ലോകത്തെ രണ്ടാമത്തെ വലിയ സ്‌മാര്‍ട്ട്ഫോണ്‍ വിപണിയെന്ന റെക്കോർഡ് ഇന്ത്യയ്ക്ക്, നേട്ടം 2024ന്‍റെ മൂന്നാംപാദത്തിലെ കണക്കുകളില്‍ 

തിരുവനന്തപുരം: 2024ന്‍റെ മൂന്നാംപാദത്തില്‍ ലോകത്തെ രണ്ടാമത്തെ വലിയ സ്‌മാര്‍ട്ട്ഫോണ്‍ വിപണിയെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ. ജൂലൈ-സെപ്തംബര്‍ കാലയളവില്‍ വിറ്റഴിഞ്ഞ ഫോണ്‍ യൂണിറ്റുകളുടെ കണക്കനുസരിച്ച് ആഗോളവിപണിയുടെ 15.5 ശതമാനം വിഹിതമാണ് ഇന്ത്യയുടെതായി ഉള്ളത്. ഒന്നാം സ്ഥാനത്ത് ചൈനയാണ്. 22 ശതമാനമാണ് ചൈനയുടെ വിഹിതം. 12 ശതമാനവുമായി അമേരിക്ക മൂന്നാമത് നില്‍ക്കുന്നതായും സ്‌മാര്‍ട്ട്ഫോണ്‍ വില്‍പന സംബന്ധിച്ച് കൗണ്ടർപോയിന്‍റ് റിസർച്ച് തയ്യാറാക്കിയ റിപ്പോർട്ടില്‍ പറയുന്നു. 

അതേസമയം വിപണി മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണുള്ളത്. 12.3 ശതമാനമാണ് ഇന്ത്യയുടെ വിപണി വിഹിതം. നേരത്തെയിത് 12.1 ആയിരുന്നു. 31 ശതമാനം വിപണി വിഹിതവുമായി ചൈനയാണ് ഒന്നാമതുള്ളത്. 19 ശതമാനം വിഹിതമുള്ള അമേരിക്ക രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.

Read more: കൈയിലൊതുങ്ങുന്ന വിലയിലെ ഫ്ലാഗ്ഷി‌പ്പ് ലെവല്‍ ഫോണ്‍; ഐഫോണ്‍ എസ്ഇ 4ന് എത്ര രൂപയാകും?

140 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ സ്മാർട്ട്ഫോൺ വിപണി ഇപ്പോഴും വളർച്ചയുടെ തുടക്കത്തിലാണെന്ന് കൗണ്ടർപോയിന്‍റ് റിസർച്ച് സ്ഥാപകൻ നീൽ ഷാ പറയുന്നു. നിലവിൽ 69 കോടി സ്മാർട്ട്‌ഫോണുകളാണ് ഇന്ത്യയിലുള്ളതെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. മറ്റ് മേഖലകളിലേതുപോലെ പ്രീമിയം ഉല്‍പന്നത്തിലേക്കുള്ള മാറ്റം സ്മാർട്ട്ഫോണുകളിലും പ്രകടമായിട്ടുണ്ടെന്നും ഷാ പറയുന്നു. അതിനാൽ മൂല്യത്തിലും ഇന്ത്യ മുന്നേറ്റം തുടങ്ങിക്കഴിഞ്ഞു. ജൂലൈ-സെപ്റ്റംബർ കാലത്ത് ഇന്ത്യയിലെ സ്മാർട്ട്ഫോൺ വില്‍പനയിൽ മൂന്ന് ശതമാനം വർധനയുണ്ടായിട്ടുണ്ട്. മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ വളർച്ച 12 ശതമാനമാണ്. ഇന്ത്യൻ വിപണിയിലെ പ്രീമിയം ഫോണുകളിലേക്കുള്ള മാറ്റത്തിന്‍റെ സൂചനയായി ഇതിനെ കണക്കാക്കാം.

പ്രീമിയം വിഭാഗത്തിലുള്ള ഫോണുകളുടെ വില്പനയിൽ സാംസങ്, ആപ്പിൾ കമ്പനികളാണ് രാജ്യത്ത് മുന്നിലുള്ളത്. മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ 44.6 ശതമാനം വിപണി വിഹിതവും ഈ രണ്ട് കമ്പനികൾക്കാണുള്ളത്. കൂടാതെ പുറത്തുവരുന്ന കണക്കുകൾ പ്രകാരം ആഗോളതലത്തിൽ സ്മാർട്ട്ഫോൺ വില്‍പനയിലെ വളർച്ച രണ്ട് ശതമാനം മാത്രമാണെന്നും സൂചനകളുണ്ട്.

Read more: ഹമ്മോ, കണ്ണുതള്ളുന്ന ഓഫര്‍; ഇയര്‍ബഡ്‌സ്, ഹെഡ്‌ഫോണ്‍, സ്‌പീക്കര്‍ എന്നിവയ്ക്ക് 90 ശതമാനം വരെ വിലക്കിഴിവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം