ഗെയിമിംഗ് മെച്ചപ്പെടുത്താനുള്ള കഴിവുകളോടെയാണ് ഇൻഫിനിക്സ് ജിടി 30 5ജി+ സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലേക്ക് വരുന്നത് എന്ന് റിപ്പോര്‍ട്ട്
ഇൻഫിനിക്സ് ജിടി 30 5ജി+ സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങും. കമ്പനി ലോഞ്ച് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫ്ലിപ്‍കാർട്ടിലെ ഒരു മൈക്രോസൈറ്റിൽ ഇൻഫിനിക്സ് GT 30 5G+ ഓഗസ്റ്റ് 8-ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ഫ്ലിപ്‍കാർട്ടിലൂടെയും ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലൂടെയും ഈ ഹാൻഡ്‌സെറ്റ് വാങ്ങാൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ബ്ലേഡ് വൈറ്റ്, സൈബർ ബ്ലൂ, പൾസ് ഗ്രീൻ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഇൻഫിനിക്സ് ജിടി 30 ലഭ്യമാകും.
കഴിഞ്ഞ മാസം അവതരിപ്പിച്ച ഇൻഫിനിക്സ് ജിടി 30 പ്രോ 5ജിക്കൊപ്പം ഈ ഫോൺ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഇൻഫിനിക്സ് ജിടി 30 5ജി+ന്‍റെ പ്രധാന സവിശേഷതകളും ഫ്ലിപ്‍കാർട്ടിലെ ഒരു മൈക്രോസൈറ്റ് വഴി പുറത്തുവിട്ടിട്ടുണ്ട്. 144 ഹെര്‍ട്സ് അമോലെഡ് സ്‌ക്രീൻ, മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്‌സെറ്റ്, ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയിൽ (ബിജിഎംഐ) 90fps പിന്തുണ എന്നിവയുമായി ഇൻഫിനിക്സ് ജിടി 30 5ജി എത്തുമെന്നാണ് സ്ഥിരീകരണം.
ഇൻഫിനിക്സ് ജിടി 30 5ജി+ന് 144 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയുള്ള 1.5കെ 10-ബിറ്റ് അമോലെഡ് സ്ക്രീൻ ഉണ്ടായിരിക്കുമെന്നാണ് സൂചന. ഇതിന് സൈബർ മെക്ക 2.0 ഡിസൈൻ ഉണ്ടായിരിക്കും. പിന്നിൽ മെക്ക ലൈറ്റുകൾ ബ്രീത്ത്, മെറ്റിയർ, റിഥം തുടങ്ങിയ പാറ്റേണുകൾ ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്യാൻ കഴിയും.
കസ്റ്റമൈസ് ചെയ്യാവുന്ന ഷോൾഡർ ട്രിഗറുകളും ഈ ഹാൻഡ്‌സെറ്റിൽ ഉണ്ടെന്നാണ് അഭ്യൂഹം. ഉപയോക്താക്കൾക്ക് ഇവ ഇൻ-ഗെയിം നിയന്ത്രണങ്ങളായും ക്യാമറ നിയന്ത്രണമായും വേഗത്തിലുള്ള ആപ്പ് ലോഞ്ചിനും വീഡിയോ പ്ലേബാക്കിനും ഉപയോഗിക്കാൻ കഴിയുമെന്ന് കമ്പനി പറയുന്നു. ഇൻഫിനിക്സ് ജിടി 30 5ജി+ന് 4 എൻഎം മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്‌സെറ്റ് കരുത്ത് പകരും. 16 ജിബി വരെ LPDDR5X റാമും (വെർച്വൽ എക്സ്പാൻഷൻ ഉൾപ്പെടെ) 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഉണ്ടാകും. 7,79,000-ൽ കൂടുതൽ AnTuTu ബെഞ്ച്മാർക്ക് സ്കോർ നൽകാനും മുൻ മോഡലിനേക്കാൾ 25 ശതമാനം മികച്ച ഊർജ്ജ കാര്യക്ഷമത കൈവരിക്കാനും ഇതിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
വരാനിരിക്കുന്ന ഹാൻഡ്‌സെറ്റിന് ബിജിഎംഐയിൽ 90fps വരെ വേഗത നൽകുമെന്ന് ക്രാഫ്റ്റൺ ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇൻഫിനിക്സ് അനുസരിച്ച്, എക്സ്‌ബൂസ്റ്റ് എഐ ഇതിന്‍റെ ഗെയിമിംഗ് കഴിവുകൾ മെച്ചപ്പെടുത്തും. ഇ-സ്പോർട്സ് മോഡ്, എഐ മാജിക് വോയ്‌സ് ചേഞ്ചർ, സോൺടച്ച് മാസ്റ്റർ എന്നിങ്ങനെ മൂന്ന് പ്രകടന മോഡുകൾ ഇത് വാഗ്ദാനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. കൂടാതെ, ഇൻഫിനിക്സ് ജിടി 30 5ജി+ കമ്പനിയുടെ ഇൻഫിനിക്സ് എഐ സ്യൂട്ടിനെ പിന്തുണയ്ക്കും. അതിൽ എഐ കോൾ അസിസ്റ്റന്‍റ്, എഐ റൈറ്റിംഗ് അസിസ്റ്റന്‍റ്, ഫോളാക്സ് വോയ്‌സ് അസിസ്റ്റന്‍റ്, ഗൂഗിളിന്‍റെ സർക്കിൾ ടു സെർച്ച് തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുന്നു.



