ആപ്പിൾ ഐഫോൺ ഉപയോക്താക്കൾക്കായി ഐഒഎസ് 27 പബ്ലിക് ബീറ്റ പുറത്തിറക്കി. എഐയുടെ പിന്തുണയോടെ കൂടുതൽ മികവുറ്റതാക്കിയ സിരി, പുതിയ ഫോട്ടോ എഡിറ്റിങ് ടൂളുകൾ, മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ഐഫോൺ 11 മുതലുള്ള മോഡലുകളിൽ ഈ അപ്ഡേറ്റ് പരീക്ഷിക്കാമെങ്കിലും, ബീറ്റ പതിപ്പായതിനാൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ഫോൺ ഉപയോക്താക്കൾക്കായി ഐഒഎസ് 27 പബ്ലിക് ബീറ്റ അപ്ഡേറ്റ് പുറത്തിറക്കി ആപ്പിൾ. മേയ് മാസത്തിൽ നടന്ന വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിലാണ് പുതിയ ഓപ്പറേറ്റിങ് സംവിധാനം ആദ്യമായി അവതരിപ്പിച്ചത്. തുടർന്ന് ഡെവലപ്പർമാർക്കായി ബീറ്റ പതിപ്പ് ലഭ്യമാക്കിയിരുന്നെങ്കിലും ഇപ്പോഴാണ് പൊതുജനങ്ങൾക്കും പരീക്ഷിക്കാനായി പബ്ലിക് ബീറ്റ പുറത്തിറക്കിയിരിക്കുന്നത്. ഇതോടൊപ്പം ഐപാഡ് ഒഎസ് 27, വാച്ച് ഒഎസ് 27, മാക് ഒഎസ് ഗോൾഡൻ ഗേറ്റ് എന്നിവയുടെ പബ്ലിക് ബീറ്റ പതിപ്പുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുതിയ അപ്ഡേറ്റിലെ ഏറ്റവും വലിയ പ്രത്യേകത എഐയുടെ പിന്തുണയോടെ കൂടുതൽ മികവുറ്റതാക്കിയ സിരിയാണ്. കൂടുതൽ സ്വാഭാവികമായി സംഭാഷണം നടത്താനും മുമ്പ് ചോദിച്ച കാര്യങ്ങൾ ഓർത്തുവെച്ച് തുടർചോദ്യങ്ങൾക്ക് മറുപടി നൽകാനും ഒന്നിലധികം ഘട്ടങ്ങളുള്ള ജോലികൾ പൂർത്തിയാക്കാനും പുതിയ സിരിക്കാകും. ഐഫോണിൽ പ്രത്യേക ആപ്പായും മാക്കിൽ സ്പോട്ട്‌ലൈറ്റിലൂടെയും സിരി ഉപയോഗിക്കാം. കൂടാതെ ഡൈനാമിക് ഐലൻഡിലും സിരിയുടെ പുതിയ ആനിമേറ്റഡ് ദൃശ്യസൂചന ലഭ്യമാകും.

ഐഒഎസ് 26-ൽ അവതരിപ്പിച്ച ലിക്വിഡ് ഗ്ലാസ് രൂപകൽപനയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഉപയോക്താക്കളുടെ അഭിപ്രായം പരിഗണിച്ച് സുതാര്യതയുടെ അളവ് ക്രമീകരിക്കാൻ പുതിയ സ്ലൈഡർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോട്ടോസ് ആപ്പിൽ പശ്ചാത്തലം വൃത്തിയാക്കുക, ആവശ്യമില്ലാത്ത വസ്തുക്കൾ നീക്കം ചെയ്യുക, ചിത്രത്തിന്റെ പരിധി വികസിപ്പിക്കുക, പുതിയ കാഴ്ചപ്പാടുകൾ സൃഷ്ടിക്കുക തുടങ്ങിയ എഐ അധിഷ്‍ഠിത ഫോട്ടോ എഡിറ്റിങ് ടൂളുകളും ലഭ്യമാക്കിയിട്ടുണ്ട്.

കുട്ടികളുടെ സുരക്ഷ മെച്ചപ്പെടുത്താൻ പ്രത്യേക സമയങ്ങളിൽ ചില ആപ്പുകൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കുക, അംഗീകൃത കോൺടാക്ടുകളുമായി മാത്രം ആശയവിനിമയം അനുവദിക്കുക, വെബ്‌സൈറ്റുകളിലേക്കുള്ള പ്രവേശനാനുമതി കൂടുതൽ കാര്യക്ഷമമായി നിയന്ത്രിക്കുക തുടങ്ങിയ പുതിയ സുരക്ഷാ സംവിധാനങ്ങളും അപ്ഡേറ്റിന്റെ ഭാഗമാണ്. പ്രകടനത്തിലും വേഗത്തിലും ശ്രദ്ധേയമായ മെച്ചപ്പെടുത്തലുകൾ ഉണ്ടെന്ന് ആപ്പിൾ അവകാശപ്പെടുന്നു. ആപ്പുകൾ 30 ശതമാനം വരെ വേഗത്തിൽ തുറക്കാനും, എയർഡ്രോപ്പ് വഴി ഫയൽ കൈമാറ്റം 80 ശതമാനം വരെ വേഗത്തിലാക്കാനും, പുതിയതായി പകർത്തുന്ന ചിത്രങ്ങൾ മുൻ പതിപ്പിനെ അപേക്ഷിച്ച് 70 ശതമാനം വരെ വേഗത്തിൽ ലഭ്യമാക്കാനും ഐഒഎസ് 27 സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്.

ഏതൊക്കെ ഐഫോണുകൾക്ക് ലഭിക്കും?

ആപ്പിൾ ബീറ്റ സോഫ്റ്റ്‌വെയർ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഐഫോൺ 11 മുതൽ പുറത്തിറങ്ങിയ എല്ലാ മോഡലുകൾക്കും ഐഒഎസ് 27 പബ്ലിക് ബീറ്റ ലഭ്യമാണ്. എന്നാൽ ആപ്പിൾ ഇന്റലിജൻസ് സംവിധാനങ്ങൾ ഐഫോൺ 17 സീരീസ്, ഐഫോൺ എയർ, ഐഫോൺ 16 സീരീസ്, ഐഫോൺ 15 പ്രോ മോഡലുകളിൽ മാത്രമായിരിക്കും ലഭ്യമാകുക.

അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതെങ്ങനെ?

ആദ്യം ആപ്പിൾ ബീറ്റ സോഫ്റ്റ്‌വെയർ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് ഐഫോണിലെ സെറ്റിംഗ്‍സ് - പബ്ലിക് - സോഫ്റ്റ്‌വെയർ അപ്ഡേറ്റ് - ബീറ്റ അപ്ഡേറ്റുകൾ എന്ന വിഭാഗത്തിൽ ഐഒഎസ് 27 പബ്ലിക് ബീറ്റ തിരഞ്ഞെടുക്കുക. തുടർന്ന് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക എന്നത് അമർത്തി നിബന്ധനകൾ അംഗീകരിച്ചാൽ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാം.

എന്നാൽ ഇത് ഇപ്പോഴും ബീറ്റ പതിപ്പായതിനാൽ ചില പിശകുകൾ, ബാറ്ററി പ്രകടനത്തിലെ കുറവ്, ആപ്പുകളുടെ പ്രവർത്തന പ്രശ്നങ്ങൾ, അപൂർവമായി ഡാറ്റ നഷ്ടപ്പെടൽ തുടങ്ങിയ പ്രശ്‍നങ്ങൾ ഉണ്ടായേക്കാമെന്ന് ആപ്പിൾ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ പ്രധാന ഐഫോണിൽ ബീറ്റ പതിപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് വിവരങ്ങളുടെ ബാക്കപ്പ് എടുക്കുന്നത് ഉചിതമാണ്.