട്രിപ്പിൾ ക്യാമറ സജ്ജീകരണവുമുണ്ടാകും. പ്രധാന ക്യാമറ 50 മെഗാപിക്‌സൽ ആയിരിക്കും, 50 മെഗാപിക്‌സൽ അൾട്രാവൈഡ് ലെൻസും 200 മെഗാപിക്‌സൽ ടെലിഫോട്ടോ സെൻസറും ഉണ്ടാകും. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 50 മെഗാപിക്‌സൽ സെൽഫി ക്യാമറയും ഫോണിൽ ഉണ്ടായിരിക്കും. ഫോണിന് വലിയ 7200 എംഎഎച്ച് ബാറ്ററിയുണ്ടാകുമെന്നും 120 വാട്‌സ് വരെ ഫാസ്റ്റ് ചാർജിംഗിനെ ഇത് പിന്തുണച്ചേക്കും എന്നുമാണ് വിവരം.


