ഓര്‍ഡര്‍ ചെയ്‌ത ഒരാള്‍ക്ക് ഐഫോണ്‍ 16 ലഭിച്ചത് വെറും 7 മിനുറ്റ് കൊണ്ടാണ്, ഒപ്പം വന്‍ ഓഫറും 

മുംബൈ: ഐഫോണ്‍ 16 സിരീസിന്‍റെ വില്‍പന കഴിഞ്ഞ വെള്ളിയാഴ്‌ച (സെപ്റ്റംബര്‍ 20) ആരംഭിച്ചപ്പോള്‍ നീണ്ട ക്യൂവാണ് ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ ദൃശ്യമായത്. ദില്ലിയിലെയും മുംബൈയിലെയും ആപ്പിള്‍ സ്റ്റോറുകളില്‍ രാത്രി മുതല്‍ വലിയ ക്യൂ പ്രകടമായിരുന്നു. എന്നാല്‍ ഇങ്ങനെ മണിക്കൂറുകള്‍ ക്യൂനില്‍ക്കാതെ 10 മിനുറ്റില്‍ ഐഫോണ്‍ 16 സിരീസിലെ സ്മാര്‍ട്ട്ഫോണുകള്‍ സ്വന്തമാക്കാന്‍ വഴിയുണ്ട്. ഇതിനൊപ്പം ഓഫറും ലഭിക്കും. 

ഓണ്‍ലൈന്‍ ഡെലിവറി സംവിധാനങ്ങളായ ബിഗ്ബാസ്‌ക്കറ്റ്, ബ്ലിങ്കിറ്റ് എന്നീ ആപ്പുകളാണ് തെരഞ്ഞെടുത്ത നഗരങ്ങളില്‍ ഇത്തരത്തില്‍ അതിവേഗം ഐഫോണ്‍ 16 മോഡലുകള്‍ എത്തിച്ചുനല്‍കുന്നത്. റിടെയ്‌ല്‍ ഔട്ട്‌ലറ്റുകളുമായി സഹകരിച്ചാണ് ഇരു ആപ്പുകള്‍ക്കും 10 മിനുറ്റ് നേരം കൊണ്ട് ഐഫോണ്‍ ഡെലിവര്‍ ചെയ്യാന്‍ കഴിയുന്നത്. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് എന്നിവയാണ് ബ്ലിങ്കിറ്റ് 10 മിനുറ്റ് കൊണ്ട് ദില്ലി എന്‍സിആര്‍, ബെംഗളൂരു, മുംബൈ, പൂനെ എന്നിവിടങ്ങളില്‍ ഡെലിവറി ചെയ്യുന്നത്. ആപ്പിളിന്‍റെ അംഗീകൃത റിസെല്ലറായ യുണികോണുമായി സഹകരിച്ചാണ് ബ്ലിങ്കിറ്റ് ഈ സേവനം നല്‍കുന്നത്. ഐസിഐസിഐ ബാങ്ക്, എസ്‌ബിഐ, കൊട്ടക് മഹീന്ദ്ര ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് 5,000 രൂപ ഇന്‍സ്റ്റന്‍റ് ഡിസ്‌കൗണ്ടും ബ്ലിങ്കിറ്റ് നല്‍കുന്നു.

Scroll to load tweet…

വെള്ളിയാഴ്‌ച രാവിലെ 8 മണിക്ക് ബ്ലിങ്കിറ്റ് തുടങ്ങിയ വില്‍പനയില്‍ ആദ്യ മിനുറ്റുകളില്‍ തന്നെ 295 ഐഫോണുകള്‍ക്ക് ഓര്‍ഡര്‍ കിട്ടിയെന്ന് ബ്ലിങ്കിറ്റ് സഹസ്ഥാപകന്‍ അല്‍ബീന്ദര്‍ ട്വീറ്റ് ചെയ്തു. ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവ ഉടന്‍ ഈ പ്ലാറ്റ്ഫോമിലേക്ക് എത്തുകയും ചെയ്യും. 

Read more: ഐഫോണ്‍ 16 പ്രോ മാക്‌സ് പ്രതീക്ഷ കാത്തോ? ആദ്യ പ്രതികരണം- വീഡിയോ

അതേസമയം ബിഗ്ബാസ്‌ക്കറ്റ് ക്രോമ ഇലക്ട്രോണിക്‌സുമായി സഹകരിച്ചാണ് ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് എന്നിവ ഉപഭോക്താക്കള്‍ക്ക് 10 മിനുറ്റ് കൊണ്ട് എത്തിക്കുന്നത്. ഈ സേവനം ബെംഗളൂരു, ദില്ലി എന്‍സിആര്‍, മുംബൈ എന്നിവിടങ്ങളില്‍ ലഭ്യമാണ് എന്ന് ബിഗ്‌ബാസ്ക്കറ്റ് സഹസ്ഥാപകന്‍ ഹരി മേനോന്‍ വ്യക്തമാക്കി. ഏഴ് മിനുറ്റ് കൊണ്ട് ആദ്യ ഐഫോണ്‍ 16 ഓര്‍ഡര്‍ ഡെലിവറി ചെയ്യാനായി എന്നും അദേഹം പറ‌ഞ്ഞു.

Scroll to load tweet…

ഐഫോണ്‍ 16 സിരീസില്‍ നാല് സ്മാര്‍ട്ട്ഫോണുകളാണ് ഉള്‍പ്പെടുന്നത്. ഇന്ത്യയില്‍ ഐഫോണ്‍ 16 മോഡല്‍ 79,900 ഉം, ഐഫോണ്‍ 16 പ്ലസ് 89,900 ഉം, ഐഫോണ്‍ 16 പ്രോ 119,900 ഉം, ഐഫോണ്‍ 16 പ്രോ മാക്‌സ് 144,900 ഉം രൂപയിലാണ് ആരംഭിക്കുന്നത്. 

Read more: അവിടെ വെറും 4 ദിവസം ജോലി ചെയ്‌താല്‍ ഐഫോണ്‍ 16 വാങ്ങാം, ഇന്ത്യയിലോ? പെടാപ്പാട് പെടുമെന്ന് കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം