ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡീലുകളും ഉപയോഗിച്ച് നിങ്ങൾക്ക് ഐഫോണ്‍ 17 46,170 രൂപയ്ക്ക് പോലും സ്വന്തമാക്കാം. ഈ തകര്‍പ്പന്‍ ഡീലിനെ കുറിച്ച് വിശദമായി അറിയാം.
തിരുവനന്തപുരം: നിങ്ങൾക്ക് ഒരു ഐഫോൺ 17 വാങ്ങാൻ പ്ലാനുണ്ടോ? വാങ്ങാന്‍ ശരിയായ സമയത്തിനായി കാത്തിരിക്കുകയാണോ നിങ്ങള്‍? എങ്കിൽ ഇതാവും മികച്ച സമയം. ഫ്ലിപ്‍കാർട്ടിന്‍റെ ഇപ്പോഴത്തെ ശ്രദ്ധേയമായ ഡീലുകളിൽ ഒന്ന് ഐഫോൺ 17-ന്‍റെ ലൈവ് ഓഫറുകളാണ്. ഫ്ലിപ്‍കാർട്ട് നിലവിൽ 256 ജിബി ഓൺബോർഡ് സ്റ്റോറേജുള്ള ഐഫോണ്‍ 17 അടിസ്ഥാന മോഡൽ 82,900 രൂപയ്ക്ക് ലിസ്റ്റ് ചെയ്‌തിരിക്കുന്നു. എന്നാൽ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡീലുകളും ഉപയോഗിച്ച് നിങ്ങൾക്ക് ഐഫോണ്‍ 17 46,170 രൂപയ്ക്ക് പോലും സ്വന്തമാക്കാം. ആപ്പിൾ ഐഫോൺ 15 എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 31,300 രൂപ ഉടനടി കുറയും. ഫ്ലിപ്‍കാർട്ട് ആക്‌സിസ് ബാങ്ക് കാർഡ് ഉപയോഗിക്കുമ്പോൾ 5,430 രൂപ കൂടി വില കുറയ്‌ക്കാം.
ഐഫോണ്‍ 17 വാങ്ങിയാല്‍ എന്താണ് മെച്ചം?
ആപ്പിളിന്‍റെ മുന്‍ സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ അപ്‌ഡേറ്റുകളുണ്ട് ഐഫോണ്‍ 17 സ്‌മാര്‍ട്ട്‌ഫോണില്‍. ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ 120Hz പ്രോമോഷൻ ഡിസ്‌പ്ലേ ലഭ്യമാണ്. പുതിയ സെറാമിക് ഷീൽഡ് 2 കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്ന 6.3 ഇഞ്ച് സൂപ്പർ റെറ്റിന XDR സ്‌ക്രീൻ ഐഫോൺ 17-ൽ നിങ്ങൾക്ക് ഉപയോഗിക്കാം. ഇത് മുമ്പത്തേതിനേക്കാൾ മൂന്നിരട്ടി സ്ക്രാച്ച്-റെസിസ്റ്റന്‍റ് ആണെന്ന് ആപ്പിൾ പറയുന്നു. ആപ്പിൾ ഇന്‍റലിജൻസ് ജോലികൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി നിർമ്മിച്ച 16-കോർ ന്യൂറൽ എഞ്ചിനുള്ള എ19 ചിപ്പിലാണ് ഐഫോൺ 17 തയ്യാറാക്കിയിരിക്കുന്നത്.
ഡ്യുവൽ 48-മെഗാപിക്‌സൽ റിയര്‍ ക്യാമറകളും (മെയിൻ, അൾട്രാ വൈഡ്) ഒരേസമയം ഡ്യുവൽ-ക്യാമറ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്ന നവീകരിച്ച 18-മെഗാപിക്‌സൽ സെന്‍റർ സ്റ്റേജ് ഫ്രണ്ട് ക്യാമറയും ഉൾപ്പെടുന്നതാണ് ഐഫോൺ 17-ലെ ക്യാമറ സജ്ജീകരണം. ഇത് മികച്ച ഫോട്ടോഗ്രാഫി അനുഭവം ഐഫോണ്‍ 17 ഉപഭോക്താക്കള്‍ക്ക് നൽകുന്നു. വൈ-ഫൈ 7 പിന്തുണ, 30 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക്, വെറും 20 മിനിറ്റിനുള്ളിൽ ബാറ്ററി 50 ശതമാനമാക്കുന്ന ഫാസ്റ്റ് ചാർജിംഗ് എന്നിവയും ഐഫോണ്‍ 17-ന്‍റെ സവിശേഷതകളാണ്. 2025 സെപ്റ്റംബര്‍ മാസമാണ് ഐഫോണ്‍ 17 ആപ്പിള്‍ അവതരിപ്പിച്ചത്.



