ഐഫോണ്‍ 16ഇ-യ്ക്ക് ഇന്ത്യ, അമേരിക്ക, യുഎഇ, യുകെ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ വിലയെത്ര എന്ന് അറിയാന്‍ നോക്കാം 

കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള ഫോണായ ഐഫോൺ 16ഇ (iPhone 16e) കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു. 2022ൽ പുറത്തിറങ്ങിയ ഐഫോൺ എസ്ഇ 3-യുടെ പിൻഗാമിയാണ് ഐഫോണ്‍ 16ഇ. ഈ ഐഫോൺ ആപ്പിൾ ഇന്‍റലിജൻസ് സവിശേഷതകളെ പിന്തുണയ്ക്കുന്ന ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ആപ്പിള്‍ ഹാന്‍ഡ്‌സെറ്റാണ്. മാത്രമല്ല, മെച്ചപ്പെടുത്തിയ ഡിസൈൻ ഭാഷ, ശക്തമായ ചിപ്‌സെറ്റ്, വലിയ ഡിസ്‌പ്ലേ, മെച്ചപ്പെട്ട ക്യാമറ തുടങ്ങിയവ ഉൾപ്പെടുന്ന നിരവധി പ്രധാന അപ്‌ഗ്രേഡുകൾ ഐഫോൺ 16ഇ-യിലുണ്ട്.

യുഎഇ, യുകെ, യുഎസ്, ഓസ്‌ട്രേലിയ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ജപ്പാൻ, മലേഷ്യ, മെക്സിക്കോ, ദക്ഷിണ കൊറിയ, തുർക്കി തുടങ്ങിയവ ഉൾപ്പെടെ 59 രാജ്യങ്ങളിലും പ്രദേശങ്ങളിലും ഐഫോൺ 16e ലഭ്യമാകും. ഫെബ്രുവരി 21-ന് രാവിലെ 5 മണി മുതൽ (IST വൈകുന്നേരം 6:30) പ്രീ-ഓർഡറുകൾ ആരംഭിക്കും. ഇന്ത്യയിൽ ഐഫോൺ 16ഇ-യുടെ പ്രാരംഭ വില 59,900 രൂപയാണ്. ലോകത്തിന്‍റെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, 16ഇ വാങ്ങാൻ ഏറ്റവും കുറവ് വില എവിടെയാണെന്ന് പരിശോധിക്കാം.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, നിങ്ങൾക്ക് ഈ രാജ്യങ്ങളിൽ ഒരു കോൺടാക്റ്റ് ഉണ്ടെങ്കിൽ വേണെമെങ്കിൽ കൂടുതൽ താങ്ങാനാവുന്ന ഒരു മാർക്കറ്റിൽ നിന്ന് ഐഫോണ്‍ 16ഇ ഇറക്കുമതി ചെയ്യാൻ നിങ്ങൾ തീരുമാനിച്ചേക്കാം. ഐഫോണുകൾക്ക് പലയിടങ്ങളിലും വിലയിൽ വ്യത്യാസമുണ്ട്. അതിനാൽ, തീരുമാനമെടുക്കുന്നതിന് മുമ്പ് എല്ലാ ഓപ്ഷനുകളെക്കുറിച്ചും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എല്ലാ ഐഫോണുകൾക്കും ഇപ്പോൾ ആഗോള വാറന്‍റി ഉള്ളതിനാൽ, നിങ്ങൾ ഫോണ്‍ എവിടെ നിന്ന് വാങ്ങിയാലും പ്രശ്‍നമല്ല.

പുതിയ ഐഫോൺ 16ഇ മൂന്ന് സ്റ്റോറേജ് വേരിയന്‍റുകളിലാണ് ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്നത്- 128 ജിബി, 256 ജിബി, 512 ജിബി എന്നിങ്ങനെ കറുപ്പും വെളുപ്പും നിറങ്ങളിലുള്ള ഓപ്ഷനുകളോടെ ഐഫോണ്‍ 16 ഇ വാങ്ങാം. ഇന്ത്യയിൽ 128 ജിബി വേരിയന്‍റിന് 59,999 രൂപയും, 256 ജിബി വേരിയന്‍റിന് 69,999 രൂപയും, 512 ജിബി വേരിയന്‍റിന് 89,999 രൂപയുമാണ് വില. യുഎസിൽ, 128 ജിബി ബേസ് വേരിയന്‍റിന് $599, 256 ജിബി വേരിയന്‍റിന് $699, 512 ജിബി വേരിയന്‍റിന് $899 എന്നിങ്ങനെയാണ് വില.

Read more: ആപ്പിളിന്റെ സർജിക്കൽ സ്ട്രൈക്ക്; ഐഫോൺ 16ഇ ഇൻ, രണ്ട് ഐഫോൺ മോഡലുകൾ ഔട്ട്! ഐഫോൺ എസ്ഇ 3, ഐഫോൺ 14 എന്നിവ പിൻവലിച്ചു

യുകെയിൽ ഐഫോൺ 16e-യുടെ 128 ജിബി മോഡലിന് £599 ഉം, 256 ജിബി മോഡലിന് £699 ഉം, 512 ജിബി മോഡലിന് £899 ഉം ആണ് വില. യുഎഇയിൽ 128 ജിബി, 256 ജിബി, 512 ജിബി മോഡലുകൾക്ക് യഥാക്രമം AED 2,599, AED 2,999, AED 3,849 എന്നിങ്ങനെയാണ് വില. ജപ്പാനിൽ 128 ജിബി വേരിയന്‍റിന് 99,800 യെൻ, 256 ജിബി വേരിയന്‍റിന് 1,14,800 യെൻ, 512 ജിബി വേരിയന്‍റിന് 1,44,800 യെൻ എന്നിങ്ങനെയാണ് വില.

ഐഫോൺ 16ഇ ഇന്ത്യ vs ആഗോള വില 

വകഭേദങ്ങൾ- ഇന്ത്യൻ വില- യുഎസ് വില- വ്യത്യാസം എന്ന ക്രമത്തിൽ

128 ജിബി- 59,999 രൂപ- $599 (51,950 രൂപ)- 8,049 രൂപ കുറവ്
256 ജിബി- 69,999 രൂപ- $699 (60,620 രൂപ)- 9,379 രൂപ കുറവ്
512 ജിബി- 89,999 രൂപ- $899 (77,960 രൂപ)- 12,039 രൂപ കുറവ്

വകഭേദങ്ങൾ- ഇന്ത്യൻ വില- യുകെ വില- വ്യത്യാസം എന്ന ക്രമത്തിൽ

128 ജിബി- 59,999 രൂപ- £599 (65,420 രൂപ)- 5,421 രൂപ കൂടുതല്‍
256 ജിബി- 69,999 രൂപ- £699 (76,340 രൂപ)- 6,341 രൂപ കൂടുതല്‍
512 ജിബി- 89,999 രൂപ- £899 (98,190 രൂപ)- 8,191 രൂപ കൂടുതല്‍

വകഭേദങ്ങൾ- ഇന്ത്യൻ വില- ജപ്പാൻ വില - വ്യത്യാസം എന്ന ക്രമത്തിൽ

128 ജിബി- 59,999 രൂപ- ¥99,800 (56,393 രൂപ)- 3,606 രൂപ കുറവ്
256 ജിബി- 69,999 രൂപ- ¥1,14,800 (65,000 രൂപ)- 4,999 രൂപ കുറവ്
512 ജിബി- 89,999 രൂപ- ¥1,14,800 (81,885 രൂപ)- 8,114 രൂപ കുറവ്

വകഭേദങ്ങൾ- ഇന്ത്യൻ വില- യുഎഇ വില- വ്യത്യാസം എന്ന ക്രമത്തിൽ

128 ജിബി- 59,999 രൂപ- ദിർഹം 2,599 (61,360 രൂപ)- 1,361 രൂപ കൂടുതല്‍
256 ജിബി- 69,999 രൂപ- ദിർഹം 2,999 (70,800 രൂപ)- 801 രൂപ കൂടുതല്‍
512 ജിബി- 89,999 രൂപ- ദിർഹം 3,849 (90,870 രൂപ)- 871 രൂപ കൂടുതല്‍

യുഎസ്, യുകെ, ജപ്പാൻ, യുഎഇ, ഇന്ത്യ, മലേഷ്യ, ചൈന, കാനഡ, ഫ്രാൻസ്, ജർമ്മനി തുടങ്ങി 59 രാജ്യങ്ങളിൽ പുതിയ ഐഫോൺ 16ഇ ലഭ്യമാകുമെന്നത് ശ്രദ്ധേയമാണ്. കൂടാതെ, ആപ്പിൾ ഐഫോൺ 16e-യ്ക്കായി 3,900 രൂപ വിലയുള്ള സിലിക്കൺ കേസുകൾ വിന്‍റർ ബ്ലൂ, ഫ്യൂഷിയ, ലേക്ക് ഗ്രീൻ, കറുപ്പ്, വെള്ള എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്. ഐഫോൺ 16ഇ-യുടെ പ്രീ-ഓർഡറുകൾ 2025 ഫെബ്രുവരി 21 മുതൽ ആരംഭിക്കും, ഫോണിന്‍റെ ഔദ്യോഗിക വിൽപ്പന 2025 ഫെബ്രുവരി 28-ന് തുടങ്ങും.

Read more: ഐഫോൺ 16ന് തന്നെ പണികൊ‌ടുക്കുമോ പുത്തൻ ഐഫോൺ 16ഇ; വിലയിലും ഫീച്ചറുകളിലുമുള്ള വ്യത്യാസങ്ങൾ ഇവ, സാമ്യതകളും ഏറെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം