ഐക്യുവിന്‍റെ പുതിയ സ്‍മാർട്ട്ഫോണായ ഐക്യു ഇസഡ്‌11, 9,020 എംഎഎച്ച് എന്ന ഭീമൻ ബാറ്ററിയുമായി മാർച്ച് 26-ന് ചൈനയിൽ അവതരിപ്പിക്കും. 165 ഹെര്‍ട്‌സ് ഡിസ്പ്ലേ, മീഡിയാടെക്ക് ഡൈമൻസിറ്റി 8500 ചിപ്‌സെറ്റ് എന്നിവയാണ് മറ്റ് പ്രധാന ആകർഷണങ്ങൾ. ഇതിനൊപ്പം ഇന്ത്യയിൽ ലഭ്യമായ ഐക്യു ഇസഡ്‌11എക്‌സ് മോഡലിന്റെ വിവരങ്ങളും നൽകുന്നു.

ഐക്യുവിന്‍റെ പുതിയ ഇസഡ്‌-സീരീസ് സ്‍മാർട്ട്ഫോണായ ഐക്യു ഇസഡ്‌11 മാർച്ച് 26-ന് ചൈനയിൽ ഔദ്യോഗികമായി അവതരിപ്പിക്കപ്പെടും. ഇതിനൊപ്പം ഐക്യു ഇസഡ്‌11എക്‌സ് മോഡലും ലോഞ്ച് ചെയ്യും. ഈ മോഡൽ ഇന്ത്യയിൽ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. 165 ഹെര്‍ട്‌സ് ഹൈ റിഫ്രെഷ്-റേറ്റ് ഡിസ്പ്ലേയും 9,020 എംഎഎച്ച് എന്ന വമ്പൻ ബാറ്ററിയുമാണ് iQOO Z11-ന്‍റെ പ്രധാന ആകർഷണങ്ങൾ. ഐക്യു ഇതുവരെ പുറത്തിറക്കിയ സ്‌മാര്‍ട്ട്‌ഫോണുകളിൽ ഏറ്റവും വലിയ ബാറ്ററിയാണിത്.

ഐക്യു ഇസഡ്‌11 സവിശേഷതകളും ഫീച്ചറുകളും

വെയിബോ പോസ്റ്റിലൂടെ ഐക്യു സ്ഥിരീകരിച്ച വിവരങ്ങൾ അനുസരിച്ച്, ഇസഡ്‌11 കറുപ്പ്, നീല, വെള്ള എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. അടുത്തിടെ ഗീക്ക് ബെഞ്ചിൽ V2551A എന്ന മോഡൽ നമ്പറോടെ ഈ ഫോൺ കണ്ടെത്തപ്പെട്ടിരുന്നു. മീഡിയാടെക്ക് ഡൈമൻസിറ്റി 8500 ചിപ്‌സെറ്റും പരമാവധി 16 ജിബി റാമും ഐക്യു ഇസഡ്‌11 ഫോണില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നാണ് സൂചന. ബെഞ്ച്മാർക്ക് ടെസ്റ്റുകളിൽ ഇത് സിംഗിൾ-കോർ സ്കോറിൽ 1,717 പോയിന്‍റും മൾട്ടി-കോർ സ്കോറിൽ 6,795 പോയിന്‍റും നേടി.

ഐക്യു ഇസഡ്‌11-ൽ 6.83 ഇഞ്ച് 1.5കെ ഒഎൽഇഡി ഡിസ്പ്ലേ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ 512 ജിബി വരെ സ്റ്റോറേജ് ഓപ്ഷനും 90 വാട്‌സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഉണ്ടാകാൻ സാധ്യതയുണ്ട്. വിലയുടെ കാര്യത്തിൽ ചൈനയിൽ ഇത് ഏകദേശം സിഎൻവൈ 2,000 മുതൽ സിഎൻവൈ 3,000 വരെ (ഏകദേശം 27,122 രൂപ മുതൽ 40,680 രൂപ വരെ) ആയിരിക്കുമെന്ന് കരുതപ്പെടുന്നു.

ഐക്യു ഇസഡ്‌11എക്‌സ്

ഇന്ത്യയിൽ മുമ്പ് പുറത്തിറങ്ങിയ ഐക്യു ഇസഡ്‌11എക്‌സ് മോഡലിൽ 6.76 ഇഞ്ച് ഫുൾ-എച്ച്‍ഡി+ എൽസിഡി ഡിസ്പ്ലേയും 120 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റും ലഭ്യമാണ്. മീഡിയാടെക്ക് ഡൈമൻസിറ്റി 7400 ടർബോ എസ്‌ഒസി ആണ് ഇതിന് കരുത്ത് പകരുന്നത്. 8 ജിബി റാം വരെയും 256 ജിബി വരെ സ്റ്റോറേജും ഇതിൽ ലഭ്യമാണ്. ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയ ഒറിജിൻ ഒഎസ് 6 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 7,200 എംഎഎച്ച് ബാറ്ററിയും 44 വാട്‌സ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഇതിന്റെ പ്രത്യേകതകളാണ്. ക്യാമറ വിഭാഗത്തിൽ 50-മെഗാപിക്‌സൽ പ്രൈമറി സെൻസറും 2-മെഗാപിക്‌സൽ സെക്കൻഡറി ലെൻസും ഉൾപ്പെടുന്നു. മുൻവശത്ത് 32-മെഗാപിക്‌സൽ സെൽഫി ക്യാമറയും ലഭ്യമാണ്.

വെള്ളം, പൊടി എന്നിവയ്ക്കെതിരെ സുരക്ഷ നൽകുന്ന ഐപി68, ഐപി69+ റേറ്റിംഗുകളും ഈ ഫോണിനുണ്ട്. ചൈനീസ് വേരിയന്റിൽ കറുപ്പ്, പച്ച നിറങ്ങൾക്ക് പുറമെ പുതിയ വെള്ള നിറവും അവതരിപ്പിച്ചിരിക്കുന്നു. ഐക്യു ഇസഡ്11 ഇന്ത്യയിൽ എപ്പോൾ എത്തുമെന്നതിനെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming