ഐഫോൺ 18 പ്രോ, പ്രോ മാക്സ് മോഡലുകൾ ആദ്യദിനം തന്നെ ഇന്ത്യയിൽ നിർമ്മിച്ച് ആഗോള വിപണിയിൽ എത്തിക്കാൻ ആപ്പിൾ ഒരുങ്ങുന്നു. ഇതിനായി ചെന്നൈയിൽ നിന്ന് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഫോണുകൾ കയറ്റുമതി ചെയ്തു തുടങ്ങി. 2026 ഓടെ ആഗോളതലത്തിലെ 26 ശതമാനം ഐഫോണുകളും ഇന്ത്യയിലാകും നിർമ്മിക്കുക.

ഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകളുടെ വിൽപ്പനയ്ക്കുള്ള ഒരുക്കങ്ങൾ ശക്തമാക്കി ആപ്പിൾ. ആദ്യദിനം മുതൽ തന്നെ ഇന്ത്യയിൽ നിർമ്മിക്കുന്ന പ്രോ മോഡലുകൾ ആഗോള വിപണിയിൽ എത്തിക്കാനാണ് കമ്പനിയുടെ നീക്കം. സെപ്റ്റംബർ 18ന് ആഗോളതലത്തിൽ വിൽപ്പന ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ത്യയിലെ ആപ്പിളിന്റെ നിർമ്മാണ കേന്ദ്രങ്ങളിൽ നിന്ന് പുതിയ ഐഫോണുകൾ കയറ്റുമതി ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. ആദ്യമായി ഐഫോണിന്റെ ഏറ്റവും പുതിയ പ്രോ മോഡലുകൾ പുറത്തിറങ്ങുന്ന ദിവസം തന്നെ ഇന്ത്യയിൽ നിർമ്മിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

ചെന്നൈയിൽ നിന്ന് ചാർട്ടർ വിമാനങ്ങൾ

ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് പ്രകാരം, ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് ഫോണുകളുമായി നിരവധി ചാർട്ടർ വിമാനങ്ങൾ ചെന്നൈയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. അമേരിക്ക ഉൾപ്പെടെയുള്ള വിവിധ വിപണികളിലെ ആപ്പിൾ സ്റ്റോറുകളിൽ വിൽപ്പന ആരംഭിക്കുന്ന സമയത്ത് തന്നെ ആവശ്യത്തിന് ഫോണുകൾ ലഭ്യമാക്കുന്നതിനാണ് ഈ നീക്കം. വരും ദിവസങ്ങളിൽ കൂടുതൽ ചാർട്ടർ വിമാനങ്ങൾ സർവീസ് നടത്താനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ഫോക്സ്കോൺ, ടാറ്റ ഇലക്ട്രോണിക്സ്

ഫോക്സ്കോണും ടാറ്റ ഇലക്ട്രോണിക്സും നടത്തുന്ന രണ്ട് ഫാക്ടറികളിലാണ് ഐഫോൺ 18 പ്രോ, പ്രോ മാക്സ് മോഡലുകളുടെ നിർമ്മാണം നടക്കുന്നതെന്നാണ് റിപ്പോർട്ട്. ആഗോള വിപണിയിലെ ആവശ്യകത അനുസരിച്ച് നിർമ്മാണ ലൈനുകളുടെ എണ്ണം ഏകദേശം 12 ആയി ഉയർത്താനും ആപ്പിൾ പദ്ധതിയിടുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഐഫോൺ 18 പ്രോ സീരീസിന്റെ ആകെ ഉൽപ്പാദനത്തിന്റെ ഏകദേശം 80 മുതൽ 90 ശതമാനം വരെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് സാധ്യത. ഇന്ത്യയിൽ വിൽക്കുന്ന ആകെ ഐഫോണുകളിൽ പ്രോ, പ്രോ മാക്സ് മോഡലുകൾക്ക് ഏകദേശം 15 ശതമാനം പങ്കുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

ആദ്യമായി ഐഫോൺ 17ന് ശേഷം

ആദ്യ ദിവസം തന്നെ ഇന്ത്യയിൽ നിർമ്മിച്ച് ആഗോള വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന ഐഫോൺ മോഡലുകളിൽ ഇത് രണ്ടാമത്തേതാണ്. കഴിഞ്ഞ വർഷം വിൽപ്പന ആരംഭിച്ച ദിവസം മുതൽ തന്നെ ഇന്ത്യയിൽ നിർമ്മിച്ച് ആഗോളതലത്തിൽ കയറ്റുമതി ചെയ്ത ആദ്യ ഐഫോൺ ഐഫോൺ 17 ആയിരുന്നു. അതേസമയം, ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണായ ഐഫോൺ ഡ്യൂയോ ഇന്ത്യയിൽ നിർമ്മിക്കുന്നില്ലെന്നാണ് വിവരം.

അമേരിക്കയിലേക്ക് ഇന്ത്യയിൽ നിന്ന് കൂടുതൽ ഐഫോണുകൾ

സ്‍മാർട്ട്ഫോൺ കയറ്റുമതിയിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിപണിയായി അമേരിക്ക മാറിയിട്ടുണ്ട്. പ്രത്യേകിച്ച് ഐഫോൺ കയറ്റുമതിയാണ് ഈ മാറ്റത്തിന് പ്രധാന കാരണം. കൗണ്ടർപോയിന്റ് റിസർച്ചിലെ സീനിയർ റിസർച്ച് അനലിസ്റ്റ് പ്രാചിർ സിങ്ങിന്റെ അഭിപ്രായത്തിൽ, ആപ്പിൾ ഇന്ത്യയിലേക്ക് ഐഫോൺ നിർമ്മാണം മാറ്റുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം സംഭവിച്ചത്. അമേരിക്കയിലേക്കുള്ള സ്മാർട്ട്ഫോൺ ഇറക്കുമതിയുടെ പ്രധാന ഉറവിടമായി ഇന്ത്യ ചൈനയെ മറികടന്നതായും, ഫോക്സ്കോൺ, ടാറ്റ പ്ലാന്റുകളിലേക്കുള്ള ആപ്പിളിന്റെ നിർമ്മാണ മാറ്റമാണ് ഇതിന് പ്രധാന കാരണമെന്നും അദ്ദേഹം ഇന്ത്യ ടുഡേ ടെക്കിനോട് പറഞ്ഞു.

2026ൽ 26 ശതമാനം ഐഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കുമെന്ന് കണക്ക്

2026ൽ ആഗോളതലത്തിൽ കയറ്റുമതി ചെയ്യുന്ന ഐഫോണുകളിൽ ഏകദേശം 26 ശതമാനവും ഇന്ത്യയിൽ നിർമ്മിച്ചതായിരിക്കുമെന്നാണ് കൗണ്ടർപോയിന്റ് റിസർച്ചിന്റെ കണക്ക്. അതായത് ആഗോളതലത്തിൽ കയറ്റുമതി ചെയ്യുന്ന ഏകദേശം നാല് ഐഫോണുകളിൽ ഒരെണ്ണം ഇന്ത്യയിൽ നിർമ്മിച്ചതായിരിക്കാനുള്ള സാധ്യതയുണ്ട്.

ഇന്ത്യയിൽ വിപുലമാകുന്ന നിർമ്മാണ ശൃംഖല

അതേസമയം ആപ്പിൾ ഇന്ത്യയിലെ പ്രവർത്തനങ്ങൾ വലിയ തോതിൽ വിപുലീകരിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. അന്തിമ അസംബ്ലിംഗ്, പരിശോധന, ഫോൺ ബോഡി നിർമ്മാണം, തിരഞ്ഞെടുത്ത മെക്കാനിക്കൽ ഭാഗങ്ങൾ, ബാറ്ററി പാക്കുകൾ, ചാർജറുകൾ, കേബിളുകൾ, പാക്കേജിങ്, നിർമ്മാണ ഉപകരണങ്ങൾ, ചില ഉപഘടകങ്ങൾ എന്നിവയുടെ നിർമ്മാണവും പ്രവർത്തനങ്ങളും ഇന്ത്യയിൽ നടക്കുന്നതായി അദ്ദേഹം പറഞ്ഞു. എന്നാൽ ഉയർന്ന മൂല്യമുള്ളതോ സാങ്കേതികമായി കൂടുതൽ സങ്കീർണ്ണമായതോ ആയ നിരവധി ഘടകങ്ങൾ ഇപ്പോഴും ഇറക്കുമതി ചെയ്യുന്നതാണ്. ഡിസ്പ്ലേകൾ, ക്യാമറ മൊഡ്യൂളുകൾ, നൂതന സെമികണ്ടക്ടറുകൾ, മെമ്മറി, പ്രധാന ഇലക്ട്രോണിക് ഉപഘടകങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ ഐഫോൺ നിർമ്മാണം വർധിക്കുന്നതോടെ ആഗോള വിപണിയിലേക്കുള്ള ആപ്പിളിന്റെ വിതരണ ശൃംഖലയിൽ രാജ്യത്തിന്റെ പങ്ക് കൂടുതൽ ശക്തമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.