ഐഫോൺ 18 പ്രോ മാക്സ് ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും വലിയ ബാറ്ററിയുമായി എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇസിം, ഫിസിക്കൽ സിം മോഡലുകൾക്ക് വ്യത്യസ്ത ബാറ്ററി ശേഷിയായിരിക്കുമെന്നും, പുതിയ A20 പ്രോ പ്രോസസർ ഫോണിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുമെന്നും സൂചനയുണ്ട്.
ആപ്പിളിന്‍റെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് സ്‍മാർട്ട്ഫോണായ ഐഫോൺ 18 പ്രോ മാക്സ് ഇതുവരെ പുറത്തിറങ്ങിയ ഐഫോണുകളിൽ ഏറ്റവും വലിയ ബാറ്ററിയുമായി എത്തുമെന്ന സൂചനകളാണ് പുതിയ ചോർച്ചകൾ നൽകുന്നത്. പുറത്തുവന്ന വിവരങ്ങൾ ശരിയാണെങ്കിൽ, 5,400mAh-ൽ കൂടുതൽ ശേഷിയുള്ള ബാറ്ററി ഉൾക്കൊള്ളുന്ന ആദ്യ ഐഫോണായി ഈ മോഡൽ മാറും. കൂടാതെ, വിപണികൾക്ക് അനുസരിച്ച് ബാറ്ററി ശേഷിയിൽ ചെറിയ വ്യത്യാസങ്ങളും ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വീബോയിൽ ഡുവോഗെ ഇന്റർനെറ്റ് ടെക്‌നോളജി പങ്കുവെച്ച വിവരങ്ങൾ പ്രകാരം, ഇസിം മാത്രം പിന്തുണയ്ക്കുന്ന രാജ്യങ്ങളിൽ വിൽക്കുന്ന ഐഫോൺ 18 പ്രോ മാക്‌സിൽ 5,425mAhബാറ്ററിയായിരിക്കും ഉൾപ്പെടുക. അതേസമയം ഫിസിക്കൽ നാനോ-സിം സ്ലോട്ടുള്ള വിപണികളിൽ എത്തുന്ന പതിപ്പിൽ 5,235mAh ബാറ്ററിയായിരിക്കും ലഭിക്കുകയെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഫിസിക്കൽ സിം ട്രേ ഒഴിവാക്കുന്നതിലൂടെ ഫോണിനുള്ളിൽ ലഭിക്കുന്ന അധിക സ്ഥലം കൂടുതൽ ശേഷിയുള്ള ബാറ്ററി ഉൾപ്പെടുത്താൻ ആപ്പിളിനെ സഹായിക്കുന്നതായാണ് വിലയിരുത്തൽ. ഇതേ കാരണം കൊണ്ടുതന്നെ ഇസിം പതിപ്പിന് കൂടുതൽ ബാറ്ററി ശേഷി ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ഐഫോൺ 18 പ്രോ മോഡലിലും ചെറിയ ബാറ്ററി വർധനവ് പ്രതീക്ഷിക്കുന്നുണ്ട്. ഫിസിക്കൽ സിം പതിപ്പിൽ 4,056mAh ബാറ്ററിയും ഇസിം പതിപ്പിൽ 4,288mAh ബാറ്ററിയും ലഭിക്കുമെന്നാണ് നേരത്തെ പുറത്തുവന്ന വിവരങ്ങൾ. താരതമ്യപ്പെടുത്തുമ്പോൾ, നിലവിലെ ഐഫോൺ 17 പ്രോയുടെ ഫിസിക്കൽ സിം പതിപ്പിൽ 3,998mAh ബാറ്ററിയും ഇസിം പതിപ്പിൽ 4,252mAh ബാറ്ററിയുമാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ.
ബാറ്ററിയിലെ ഈ വർധനവിനൊപ്പം ആപ്പിളിന്റെ പുതിയ A20 പ്രോ പ്രോസസറും ഐഫോൺ 18 പ്രോ മാക്‌സിൽ അവതരിപ്പിക്കുമെന്നാണ് സൂചന. 2 നാനോമീറ്റർ നിർമ്മാണ സാങ്കേതികവിദ്യയിൽ വികസിപ്പിച്ചിരിക്കുന്നതായി കരുതുന്ന ഈ ചിപ്പ് മുൻതലമുറകളെ അപേക്ഷിച്ച് കൂടുതൽ വൈദ്യുതി കാര്യക്ഷമത നൽകുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ ഫോണിന്റെ ബാറ്ററി ബാക്കപ്പ് കൂടുതൽ മെച്ചപ്പെടാൻ സാധ്യതയുണ്ടെങ്കിലും അന്തിമ പ്രകടനം സോഫ്റ്റ്‌വെയർ ഒപ്റ്റിമൈസേഷനും ഡിസ്പ്ലേയുടെ വൈദ്യുതി ഉപയോഗവും ഉൾപ്പെടെയുള്ള ഘടകങ്ങളെ ആശ്രയിച്ചായിരിക്കും.
അതേസമയം, ബാറ്ററി ശേഷിയുടെ കാര്യത്തിൽ ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പ് ഫോണുകളും മുന്നേറുകയാണ്. സാംസങ്, ഷവോമി, ഓപ്പോ, വൺപ്ലസ് തുടങ്ങിയ കമ്പനികൾ ഇതിനകം തന്നെ കൂടുതൽ ശേഷിയുള്ള ബാറ്ററികളുമായി പുതിയ മോഡലുകൾ വിപണിയിലെത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബാറ്ററി പ്രകടനം കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആപ്പിളും ഐഫോൺ 18 സീരീസിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവരുന്നതെന്നാണ് വിലയിരുത്തൽ.
ആപ്പിൾ പതിവ് പോലെ 2026 സെപ്റ്റംബറിൽ ഐഫോൺ 18 സീരീസ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ പുറത്തുവരുന്ന എല്ലാ വിവരങ്ങളും ചോർന്ന റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കമ്പനി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ലെന്നും ശ്രദ്ധിക്കേണ്ടതാണ്.
