ആപ്പിളിന്റെ മൂന്നുലക്ഷം രൂപ വിലയുള്ള മടക്കാവുന്ന ഫോണായ ഐഫോൺ ഡ്യൂവോ വിപണിയിലെത്തി. ഭാവിയിൽ ഐഫോൺ ഡ്യൂവോ മാക്സ്, ഡ്യൂവോ എസ്ഇ, ഡ്യൂവോ മിനി തുടങ്ങിയ പുതിയ മോഡലുകൾ കൂടി അവതരിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്. ഫോണിന്റെ പ്രധാന സവിശേഷതകളും ഉയർന്ന വിലയും ഇവിടെ വിശദീകരിക്കുന്നു.

ഴിഞ്ഞദിവസമാണ് ആപ്പിളിന്‍റെ മൂന്നുലക്ഷം രൂപ വിലയുള്ള ഐഫോൺ ഡ്യൂവോ വിപണിയിലെത്തിയത്. ഇതിന്‍റെ ആവേശം കെട്ടടങ്ങും മുമ്പേ ഇപ്പോഴിതാ അടുത്ത തലമുറ മടക്കാവുന്ന ഐഫോൺ മോഡലുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സജീവമാകുന്നു. ഐഫോൺ ഡ്യൂവോ ശ്രേണി വരും വർഷങ്ങളിൽ കൂടുതൽ മോഡലുകളിലേക്ക് വ്യാപിപ്പിക്കാൻ ആപ്പിൾ ആലോചിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ഇതിൽ ഏറ്റവും ശ്രദ്ധേയമായ സാധ്യത വലിയ ഡിസ്പ്ലേയുമായി എത്തിയേക്കാവുന്ന ഐഫോൺ ഡ്യൂവോ മാക്സ് ആണ്. കൂടാതെ കുറഞ്ഞ വിലയിൽ കൂടുതൽ ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഡ്യൂവോ എസ്ഇ മോഡലും, ക്ലാംഷെൽ മാതൃകയിൽ രൂപകൽപ്പന ചെയ്ത ചെറിയ ഡ്യൂവോ മിനി മോഡലും ആപ്പിൾ അവതരിപ്പിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

‘ഡ്യൂവോ’ എന്ന പേര് കൂടുതൽ സാധ്യതകൾ തുറക്കുന്നു

ബ്ലൂംബെർഗിലെ മാർക്ക് ഗുർമാൻ പറയുന്നതനുസരിച്ച്, മടക്കാവുന്ന ഫോണിന് ‘അൾട്രാ’ എന്ന പേര് നൽകുന്നതിന് പകരം ‘ഡ്യൂവോ’ എന്ന പേര് തിരഞ്ഞെടുത്തത് ഭാവിയിൽ കൂടുതൽ മോഡലുകൾ അവതരിപ്പിക്കാൻ ആപ്പിളിന് സൗകര്യമൊരുക്കും. ഫോൺ പുറത്തിറങ്ങുന്നതിന് മുമ്പ് ആപ്പിളിലെ ചില ജീവനക്കാർ ഉപകരണത്തെ ‘ഐഫോൺ അൾട്രാ’ എന്ന് വിളിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഒടുവിൽ ആപ്പിൾ ‘ഐഫോൺ ഡ്യൂവോ’ എന്ന പേരാണ് തിരഞ്ഞെടുത്തത്. ‘എയർ’, ‘പ്രോ’ തുടങ്ങിയ പേരുകളുമായി ചേരുന്ന രീതിയിലുള്ള മൂന്ന് അക്ഷരങ്ങളുള്ള പേര് എന്ന നിലയിൽ ‘ഡ്യൂവോ’ ഭാവിയിലെ മോഡൽ വികസനത്തിന് കൂടുതൽ വഴികൾ തുറക്കുമെന്നാണ് ഗുർമാന്റെ വിലയിരുത്തൽ. ഉദാഹരണത്തിന്, വലിയ സ്ക്രീനുള്ള പതിപ്പിന് ഐഫോൺ ഡ്യൂവോ മാക്സ് എന്ന പേര് സ്വാഭാവികമായും അനുയോജ്യമാകാം. കുറഞ്ഞ ഫീച്ചറുകളുള്ള മോഡലിന് ഡ്യൂവോ എസ്ഇ എന്നും ചെറിയ ക്ലാംഷെൽ രൂപകൽപ്പനയുള്ള മോഡലിന് ഡ്യൂവോ മിനി എന്നും പേര് നൽകാനും സാധ്യതയുണ്ട്.

ഐഫോൺ ഡ്യൂവോയുടെ പ്രധാന സവിശേഷതകൾ

വിടർത്തുമ്പോൾ 7.6 ഇഞ്ച് വലുപ്പമുള്ള എൽടിപിഒ സൂപ്പർ റെറ്റിന എക്സ്ഡിആർ ഒഎൽഇഡി ഡിസ്പ്ലേയാണ് ഐഫോൺ ഡ്യൂവോയിൽ നൽകിയിരിക്കുന്നത്. 120 ഹെർട്സ് പുതുക്കൽ നിരക്ക്, എച്ച്ഡിആർ10, ഡോൾബി വിഷൻ എന്നിവ ഡിസ്പ്ലേ പിന്തുണയ്ക്കുന്നു. പരമാവധി 3,000 നിറ്റ്സ് തെളിച്ചം ലഭിക്കുന്ന സ്ക്രീനിൽ നാനോ ടെക്സ്ചർ ഫിനിഷും പ്രതിഫലനം കുറയ്ക്കുന്നതിനുള്ള പ്രത്യേക കോട്ടിങ്ങും നൽകിയിട്ടുണ്ട്. ഫോൺ മടക്കിയിരിക്കുമ്പോൾ ഉപയോഗിക്കാനായി 5.4 ഇഞ്ച് കവർ ഡിസ്പ്ലേയും ലഭിക്കും.

രണ്ട് ടിബി വരെ സ്റ്റോറേജ്

രണ്ട് നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമിച്ച ആപ്പിളിന്റെ എ20 പ്രോ ചിപ്പാണ് ഫോണിന് കരുത്തേകുന്നത്. 12 ജിബി റാമിനൊപ്പം പരമാവധി 2 ടിബി വരെ സ്റ്റോറേജ് ലഭ്യമാണ്. ഐഒഎസ് 27ൽ പ്രവർത്തിക്കുന്ന ഫോണിൽ 6 കോർ സിപിയുവും 7 കോർ ആപ്പിൾ ജിപിയുവുമാണുള്ളത്.

48 മെഗാപിക്സൽ ഇരട്ട ക്യാമറ

പിന്നിൽ ഇരട്ട ക്യാമറ സംവിധാനമാണ് ഐഫോൺ ഡ്യൂവോയിലുള്ളത്. വൈഡ് ആംഗിൾ ലെൻസും പിഡിഎഎഫും സെൻസർ-ഷിഫ്റ്റ് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുമുള്ള 48 മെഗാപിക്സൽ പ്രധാന ക്യാമറയ്ക്കൊപ്പം 120 ഡിഗ്രി ദൃശ്യപരിധിയുള്ള മറ്റൊരു 48 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും നൽകിയിട്ടുണ്ട്. 4കെ നിലവാരത്തിൽ 120 എഫ്പിഎസ് വരെ വീഡിയോ റെക്കോർഡ് ചെയ്യാം. ഡോൾബി വിഷൻ എച്ച്ഡിആർ, പ്രോറസ്, സ്പേഷ്യൽ വീഡിയോ തുടങ്ങിയ ഫീച്ചറുകളും ക്യാമറകൾ പിന്തുണയ്ക്കുന്നു. കവർ ഡിസ്പ്ലേയിൽ ഓട്ടോഫോക്കസുള്ള 12 മെഗാപിക്സൽ മുൻ ക്യാമറയും ലഭിക്കും.

20 മിനിറ്റിൽ 50 ശതമാനം ചാർജ്

ലിഥിയം-അയൺ ബാറ്ററിയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. വയർഡ് ചാർജിങ് പിന്തുണയ്ക്കുന്ന ഫോൺ ഏകദേശം 20 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ചാർജ് ചെയ്യാനാകും. മാഗ്സേഫ്, ക്യൂഐ2 എന്നിവ വഴി 25 വാട്ട് വയർലെസ് ചാർജിങ്ങും ലഭിക്കും. ഇതിലൂടെ ഏകദേശം 30 മിനിറ്റിൽ 50 ശതമാനം ചാർജ് ചെയ്യാനാകും.

വില കേട്ടാൽ ഞെട്ടും

ഐഫോൺ ഡ്യൂവോയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് അതിന്റെ വില തന്നെയാണ്. ഇന്ത്യയിൽ 256 ജിബി പതിപ്പിന് 2,99,900 രൂപയാണ് പ്രാരംഭ വില. 512 ജിബി മോഡലിന് 3,24,900 രൂപ, 1 ടിബി പതിപ്പിന് 3,74,900 രൂപ എന്നിങ്ങനെയാണ് വില. ഏറ്റവും ഉയർന്ന 2 ടിബി മോഡലിന് 4,49,900 രൂപ നൽകണം. ഭാവിയിൽ ഡ്യൂവോ മാക്സ് ഉൾപ്പെടെയുള്ള പുതിയ മോഡലുകൾ എത്തിയാൽ ആപ്പിളിന്റെ മടക്കാവുന്ന ഐഫോൺ ശ്രേണി കൂടുതൽ വൈവിധ്യമാർന്നതാകുമെന്നാണ് സൂചന.